റവ.ഡോ.ആന്റണി കരിയില്‍ മാണ്ഡ്യ രൂപത മെത്രാന്‍
റവ.ഡോ.ആന്റണി കരിയില്‍ മാണ്ഡ്യ രൂപത മെത്രാന്‍
Thursday, August 27, 2015 12:37 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: ബംഗളൂരു ഉള്‍പ്പെടെ ആറു ജില്ലകള്‍ കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ച, കര്‍ണാടകയിലെ മാണ്ഡ്യ സീറോ മലബാര്‍ രൂപതയുടെ മെത്രാനായി റവ.ഡോ. ആന്റണി കരിയില്‍ സിഎംഐ നിയമിതനായി. കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടന്നുവരുന്ന സീറോ മലബാര്‍ സിനഡിലാണു തെരഞ്ഞെടുപ്പു നടന്നത്.

കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു പ്രഖ്യാപനം നടത്തിയത്. കൂരിയ ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍ നിയമന ഉത്തരവ് വായിച്ചു. തുടര്‍ന്നു മേജര്‍ ആര്‍ച്ച്ബിഷപ്, തലശേരി ആര്‍ച്ച്ബിഷപ്പും മാണ്ഡ്യ രൂപതയുടെ പ്രഥമ മെത്രാനുമായ മാര്‍ ജോര്‍ജ് ഞരളക്കാട്ട് എന്നിവര്‍ ചേര്‍ന്നു നിയുക്ത മെത്രാനെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു. മാണ്ഡ്യ രൂപതയുടെ അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോര്‍ജ് ആലുക്ക, സിഎംഐ ജനറല്‍ കൌണ്‍സിലര്‍ ഫാ.സെബാസ്റ്യന്‍ തെക്കേടത്ത്, കൂരിയ വൈസ് ചാന്‍സലര്‍ റവ. ഡോ. സെബാസ്റ്യന്‍ വാണിയപുരയ്ക്കല്‍, ദീപിക മാനേജിംഗ് ഡയറക്ടര്‍ റവ.ഡോ. മാണി പുതിയിടം എന്നിവര്‍ നിയുക്ത മെത്രാനു ബൊക്കെ നല്‍കി.

1950 മാര്‍ച്ച് 26നു എറണാകുളം-അങ്കമാലി അതിരൂപതയില്‍ ചേര്‍ത്തലയ്ക്കു സമീപം ചാലില്‍ ഇടവകയിലാണു റവ.ഡോ. കരിയിലിന്റെ ജനനം. പരേതരായ ജോസഫും കൊച്ചുത്രേസ്യയുമാണു മാതാപിതാക്കള്‍. സിഎംഐ സന്യാസസമൂഹാംഗമായി 1977 ഡിസംബര്‍ 27നു പൌരോഹിത്യം സ്വീകരിച്ചു.

സാമൂഹ്യശാസ്ത്രത്തില്‍ ഡോക്ടറേറ്റു നേടിയിട്ടുള്ള നിയുക്തമെത്രാന്‍ സിഎംഐ സഭയുടെ പ്രിയോര്‍ ജനറാള്‍, കളമശേരി പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. കോണ്‍ഫറന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ (സിആര്‍ഐ)യുടെ ദേശീയ പ്രസിഡന്റായും രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ്, ബംഗളൂരു ക്രൈസ്റ് കോളജ് എന്നീ സ്ഥാപനങ്ങളുടെ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുമ്പോഴാണു മാണ്ഡ്യയിലെ ഇടയനിയോഗം.


മാനന്തവാടി രൂപത വിഭജിച്ച് 2010 ജനുവരി 18നാണു മാണ്ഡ്യ രൂപത സ്ഥാപിച്ചത്. പ്രഥമ മെത്രാനായ മാര്‍ ജോര്‍ജ് ഞരളക്കാട്ട് തലശേരി അതിരൂപതാധ്യക്ഷനായതോടെയാണു മാണ്ഡ്യയില്‍ പുതിയ മെത്രാന്റെ നിയമനം ആവശ്യമായി വന്നത്.

ഇതുവരെ കര്‍ണാടകയിലെ മാണ്ഡ്യ, ഹസന്‍, മൈസൂരു, ചാമരാജനഗര എന്നീ ജില്ലകളാണു മാണ്ഡ്യ രൂപതയില്‍ ഉള്‍പ്പെട്ടിരുന്നത്. ബംഗളൂരുവിനു ചുറ്റുമുള്ള ബംഗളൂരു അര്‍ബന്‍, ബംഗളൂരു റൂറല്‍, ചിക്ബല്ലാപൂര്‍, കോളാര്‍, രാമനഗര, തുംകൂര്‍ എന്നീ ജില്ലകളിലേക്കു കൂടി രൂപത വ്യാപിപ്പിച്ചുകൊണ്ടു ഫ്രാന്‍സിസ് മാര്‍പാപ്പ കല്പന നല്‍കി. ഇതോടെ ബംഗളൂരുവിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന സീറോ മലബാര്‍ വിശ്വാസികള്‍ക്കു സ്വന്തം സഭയുടെ പൈതൃകത്തില്‍ അജപാലനശുശ്രൂഷ നടത്താനുള്ള അവസരം പൂര്‍ണമായും കൈവന്നിരിക്കുകയാണെന്നു മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. നിയുക്ത മെത്രാന്റെ അഭിഷേക, സ്ഥാനാരോഹണ തീയതി പിന്നീടു തീരുമാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.