വിദ്യാഭ്യാസവായ്പാ കുടിശിക: ഹര്‍ജി നല്‍കുമെന്നു ഡീന്‍ കുര്യാക്കോസ്
വിദ്യാഭ്യാസവായ്പാ കുടിശിക: ഹര്‍ജി നല്‍കുമെന്നു ഡീന്‍ കുര്യാക്കോസ്
Wednesday, August 5, 2015 12:42 AM IST
കോട്ടയം: വിദ്യാഭ്യാസവായ്പാ കുടിശിക പിരിക്കുന്നതിനു റിലയന്‍സ് അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ കരാര്‍ ഏര്‍പ്പെട്ട വിഷയത്തില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കുമെന്നു യൂത്ത്കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. സാധാരണക്കാരായ വായ്പയെടുത്തവരോടുള്ള നീതി നിഷേധമാണ് ഏകപക്ഷീയമായി കുത്തക കമ്പനിക്ക് ഗുണ്ടാപിരിവ് നടത്തുന്നതിനുള്ള അവസരം നല്‍കിയതിലൂടെ വന്നിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണു പൊതുതാത്പര്യഹര്‍ജിയെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

പരാതിക്കാരെ സഹകരിപ്പിച്ച് ജനകീയ പ്രക്ഷോഭത്തിന് യൂത്ത്കോണ്‍ഗ്രസ് നേതൃത്വം നല്‍കും. പൊതുമേഖലാ ബാങ്കുകള്‍ വായ്പ തിരിച്ചുപിടിക്കുന്നതിന് ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനത്തിനു കൂട്ടുനിന്നാല്‍ ബാങ്ക്ബഹിഷ്കരണ സമരവുമായി മുമ്പോട്ടുപോകും. റിലയന്‍സ് കമ്പനിയുടെ ഭാഗത്തുനിന്നും വായ്പ തിരിച്ചുപിടിക്കുന്നതിന് എവിടെയെങ്കിലും ശ്രമമുണ്ടായാല്‍ ജനകീയപ്രതിരോധം തീര്‍ത്തു പ്രക്ഷോഭത്തിന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കും. കോണ്‍ഗ്രസ് എംപിമാരെ ഏകപക്ഷീയമായി സസ്പെന്‍ഡുചെയ്ത ബിജെപി നിലപാടിനെതിരേ 140 നിയോജകമണ്ഡലകേന്ദ്രങ്ങളിലും നാളെ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്നും ഡീന്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.