സര്‍ക്കാര്‍ അഭിഭാഷകരെ പിന്തുണച്ചു മുഖ്യമന്ത്രി
സര്‍ക്കാര്‍ അഭിഭാഷകരെ പിന്തുണച്ചു മുഖ്യമന്ത്രി
Monday, August 3, 2015 11:59 PM IST
സ്വന്തം ലേഖകന്‍

കൊച്ചി: സര്‍ക്കാര്‍ അഭിഭാഷകര്‍ക്കു തുറന്ന പിന്തുണ പ്രഖ്യാപിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത സര്‍ക്കാര്‍ അഭിഭാഷകരുടെ യോഗത്തിലാണു മുഖ്യമന്ത്രി പിന്തുണ വ്യക്തമാക്കിയത്. അഡ്വക്കറ്റ് ജനറല്‍ ഓഫീസിനെതിരേ ഹൈക്കോടതി ബഞ്ചില്‍നിന്നുണ്ടായ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണു കൊച്ചിയില്‍ മുഖ്യമന്ത്രി സര്‍ക്കാര്‍ അഭിഭാഷകരുടെ യോഗം വിളിച്ചുചേര്‍ത്തത്.

അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ് സര്‍ക്കാര്‍ കേസുകള്‍ കാര്യക്ഷമമായി നടത്തുന്നില്ലെന്നായിരുന്നു ഹൈക്കോടതി ജഡ്ജി ജസ്റീസ് അലക്സാണ്ടര്‍ തോമസ് വിമര്‍ശിച്ചത്. ജുഡീഷറിയും സര്‍ക്കാരും തമ്മില്‍ ഒരു വിധത്തിലുള്ള അഭിപ്രായവ്യത്യാസവും ഉണ്ടാകാന്‍ പാടില്ലെന്നു മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

എറണാകുളം ബോള്‍ഗാട്ടി പാലസ് ഹോട്ടലിലാണു യോഗം ചേര്‍ന്നത്. ജുഡീഷറിയുടെ വിമര്‍ശനത്തില്‍ എന്തെങ്കിലും യാഥാര്‍ഥ്യമുണ്െടങ്കില്‍ തിരുത്താന്‍ തയാറാകണമെന്നു മുഖ്യമന്ത്രി അഭിഭാഷകരോട് ആവശ്യപ്പെട്ടു. വിമര്‍ശനം തെറ്റാണെങ്കില്‍ അതിന്റെ വാസ്തവം ജുഡീഷറിയെ ബോധ്യപ്പെടുത്തണം. ജുഡീഷറിയുടെ ശക്തിയും സത്പേരും നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. ഓരോരുത്തരും അവരവര്‍ വഹിക്കുന്ന സ്ഥാനത്തോടു നീതി പുലര്‍ത്തണം.

ഇപ്പോഴുണ്ടായ വിമര്‍ശനത്തിന്റെ പേരില്‍ ആരും അസ്വസ്ഥരാകുകയോ ബുദ്ധിമുട്ടു പ്രകടിപ്പിക്കുകയോ ചെയ്യേണ്ടതില്ല. മനംമടുക്കാതെ ഇതൊരു വെല്ലുവിളിയായി സ്വീകരിച്ചു മുന്നോട്ടുപോകണം. തങ്ങള്‍ക്ക് അനുകൂലമായി വിധികള്‍ വരുമ്പോള്‍ അതിനെ സ്വീകരിക്കുകയും പ്രതികൂലമാണെങ്കില്‍ വിമര്‍ശിക്കുകയും ചെയ്യുന്ന പാരമ്പര്യം ചിലര്‍ക്കുണ്ട്. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ ജുഡീഷറിയെ ബഹുമാനിക്കുന്നു.

ജുഡീഷറിയുമായി ഒരു ഏറ്റുമുട്ടലിനു സര്‍ക്കാര്‍ തയാറല്ല. അതേസമയം, സര്‍ക്കാര്‍ അഭിഭാഷകരുടെ ആത്മാര്‍ഥതയെ ചോദ്യംചെയ്യുന്ന രീതിയില്‍ ചില വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിങ്ങളില്‍ സര്‍ക്കാരിനു പൂര്‍ണവിശ്വാസമാണെന്നാണ് അതിനുള്ള മറുപടി. ആ വിശ്വാസമുള്ളതു കൊണ്ടാണു പലരും മുമ്പ് ചെയ്തിരുന്നതു പോലെ പുറത്തുനിന്ന് അഭിഭാഷകരെ വലിയ പണം കൊടുത്തു കൊണ്ടു വന്നു കേസുകള്‍ വാദിക്കാതിരുന്നത്. അഭിഭാഷകരുടെ സത്യസന്ധതയെ ചോദ്യംചെയ്ത് അവരെ നിയമിച്ചത് ആരാണെന്നു ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. അവരെ ഞാനും നിയമമന്ത്രിയും ചേര്‍ന്നാണു നിയമിച്ചത്. ഞങ്ങള്‍ അബ്കാരികളാണെങ്കില്‍ അവരും അബ്കാരികളാകാമെന്നും ഹൈക്കോടതി ജഡ്ജിയുടെ വിമര്‍ശനത്തിനു മുഖ്യമന്ത്രി മറുപടി നല്‍കി.


പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വിദേശ നാവികര്‍ വെടിവച്ചു കൊന്ന കേസില്‍ തങ്ങള്‍ക്ക് ഇന്ത്യന്‍ നിയമം ബാധകമല്ലെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. ഇന്ത്യന്‍ നിയമത്തിന്റെ മുന്നില്‍ അവര്‍ വരണമെന്നു സര്‍ക്കാരിനു നിര്‍ബന്ധമുണ്ടായിരുന്നു. അതനുസരിച്ചാണു ഹൈക്കോടതിയില്‍ കേസ് വാദിച്ചത്. അവര്‍ക്കുവേണ്ടി പല അഭിഭാഷകരും പുറത്തുനിന്നു വന്നു. പക്ഷേ, സുപ്രീംകോടതി വരെ നിങ്ങളുടെ നിലപാടു ശരിവച്ചു. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ കോടതിയില്‍നിന്ന് അംഗീകാരം നേടിയെടുക്കേണ്ട സന്ദര്‍ഭങ്ങളുണ്ടാകും. മദ്യനയത്തിനു നിങ്ങള്‍ അംഗീകാരം വാങ്ങിത്തന്നത് അതിലൊന്നാണ്. ചോദ്യം ചെയ്യാന്‍ ആളില്ലാതാകുന്നത് അപകടകരമാണ്. അതുകൊണ്ടു വിമര്‍ശനങ്ങളെ തെറ്റായി കാണരുത്.

നിങ്ങള്‍ വാദിച്ച കേസുകള്‍ പലതും ജയിച്ചിട്ടില്ലെന്നു ചിലര്‍ വിമര്‍ശിച്ചിരുന്നു. അതു ശരിയാണ്. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ കോടതിയുടെ നിരീക്ഷണത്തിനു വിധേയമാണ്. തെറ്റും പോരായ്മയുമുണ്െടങ്കില്‍ തിരുത്തുന്നതില്‍ ഒരു കുഴപ്പവുമില്ല. നീതി എല്ലാവര്‍ക്കും ലഭ്യമാകണം. സര്‍ക്കാരിന്റെ മുമ്പില്‍ വരുന്ന നിയമോപദേശങ്ങളുടെ ഭാഗമായി ചില കേസുകള്‍ പിന്‍വലിക്കാറുണ്ട്. അതു കോടതിക്കു ബോധ്യപ്പെട്ടില്ലെങ്കില്‍ അതുപോലെ നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജുഡീഷറിയെ ബഹുമാനിക്കണമെന്നും കുറ്റവും കുറവുമുണ്െടങ്കില്‍ പരസ്പരം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ധന-നിയമ മന്ത്രി കെ.എം. മാണി പറഞ്ഞു. മുഖ്യമന്തിക്കു നിങ്ങളില്‍ വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.ആസഫലി, ലോ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കെ.ഇ. ജലീല്‍, എഡിജിപിമാരായ കെ.ഐ. അബ്ദുള്‍ റഷീദ്, ടോം ജോസ് പടിഞ്ഞാറേക്കര, സ്റേറ്റ് അറ്റോര്‍ണി പി. വിജയരാഘവന്‍ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.