പിഎസ്സിയും ധനവകുപ്പും തമ്മില്‍ തര്‍ക്കം മുറുകുന്നു
പിഎസ്സിയും ധനവകുപ്പും തമ്മില്‍ തര്‍ക്കം മുറുകുന്നു
Tuesday, August 4, 2015 12:28 AM IST
തിരുവനന്തപുരം: കേരള പബ്ളിക് സര്‍വീസ് കമ്മീഷനും ധനവകുപ്പും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. ഈ വര്‍ഷത്തെ ഫണ്ട് വിനിയോഗം സംബന്ധിച്ച ഫയലുകള്‍ പരിശോധിക്കുന്നതിന് ഇന്നലെ രാവിലെ പത്തേമുക്കാലോടെ പിഎസ്സി ആസ്ഥാനത്തെത്തിയ ധനകാര്യ പരിശോധനാ വിഭാഗം ഉദ്യോഗസ്ഥരെ പിഎസ്സി സെക്രട്ടറി തിരിച്ചയച്ചു. കമ്മീഷന്‍ യോഗം നടക്കുന്നതിനിടെയായിരുന്നു സംഭവം.

കമ്മീഷന്‍ യോഗം 10.30നു തുടങ്ങിയതിനു ശേഷമാണ് ധനകാര്യപരിശോധനാ വിഭാഗം ഉദ്യോഗസ്ഥര്‍ പിഎസ്സി ആസ്ഥാനത്തെത്തിയത്. ചെയര്‍മാന്റെയും കമ്മീഷന്റെയും അനുമതിയില്ലാതെ പരിശോധന നടത്താന്‍ അനുവദിക്കില്ലെന്ന് പിഎസ്സി സെക്രട്ടറി വ്യക്തമാക്കി. പിഎസ്സിയുടെ നിലപാട് രേഖാമൂലം പരിശോധനാ വിഭാഗത്തെ അറിയിക്കുമെന്നും സെക്രട്ടറി ഉദ്യോഗസ്ഥരെ അറിയിച്ചു. 20 മിനിറ്റ് നീണ്ട സംഭാഷണത്തിനൊടുവില്‍ ധനവിഭാഗം ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോകുകയായിരുന്നു.

ഭരണഘടനാ സ്ഥാപനമായ പിഎസ്സിയില്‍ പരിശോധന നടത്താന്‍ ധനവകുപ്പ് ഉദ്യോഗസ്ഥരെ അനുവദിക്കേണ്െടന്ന പൊതുനിലപാടാണ് കമ്മീഷനിലെ എല്ലാ അംഗങ്ങള്‍ക്കുമുള്ളത്. ഇതു തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്നാണു വിലയിരുത്തല്‍. അഡ്വക്കറ്റ് ജനറല്‍ ഓഫീസിനല്ലാതെ ഇത്തരം പരിശോധന നടത്താനാവില്ലെന്നും കമ്മീഷന്‍ വിലയിരുത്തുന്നു.

ധന വകുപ്പ് ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് പിഎസ്സി ചെയര്‍മാന്‍ ഡോ.കെ. എസ്. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഇന്നു മുഖ്യമന്ത്രിയെ നേരിട്ടു കാണുന്നതിന് ഇന്നലെ ചേര്‍ന്ന യോഗം തീരുമാനിച്ചു. പിഎസ്സിയിലെ സാഹചര്യം സംഘം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തും. പരീക്ഷയും ഇന്റര്‍വ്യൂവും മറ്റു പ്രവര്‍ത്തനങ്ങളും മുടങ്ങുമെന്നതിനാല്‍ എത്രയുംവേഗം ഇക്കാര്യത്തില്‍ പ്രശ്നപരിഹാരമുണ്ടാക്കണമെന്നും സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെടും.

ഫണ്ട് വിനിയോഗത്തെക്കുറിച്ചു പരിശോധിക്കാന്‍ കമ്മീഷന്‍ നിയോഗിച്ച ലോപ്പസ് മാത്യു അധ്യക്ഷനായ മൂന്നംഗ ഉപസമിതി ഇന്ന് ചെയര്‍മാനു റിപ്പോര്‍ട്ട് നല്‍കും. ഈ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്നു പിഎസ്സി ആസ്ഥാനത്തു ചേരുന്ന പ്രത്യേക കമ്മീഷന്‍ യോഗം ചര്‍ച്ച ചെയ്യും.


ധനവകുപ്പിന്റെ നിയന്ത്രണം കമ്മീഷന്റെ ദൈനംദിനപ്രവര്‍ത്തനത്തെ ബാധിക്കുന്നതായി ഇന്നലെ ചേര്‍ന്ന യോഗം വിലയിരുത്തി. പിഎസ്സിയുടെ സാമ്പത്തിക ആസൂത്രണത്തില്‍ പാളിച്ചയുണ്ടായതായും കമ്മീഷനില്‍ അഭിപ്രായമുണ്ടായി. ഫണ്ട് വകമാറ്റി ചെലവഴിച്ചതു ശരിയായില്ല. പദ്ധതി ഫണ്ടും പദ്ധതിയേതര ഫണ്ടും രണ്ടായി കാണണം. അതേസമയം പിഎസ്സിയില്‍ ധൂര്‍ത്തുണ്െടന്ന ആരോപണം കമ്മീഷന്‍ തള്ളി.

ഫണ്ട് ചെലവഴിക്കുന്നതിന്റെ കണക്കുകള്‍ കീഴ്വഴക്കമനുസരിച്ച് കമ്മീഷനില്‍ വരാറില്ല. ഭരണവിഭാഗമാണ് ഇതു കൈകാര്യം ചെയ്യുന്നത്. മറ്റു വകുപ്പുകളിലുള്ളതുപോലെ പിഎസ്സിയിലെ സാമ്പത്തിക വിനിയോഗം അവലോകനം ചെയ്യുന്നതിന് പ്രത്യേക സംവിധാനമില്ല. അതിനാല്‍ പിഎസ്സിയിലെ സാമ്പത്തിക വിനിയോഗം നിരീക്ഷിക്കുന്നതിന് സാമ്പത്തിക വിദഗ്ധരെ ഉള്‍പ്പെടുത്തി ഉദ്യോഗസ്ഥതല സ്ഥിരംസമിതി വേണമെന്ന ആവശ്യവും യോഗത്തിലുണ്ടായി. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊണ്ടില്ല.

പിഎസ്സിയിലെ യഥാര്‍ഥ ചെലവുകള്‍ സംബന്ധിച്ചും ആവശ്യകത സംബന്ധിച്ചും വ്യക്തമായ വിശദാംശങ്ങള്‍ അതാതു സമയത്തു ധന വകുപ്പിനെ അറിയിച്ചിരുന്നുവെങ്കില്‍ ഇപ്പോഴുണ്ടായ ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നുവെന്നും ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഇന്നു ചേരുന്ന കമ്മീഷന്‍ യോഗത്തില്‍ സാമ്പത്തികസ്ഥിതി സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യാമെന്ന ധാരണയിലാണ് കമ്മീഷന്‍ യോഗം അവസാനിച്ചത്.

ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സഹിതമായിരിക്കും അഞ്ചംഗ സംഘം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.