ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേടില്ലെന്നു പിഎസ്സിയുടെ അവലോകനറിപ്പോര്‍ട്ട്
ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേടില്ലെന്നു പിഎസ്സിയുടെ അവലോകനറിപ്പോര്‍ട്ട്
Wednesday, August 5, 2015 12:32 AM IST
തിരുവനന്തപുരം: കേരള പബ്ളിക് സര്‍വീസ് കമ്മീഷന്റെ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേടുണ്ടായിട്ടില്ലെന്നു പിഎസ്സിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച അവലോകന സമിതിയുടെ റിപ്പോര്‍ട്ട്. ലോപ്പസ് മാത്യു അധ്യക്ഷനായ സമിതിയാണ് ഇന്നലെ റിപ്പോര്‍ട്ട് പിഎസ്സിക്കു സമര്‍പ്പിച്ചത്.

റിപ്പോര്‍ട്ട് പിഎസ്സി ആസ്ഥാനത്തു ചേര്‍ന്ന സമ്പൂര്‍ണ യോഗം വിശദമായി ചര്‍ച്ച ചെയ്ത് അംഗീകാരം നല്‍കി. പ്രേമരാജന്‍, അഡ്വ. ഷൈന്‍ എന്നിവര്‍ അംഗങ്ങളായ സമിതിയുടെ റിപ്പോര്‍ട്ടിലെ കണ്െടത്തലുകള്‍ ശരിയാണെന്ന നിഗമനത്തിലാണു കമ്മീഷന്‍ എത്തിച്ചേര്‍ന്നത്. പിഎസ്സിയുടെ കണക്കുകള്‍ ആധികാരികമായി പരിശോധിക്കുന്ന അക്കൌണ്ടന്റ് ജനറല്‍ 2014 ഒക്ടോബര്‍ 14 വരെയുള്ള കണക്കുകളാണ് ഓഡിറ്റ് ചെയ്തത്. എന്നാല്‍, എ ജി ഗുരുതരമായ യാതൊരു ക്രമക്കേടുകളും കണ്െടത്തിയിരുന്നില്ല. ഇതിനുശേഷം നടന്ന സാമ്പത്തിക ഇടപാടുകളില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും പിഎസ് സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, അക്കൌണ്ടന്റ് ജനറലിന്റെ പരിശോധനയില്‍ ഹെഡ്ഓഫ് അക്കൌണ്ടുകളില്‍ ചില അപാകതകള്‍ കണ്െടത്തിയിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഇക്കാര്യത്തില്‍ വിശദീകരണം ചോദിക്കും. പൊതുവില്‍ പിഎസ്സിയെ പൂര്‍ണമായും സംരക്ഷിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടായിരുന്നു ഉപസമിതിയുടേത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിഎസ്സിക്കെതിരായ ആരോപണങ്ങള്‍ കമ്മീഷന്‍ യോഗം തള്ളി.

ധനവകുപ്പ് ഏര്‍പ്പെടുത്തിയ സാമ്പത്തികനിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു പിഎസ്സി ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഇന്നു മുഖ്യമന്ത്രിയെ കാണും.


ഇന്നലെ മുഖ്യമന്ത്രിയെ കാണുന്നതിനാണു പിഎസ്സി ചെയര്‍മാന്‍ തീരുമാനിച്ചിരുന്നതെങ്കിലും മുഖ്യമന്ത്രി ഡല്‍ഹിയിലായിരുന്നതിനാല്‍ കാണാന്‍ സാധിച്ചിരുന്നില്ല. ഇന്നു രാവിലെ 7.30ന് ക്ളിഫ്ഹൌസിലായിരിക്കും കൂടിക്കാഴ്ച. സാമ്പത്തിക നിയന്ത്രണം തുടരുന്നത് പിഎസ്സി പരീക്ഷകള്‍ മുടങ്ങാനിടയാക്കുമെന്നു സംഘം മുഖ്യമന്ത്രിയെ അറിയിക്കും. ലോപ്പസ് മാത്യു അധ്യക്ഷനായ ഉപസമിതിയുടെ റിപ്പോര്‍ട്ടും കമ്മീഷന്റെ നിര്‍ദേശങ്ങളും മുഖ്യമന്ത്രിക്കു കൈമാറും.

പിഎസ്സിക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉയരുന്നതെന്ന് മുഖ്യമന്ത്രിയെ അറിയിക്കും. ഉദ്യോഗസ്ഥരംഗത്ത് എന്തെങ്കിലും വീഴ്ചയുണ്ടായെന്ന് കണ്െടത്തിയാല്‍ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും അല്ലാതെ ധനവകുപ്പിന്റെ പരിശോധന അനുവദിക്കില്ലെന്നും മുഖ്യമന്ത്രിയോട് സംഘം വ്യക്തമാക്കും. മുഖ്യമന്ത്രിയുടെ വിശദീകരണം ലഭിച്ചശേഷമാവും പിഎസ്സി ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക. പണം അനുവദിക്കാന്‍ ധനവകുപ്പ് തയാറായില്ലെങ്കില്‍ പരീക്ഷയും ഇന്റര്‍വ്യൂവും നടത്തില്ലെന്നാണ് കമ്മീഷന്റെ മുന്നറിയിപ്പ്.

ധനവകുപ്പിന്റെ നിയന്ത്രണം കമ്മീഷന്റെ ദൈനംദിനപ്രവര്‍ത്തനത്തെ ബാധിക്കുമെന്നും അടിയന്തരമായി പ്രശ്നപരിഹാരമുണ്ടാവണമെന്നുമുള്ള പൊതുവികാരമാണ് ഇന്നലെ ചേര്‍ന്ന യോഗത്തിലുണ്ടായത്. പിഎസ്സിയുടെ കണക്കുകള്‍ പരിശോധിക്കേണ്ടതു ധനവകുപ്പിന്റെ പരിശോധനാവിഭാഗമല്ലെന്നും അതിന് അക്കൌണ്ടന്റ് ജനറലുണ്െടന്നുമാണ് കമ്മീഷന്റെ ശക്തമായ നിലപാട്. ഈമാസം 17ന് ചേരുന്ന കമ്മീഷന്‍ യോഗം പിഎസ്സിയുടെ സാമ്പത്തികസ്ഥിതി വീണ്ടും വിശദമായി ചര്‍ച്ച ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.