നെഹ്റു ട്രോഫി ജലമേള ഇനി രാത്രി വൈകില്ല
നെഹ്റു ട്രോഫി ജലമേള ഇനി രാത്രി വൈകില്ല
Tuesday, August 4, 2015 12:38 AM IST
സ്വന്തം ലേഖകന്‍

ആലപ്പുഴ: ഓളപ്പരപ്പിലെ ഒളിമ്പിക്സിനായി ആലപ്പുഴ പുന്നമടക്കായല്‍ ഒരുങ്ങി. എട്ടിനു നടക്കുന്ന 63-ാമതു നെഹ്റുട്രോഫി ജലോത്സവത്തില്‍ ഇത്തവണ 16 ചുണ്ടന്‍ വള്ളങ്ങളും 47 ചെറുവള്ളങ്ങളുമടക്കം 63 വള്ളങ്ങളാണു പങ്കെടുക്കുന്നത്. കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യാതിഥിയാകും. ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലീ യുഷെംഗ് പ്രത്യേക അതിഥിയായി എത്തും. മുഖ്യമന്ത്രി, മന്ത്രിമാര്‍, ന്യായാധിപന്‍മാര്‍ എന്നിവരെയും ക്ഷണിച്ചിട്ടുള്ളതായി എന്‍ടിബിആര്‍ ചെയര്‍മാനും ജില്ലാ കളക്ടറുമായ എന്‍. പദ്മകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 11 മുതല്‍ പ്രാഥമിക മത്സരം തുടങ്ങും. ഫൈനല്‍ ഉച്ചകഴിഞ്ഞു നടക്കും. വൈകുന്നേരം 4.30ഓടെ മത്സരം സമാപിക്കുന്ന രീതിയിലാണു പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

30,000ത്തോളം ടിക്കറ്റുകളാണു വില്‍ക്കുക. ടിക്കറ്റുകള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ മുഖേന വില്‍ക്കുന്നതിനായി ആലപ്പുഴയ്ക്കു പുറമെ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലെ 84 സര്‍ക്കാര്‍ ഓഫീസുകളിലേക്കു നല്കിയിട്ടുണ്ട്.


ടിക്കറ്റ് വില്പനയില്‍നിന്നും 50 ലക്ഷം രൂപയാണു സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഇതുവരെ എട്ടരലക്ഷം രൂപയുടെ ടിക്കറ്റുകള്‍ വിറ്റഴിച്ചിട്ടുണ്ട്. ഇത്തവണ ടിക്കറ്റ് വില്പന ഓണ്‍ലൈനിലൂടെ തുടങ്ങിയതിനാല്‍ ഇതുവരെ 157 ടിക്കറ്റുകള്‍ ഓണ്‍ലൈനായി വിറ്റഴിച്ചുകഴിഞ്ഞു. വള്ളംകളിയുടെ പ്രചാരണാര്‍ഥം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഇന്നുമുതല്‍ നെഹ്റുട്രോഫി പ്രദര്‍ശന പര്യടനം തുടങ്ങും. പര്യടനം വിവിധ ദിവസങ്ങളിലായി ആലപ്പുഴ, കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.