യുഡിഎഫ് സര്‍ക്കാര്‍ ഇനിയും മെച്ചപ്പെടണമെന്നു ലീഗ്
യുഡിഎഫ് സര്‍ക്കാര്‍ ഇനിയും  മെച്ചപ്പെടണമെന്നു ലീഗ്
Tuesday, August 4, 2015 12:30 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്െടന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകസമിതി യോഗം വിലയിരുത്തിയെന്നു ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീ റും ദേശീയ ട്രഷറര്‍ പി.കെ. കുഞ്ഞാലിക്കുട്ടിയും.

വികസന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും ദുരിതമനുഭവിക്കുന്നവരുടെയും രോഗികളുടെയും രക്ഷയ്ക്കും തുല്യതയില്ലാത്ത നന്മകള്‍ ചെയ്ത സര്‍ക്കാരാണെങ്കിലും ഇതൊന്നും വേണ്ടത്ര ജനങ്ങള്‍ക്കിടയില്‍ എത്തിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഇരുവരും പത്രസമ്മേളനത്തില്‍ പറഞ്ഞു.

ആറു പ്രമേയങ്ങളാണ് ഇന്നലെ കൊച്ചി ബോള്‍ഗാട്ടി ഹോട്ടലില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ അവതരിപ്പിച്ചത്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം പ്രമേയത്തിലുണ്ട്.

ചില സമുദായനേതാക്കളും വര്‍ഗീയത ഉപയോഗിച്ചു രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണ്. മോദിയുടെ നേതൃത്വത്തില്‍ വര്‍ഗീയ- ഫാസിസ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനെത്തുടര്‍ന്നുണ്ടായ വര്‍ഗീയ ധ്രുവീകരണം കേരളത്തിലേക്കും പടരുകയാണെന്നു യോഗം വിലയിരുത്തി. മതേതരകക്ഷികള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്ന ഭിന്നതയും അനൈക്യവും മുതലെടുക്കാന്‍ ബിജെപിക്കു കഴിഞ്ഞു. ഇത്തരമൊരു സാഹചര്യത്തെ മുസ്ലിം ലീഗ് അതീവ ആശങ്കയോടെയാണു കാണുന്നത്. മുസ്ലിം ലീഗ് മതേതര ജനാധിപത്യകക്ഷിയാണെന്നും പ്രവര്‍ത്തക സമിതി റിപ്പോര്‍ട്ടിലുണ്ട്.


കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണം തികഞ്ഞ പരാജയമാണ്. യുപിഎ സര്‍ക്കാര്‍ ആവിഷ്കരിച്ച ഭക്ഷ്യസുരക്ഷാ നിയമവും തൊഴിലുറപ്പു പദ്ധതിയും ഇല്ലാതാക്കാനാണു ശ്രമം. പിന്നോക്ക ജാതി വിഭാഗങ്ങളുടെ സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസ് വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടുന്നില്ല.

അതേസമയം, നിലവിളക്കു തര്‍ക്കം പ്രവര്‍ത്തകസമിതിയില്‍ ചര്‍ച്ച ചെയ്തില്ലെന്നു നേതാക്കള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നേതാക്കള്‍ക്കിടയില്‍ അഭിപ്രായവൈരുധ്യമില്ല. ഒരു മുസ്ലിം ലീഗ് നേതാവും ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായം പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പുതിയ നിലപാടിന്റെ ആവശ്യവുമില്ല. 'ചോദ്യങ്ങള്‍ ചോദിച്ചു വാര്‍ത്തയുണ്ടാക്കി ഞങ്ങളെ വെടക്കാക്കാന്‍ നോക്കണ്ട' എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഇതു സംബന്ധിച്ച മറുപടി.

യുഡിഎഫ് സര്‍ക്കാരിനെതിരേ ഉയര്‍ന്ന അഴിമതിയാരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമായതിനാല്‍ അതും പ്രവര്‍ത്തകസമിതി ചര്‍ച്ച ചെയ്തില്ലെന്നു നേതാക്കള്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിലെ ചീഫ് എന്‍ജിനിയറെ ആഭ്യന്തര വകുപ്പ് സസ്പെന്‍ഡ് ചെയ്തതും കാര്യമായ പ്രശ്നമല്ല. ഒരു കൂട്ടുകക്ഷി മന്ത്രിസഭയാകുമ്പോള്‍ ചില പ്രശ്നങ്ങള്‍ സ്വാഭാവികമായും ഉണ്ടാകും; അതെല്ലാം ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.