പാറമടയിലെ കാറപകടം: ആത്മഹത്യയെന്നു പോലീസിന്റെ പ്രാഥമിക നിഗമനം
പാറമടയിലെ കാറപകടം: ആത്മഹത്യയെന്നു പോലീസിന്റെ പ്രാഥമിക നിഗമനം
Wednesday, August 5, 2015 12:28 AM IST
പിറവം: തിരുവാങ്കുളത്തിനടുത്ത് ശാസ്താംമുകളില്‍ പാറമടയിലെ വെള്ളക്കെട്ടിലേക്ക് കാര്‍ മറിഞ്ഞു ദമ്പതികളും രണ്ടു മക്കളും മരിച്ച സംഭവത്തെക്കുറിച്ചുള്ള ദുരൂഹതയുടെ ചുരുളഴിക്കാന്‍ പോലീസ് അന്വേഷണമാരംഭിച്ചു. പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യയാണെന്ന് പോലീസ് സൂചന നല്‍കുമ്പോള്‍, കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ഇതു തള്ളിക്കളയുകയാണ്.

ജല അഥോറിറ്റി അസിസ്റന്റ് എന്‍ജിനിയര്‍ തൊടുപുഴ മൈലക്കൊമ്പ് വട്ടവിളയില്‍ വീട്ടില്‍ വി.വി. വിജു (41), ഭാര്യ ഷീബ (36), മക്കളായ മീനാക്ഷി (മീനു-ഏഴ്), സൂര്യ (കിച്ചു-നാല്) എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടത്. എറണാകുളത്തു നിന്നു തൊടുപുഴയ്ക്കു പോകുമ്പോള്‍ കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ഇടതുവശത്തുകൂടെ സഞ്ചരിച്ച കാര്‍ വലത്തേക്കു തിരിഞ്ഞ് പാറമടയ്ക്കു സമീപമുള്ള ഇടവഴിയിലൂടെ 40 മീറ്ററോളം സഞ്ചരിച്ച ശേഷമാണ് ഇരുമ്പ്നെറ്റിന്റെ സുരക്ഷാവേലി തകര്‍ത്ത് വെള്ളക്കെട്ടിലേക്കു പതിച്ചതായി കണ്െടത്തിയത്.

പിറവം പോലീസ് സ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരിക്കുന്ന കാര്‍ വിശദമായി പരിശോധിച്ചെങ്കിലും മറ്റൊരു വാഹനമിടിച്ചതിന്റെ യാതൊരു സൂചനയുമില്ലെന്ന് കേസന്വേഷണത്തിനു നേതൃത്വം നല്‍കുന്ന സിഐ കെ. ജിനദേവന്‍ പറഞ്ഞു. നേരെ പോകേണ്ട വാ ഹനം എതിര്‍ദിശയിലേക്ക് തിരിഞ്ഞതാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഏറെ കുഴപ്പിക്കുന്നത്. ബ്രേക്ക് ചവിട്ടിയതിന്റെ അടയാളവും റോഡില്‍ കണ്െടത്താനായില്ല. പാറമടയുടെ സമീപ പ്രദേശങ്ങളും പോലീസ് വിശദമായി പരിശോധിച്ചിരുന്നു. അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടും മൃതദേഹങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലവും വരാന്‍ കാത്തിരിക്കുകയാണ് പോലീസ്. ഫോറന്‍സിക് പരിശോധന തിരുവനന്തപുരത്തെ ലാബിലും രാസപരിശോധന കാക്കനാടുള്ള ലാബിലുമാണ് നടത്തുന്നത്.


സാമ്പത്തിക പ്രശ്നങ്ങളൊന്നുമില്ലാത്ത വിജു ഒരിക്കലും ആത്മഹത്യക്ക് മുതിരില്ലെന്നാണ് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പറയുന്നത്. കുടുംബത്തിനൊപ്പം പലപ്പോഴും അവധി ദിവസങ്ങളില്‍ ഉല്ലാസയാത്രകള്‍ക്കു പോയിരുന്ന വിജുവിന് ഭാര്യയോടും മക്കളോടുമെല്ലാം അതിരറ്റ സ്നേഹമായിരുന്നു. ഞായറാഴ്ച രാത്രി 11.30ഓടെയാണ് അപകടം നടന്നതെന്നാണ് പോലീസ് കരുതുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.