ഒരു ചടങ്ങിലും നിലവിളക്ക് കത്തിക്കില്ല: മന്ത്രി അബ്ദുറബ്
ഒരു ചടങ്ങിലും നിലവിളക്ക് കത്തിക്കില്ല: മന്ത്രി അബ്ദുറബ്
Monday, August 3, 2015 12:19 AM IST
കോഴിക്കോട്: പൊതുചടങ്ങുകളില്‍ നിലവിളക്ക് കത്തിക്കില്ലെന്ന കാര്യത്തില്‍ ഉറച്ചു വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്. പാര്‍ട്ടിയിലെ മുന്‍ഗാമികള്‍ സ്വീകരിച്ച നിലപാടാണിതെന്നും താനും അതേ പാതയാണു പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവിളക്ക് വിവാദം തനിക്ക് ഒരു തരത്തിലും ക്ഷീണമുണ്ടാക്കിയിട്ടില്ല. താന്‍ കാരണം പാര്‍ട്ടി പ്രതിരോധത്തിലായിട്ടില്ല. താന്‍ ഒറ്റപ്പെട്ടതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നടന്‍ മമ്മൂട്ടി പങ്കെടുത്ത പൊതുപരിപാടിയില്‍ മന്ത്രി നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ചതോടെയാണു വിവാദമുണ്ടായത്.


നിലവിളക്ക് കത്തിക്കുന്നതുമായി ബന്ധപ്പെട്ടു വ്യത്യസ്ത നിലപാടാണു മന്ത്രി ഡോ.എം.കെ. മുനീറും കെ.എം. ഷാജി എംഎല്‍എയും സ്വീകരിച്ചിരുന്നത്. കെ.എം. ഷാജി നിയമസഭയില്‍ നടത്തിയ അഭിപ്രായ പ്രകടനം കൂടുതല്‍ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കി. നിലവിളക്ക് കത്തിക്കുന്നതും കത്തിക്കാത്തതും ഓരോരുത്തരുടെയും വ്യക്തിപരമായ അഭിപ്രായമാണെന്നും ഇതില്‍ ലീഗ് തീരുമാനം എടുത്തിട്ടില്ലെന്നുമാണു മുനീര്‍ പ്രതികരിച്ചത്. എന്നാല്‍, വിവാദം കൊഴുത്തതോടെ വിഷയത്തില്‍ പരസ്യപ്രസ്താവന ലീഗ് നേതൃത്വം വിലക്കിയിരുന്നു. നിലവിളക്ക് കൊളുത്തുന്നത് അനിസ്ലാമികമാണെന്നു കഴിഞ്ഞയാഴ്ച സമസ്ത നിലപാടു വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.