കര്‍ക്കടകവും കനിഞ്ഞില്ല; കേരളം റിക്കാര്‍ഡ് മഴക്കുറവിലേക്ക്
Thursday, August 27, 2015 12:37 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഇടമുറിഞ്ഞ് ഇടവപ്പാതിയും മാനം കറുത്തിരുണ്ട് തിമിര്‍ത്തു പെയ്യാതെ കര്‍ക്കടകവും കടന്നു പോയപ്പോള്‍ കേരളം റിക്കാര്‍ഡ് മഴക്കുറവിലേക്കു നീങ്ങുന്നു.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അവസാനിക്കാന്‍ ഒരു മാസവും ഏതാനും ദിവസങ്ങളും ബാക്കി നില്‍ക്കുമ്പോള്‍ 31 ശതമാനം മഴക്കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. 175.07 സെന്റിമീറ്റര്‍ മഴ പെയ്യേണ്ടിടത്തു പെയ്തത് 120.8 സെന്റിമീറ്റര്‍ മാത്രം. സെപ്റ്റംബറിലെ വരാനിരിക്കുന്ന മഴക്കാലം പൊതുവെ ദുര്‍ബലമായതിനാല്‍ മഴക്കുറവ് സര്‍വകാല റിക്കാര്‍ഡിലേക്കു പോകാനിടയുണ്െടന്നാണു കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കാലവര്‍ഷത്തില്‍ ജൂണ്‍, ജൂലൈ മാസത്തില്‍ മഴയുടെ അളവില്‍ കുറവുണ്ടായാലും ഓഗസ്റില്‍ കാര്യമായ മഴ ലഭിച്ചിരുന്നു. ഇതാണ് ഇത്രയും കാലം മഴക്കുറവില്‍നിന്നു കേരളത്തെ രക്ഷിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 30.7 ശതമാനവും ജൂലൈയില്‍ 2.2 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തിയപ്പോള്‍, ഓഗസ്റില്‍ നൂറു ശതമാനത്തോളം അധിക മഴ ലഭിച്ചിരുന്നു. ഇതോടെയാണു ഗണ്യമായ മഴക്കുറവിനെ അതിജീവിച്ച് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ആറു ശതമാനം അധിക മഴ ലഭിക്കാനിടയായത്. കര്‍ക്കടകം കനിഞ്ഞാല്‍ ഇക്കുറിയും മഴക്കുറവില്‍നിന്നു കരകയറാമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ഇക്കുറി കര്‍ക്കടകം കറുത്തില്ല. ഇതോടെയാണ് കേരളം റിക്കാര്‍ഡ് മഴക്കുറവിലേക്കു നീങ്ങുകയാണെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീളുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലം, ഇക്കുറി ഒരു മാസം പിന്നിട്ടപ്പോള്‍ രേഖപ്പെടുത്തിയ മഴക്കുറവ് 31 ശതമാനമായിരുന്നു. ജൂലൈ മുതല്‍ ഓഗസ്റ് വരെ മഴയുടെ അളവില്‍ വര്‍ധനയുണ്ടായെങ്കിലും മഴക്കുറവ് ഉയര്‍ന്നു തന്നെയാണ്. ഓഗസ്റ് അവസാനിക്കാന്‍ അഞ്ചു ദിവസം ബാക്കിനില്‍ക്കെ ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്ന മഴക്കുറവും 31 ശതമാനം തന്നെ.


വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴക്കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്- 42 ശതമാനം. 234.62 സെന്റിമീറ്റര്‍ മഴയാണ് വയനാട്ടില്‍ ഇന്നലെ വരെ പെയ്യേണ്ടിയിരുന്നത്. എന്നാല്‍, പെയ്തത് 135.48 സെന്റിമീറ്ററാണ്. കോട്ടയത്തും കണ്ണൂരിലുമാണ് മഴക്കുറവ് ഏറ്റവും കുറഞ്ഞ അളവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്- 24 ശതമാനം വീതം. കണ്ണൂരില്‍ 239.24 സെന്റിമീറ്റര്‍ മഴ പെയ്യേണ്ടിടത്ത് 181.91 സെന്റിമീറ്ററാണ് പെയ്തത്. 158.08 സെന്റിമീറ്റര്‍ മഴ ലഭിക്കേണ്ട കോട്ടയത്ത് ഇന്നലെ വരെ കിട്ടിയത് 120.87 സെന്റിമീറ്ററാണ്. മറ്റു ജില്ലകളുടെ മഴക്കണക്ക് ചുവടെ.

ജില്ല, ഇന്നലെ വരെ ലഭിക്കേണ്ടിയിരുന്ന മഴ (സെന്റിമീറ്ററില്‍), ലഭിച്ച മഴ(സെന്റിമീറ്ററില്‍) എന്ന ക്രമത്തില്‍. ബ്രായ്ക്കറ്റില്‍ മഴക്കുറവ് ശതമാനം.

ആലപ്പുഴ 143.09, 89.81 (37). എറണാകുളം 172.66, 117.53 (32). ഇടുക്കി 191.23, 134.39(30). കാസര്‍ഗോഡ് 267.95, 174.25 (35). കൊല്ലം 107.69, 73.71 (32). കോഴിക്കോട് 230.69, 167.38 (27). മലപ്പുറം 180.65, 125.75 (30). പാലക്കാട് 136.04, 94.95 (30). പത്തനംതിട്ട 140.15, 82.41 (41). തിരുവനന്തപുരം 69.24, 48.93 (29). തൃശൂര്‍ 187.51, 135.52 (28).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.