ആര്‍എസ്എസിന്റെ പോഷകസംഘടനയാകാന്‍ എസ്എന്‍ഡിപി ശ്രമിക്കുന്നു: കോടിയേരി
ആര്‍എസ്എസിന്റെ പോഷകസംഘടനയാകാന്‍ എസ്എന്‍ഡിപി ശ്രമിക്കുന്നു: കോടിയേരി
Tuesday, August 4, 2015 12:45 AM IST
കണ്ണൂര്‍: ആര്‍എസ്എസിനെ സഹായിക്കാനുള്ള എസ്എന്‍ഡിപിയുടെ തീരുമാനം ഭാവിയില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ക്കു വഴിവയ്ക്കുമെന്നു സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെ പോഷകസംഘടനയായി മാറാനാണ് എസ്എന്‍ഡിപിയുടെ ശ്രമം. ഇതു ശ്രീനാരായണ ഗുരു മുന്നോട്ടുവച്ച ആശയങ്ങള്‍ക്ക് എതിരാണ്.

എസ്എന്‍ഡിപി നേതാക്കള്‍ പ്രധാനമന്ത്രിയുമായോ മറ്റു നേതാക്കളുമായോ ചര്‍ച്ച നടത്തുന്നത് അവരുടെ ആഭ്യന്തരകാര്യമാണ്. അവര്‍ക്ക് ആരുമായും ചര്‍ച്ച നടത്താം. എന്നാല്‍, എസ്എന്‍ഡിപിക്ക് ആര്‍എസ്എസ് ആകാനോ ആര്‍എസ്എസിന് എസ്എന്‍ഡിപിയാകാനോ പറ്റില്ല. ശ്രീനാരായണ ഭക്തര്‍ അത് അംഗീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ ഭൂ മാഫിയയുടെ കരവലയത്തിനുള്ളിലാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. 1977 ജനുവരി ഒന്നുവരെ ഭൂമി കൈവശം വച്ചവര്‍ക്കായിരുന്നു ഇതുവരെ പട്ടയം നല്‍കിയിരുന്നത്. ഇതിനു വിരുദ്ധമായി 2005 ജൂണ്‍ ഒന്നുവരെയുള്ള സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റങ്ങള്‍ക്കു നിയമസാധുത നല്‍കാമെന്നു റവന്യൂ വകുപ്പ് ലാന്‍ഡ് അസൈന്‍മെന്റ് ആക്ടില്‍ ഭേദഗതി വരുത്തുകയായിരുന്നു. അസാധാരണമായ ഈ ഗസ്റ് വിജ്ഞാപനം പുറത്തിറക്കിയതു ഭൂമാഫിയയെ സഹായിക്കാനാണെന്നു കോടിയേരി പറഞ്ഞു.


ലാന്‍ഡ് അസൈന്‍മെന്റ് ആക്ടില്‍ ഭേദഗതി വരുത്തുന്നതിനു മുമ്പ് പ്രതിപക്ഷവുമായും സര്‍വകക്ഷിതലത്തിലും ചര്‍ച്ച നടത്തണം. നിയമസഭയില്‍ പോലും ഒന്നും പറയാതെ സഭ കഴിഞ്ഞ ഉടന്‍ ഇത്തരം വിജ്ഞാപനവുമായി രംഗത്തെത്തിയതു ദുരൂഹമാണ്. വലിയതോതില്‍ വനഭൂമി അന്യാധീനപ്പെടാന്‍ ഇതുവഴിവയ്ക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കണം. ചട്ടം ഭേദഗതിചെയ്യുമ്പോള്‍ 90 ദിവസംമുമ്പ് ഇക്കാര്യം സഭയെ അറിയിക്കണം. ഏത് ഭൂമിയാണു പതിച്ചുനല്‍കാന്‍ പോകുന്നതെന്ന കാര്യവും സര്‍ക്കാര്‍ വ്യക്തമാക്കണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.