വായ്പ പിരിച്ചെടുക്കാന്‍ കുത്തകകളെ ഏല്‍പ്പിച്ചതു പിന്‍വലിക്കണം: ജോസ് കെ. മാണി
വായ്പ പിരിച്ചെടുക്കാന്‍ കുത്തകകളെ ഏല്‍പ്പിച്ചതു പിന്‍വലിക്കണം: ജോസ് കെ. മാണി
Monday, August 3, 2015 12:23 AM IST
കോട്ടയം: വിദ്യാഭ്യാസ വായ്പ പിരിച്ചെടുക്കാന്‍ പൊതുമേഖല ബാങ്കായ എസ്ബിടി കുത്തകകള്‍ക്കു കൈമാറിയ നടപടി അടിയന്തരമായി പിന്‍വലിക്കണമെന്നു ജോസ് കെ. മാണി എംപി കേന്ദ്ര ധനമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഒരു പൊതുമേഖല സ്ഥാപനം ജനഹിതത്തിനെതിരേ പ്രവര്‍ത്തിച്ചതു മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ്.

വായ്പ പിരിച്ചെടുക്കുന്നതിനു റിലയന്‍സ് പോലെയുള്ള കോര്‍പറേറ്റുകള്‍ മാനുഷിക പരിഗണനയോ സാമൂഹിക ഉത്തരവാദിത്വമോ ഉപഭോക്താക്കളോടു സൌഹാര്‍ദപരമായ സമീപനമോ സ്വീകരിക്കാറില്ലെന്നാണ് കണ്ടുവരുന്നത്. എസ്ബിടി പോലെയുള്ള ബാങ്കുകള്‍ക്കു സാധാരണ ജനങ്ങള്‍ക്കു ബാങ്കിംഗ് സേവനം ലഭ്യമാക്കുകയും സാമൂഹിക പുരോഗതിയില്‍ പങ്കാളികളാക്കുകയും ചെയ്യുക എന്ന കടമയാണു നിര്‍വഹിക്കാനുള്ളത്.


പാവപ്പെട്ടവരായ വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസം നേടാന്‍ സഹായിക്കുക എന്ന സാമൂഹ്യധര്‍മത്തെ സ്വയം നിരാകരിക്കുകയാണ്. 8,658 അക്കൌണ്ടുകളിലുള്ള വിദ്യാഭ്യാസ വായ്പയാണു റിലയന്‍സ് എസ്ബിടിയില്‍നിന്നു വാങ്ങിയിരിക്കുന്നത്.

എസ്ബിടിയുടെ ഇക്കാര്യത്തിലുള്ള നിലപാടു പൂര്‍ണമായും ജനവിരുദ്ധമാണ്. ആയതിനാല്‍ നടപടിയില്‍നിന്നു പിന്മാറാന്‍ എസ്ബിടിക്ക് അടിയന്തര നിര്‍ദേശം നല്‍കണമെന്നു ജോസ് കെ. മാണി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.