ആനവേട്ട: രണ്ടുപേര്‍ കൂടി പിടിയില്‍
Monday, August 3, 2015 12:18 AM IST
കോതമംഗലം: ആനവേട്ട നടത്തിയ സംഘത്തിലെ രണ്ടു പേര്‍ കൂടി പിടിയിലായി. ആനവേട്ട നടത്തിയയാളും ഇയാള്‍ക്ക് തോക്ക് എത്തിച്ചുകൊടുത്തയാളുമാണ് ഇന്നലെ പിടിയിലായത്.

കോതമംഗലം കോഴിപ്പിള്ളിയില്‍ വാടകയ്ക്കു താമസിക്കുന്ന മാമലക്കണ്ടം റോഡില്‍ പഴമ്പിള്ളിച്ചാല്‍ കമ്പിലൈന്‍ ഭാഗത്തുള്ള സജിയെ ഞായറാഴ്ച പുലര്‍ച്ചെയാണു പിടിയിലായത്. സജിയില്‍ നിന്ന് ആനവേട്ടയ്ക്ക് ഉപയോഗിച്ച തോക്കും കസ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്കൊപ്പം പഴമ്പിള്ളിച്ചാല്‍ കുറ്റിക്കാട്ട് ഫിലിപ്പും പിടിയിലായി. തോക്കെത്തിച്ച് കൊടുത്തത് ഫിലിപ്പാണെന്നാണു സൂചന. ഇരുവരേയും അടിമാലി റേഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്.


മലയാറ്റൂര്‍ ഡിവിഷനു പുറമെ മൂന്നാര്‍, വാഴച്ചാല്‍ ഡിവിഷനിലും വന്‍ ആനവേട്ട നടന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

കോതമംഗലത്തെ ആനവേട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് കൂടുതല്‍ ആനവേട്ട സംഘങ്ങളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. മൂന്നാര്‍ ഡിവിഷനിലെ അടിമാലി റേഞ്ച് പരിധിയില്‍ അഞ്ച് ആനകളെ സംഘം കൊന്നു കൊമ്പ് കച്ചവടം ചെയ്തതായാണു റിപ്പോര്‍ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.