തടവുകാര്‍ നെയ്തെടുക്കുന്ന വസ്ത്രങ്ങള്‍ വിപണിയിലേക്ക്
തടവുകാര്‍ നെയ്തെടുക്കുന്ന വസ്ത്രങ്ങള്‍ വിപണിയിലേക്ക്
Friday, August 28, 2015 1:19 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: തടവുകാരുടെ കരവിരുതില്‍ നെയ്തെടുക്കുന്നതു കേരളീയ പാരമ്പര്യത്തിലുള്ള വസ്ത്രങ്ങള്‍. കേരളത്തിന്റെ തനതു പാരമ്പര്യവും ന്യു ജെന്‍ ട്രെന്‍ഡുമടങ്ങിയ വസ്ത്രങ്ങളുമായിട്ടാണു ചപ്പാത്തിക്കു പിന്നാലെ ജയില്‍ വകുപ്പ് വിപണയിലേക്കു വരുന്നത്.

ചെറുപ്പക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കാന്‍ കഴിയാവുന്ന ഒരുപിടി വസ്ത്രങ്ങളുടെ ശേഖരമാണു തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നു പുറത്തുവരുന്നത്. ഡിസൈനര്‍ കുര്‍ത്ത, ചുരിദാര്‍ തുടങ്ങിയവയെല്ലാം ഫ്രീ ഫാഷനിസ്റ് എന്ന ബാനറില്‍ പുറത്തിറക്കുന്നത്. തടവുകാരുടെ സാങ്കേതിക വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണു പുതിയ സംരംഭം തുടങ്ങുന്നതെന്നു ജയില്‍ ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.

ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ഉപയോഗിക്കാവുന്ന പമ്പ കളക്ഷന്‍സ്, ചെറുപ്പക്കാരികളുടെ ഹരമാകുന്ന നാലുകെട്ട്, എല്ലാ പ്രായക്കാര്‍ക്കും ഉപയോഗിക്കാവുന്ന വാല്‍ക്കണ്ണാടി തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. കോട്ടണ്‍, ബാലരാമപുരം കൈത്തറി, ഖാദി, ലിനന്‍, സിന്തറ്റിക്സ് തുണിത്തരങ്ങള്‍ എന്നിവയിലാണു പുതിയ ഡിസൈനര്‍ വസ്ത്രങ്ങള്‍ നെയ്തെടുക്കുന്നത്. ഇപ്പോഴുള്ള വിപണിവിലയുടെ പകുതി വിലയ്ക്കു വസ്ത്രങ്ങള്‍ നല്‍കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നു ജയില്‍ ഡിജിപി പറഞ്ഞു.


ജയിലുകള്‍ വഴിയാണു വില്‍പന ലക്ഷ്യമിടുന്നത്. കൂടുതല്‍ വിപണന തന്ത്രങ്ങള്‍ക്ക് ഇതുവരെ അവസാന രൂപമായിട്ടില്ല. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ കലാപരമായ കഴിവുള്ള 25 തടവുകാരെ തെരഞ്ഞെടുത്താണു പരിശീലനം നല്‍കിയത്. ഡിസൈനര്‍ സ്ഥാപനമായ വേദികയും ഫൈന്‍ ആര്‍ട്സ് കോളജിലെ വിദ്യാര്‍ഥികളും പശ്ചിമ ബംഗാള്‍ സ്വദശിയായ മുല്ലയും ചേര്‍ന്നാണു തടവുകാര്‍ക്കു സൌജന്യ പരിശീലനം നല്‍കിയത്.

ആദ്യ ഘട്ടം സെന്‍ട്രല്‍ ജയില്‍ കേന്ദ്രീകരിച്ചും രണ്ടാം ഘട്ടമായി എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് ജയിലുകള്‍ വഴിയും വില്‍പന നടത്തുമെന്നു ജയില്‍ ഐജി എച്ച്. ഗോപകുമാര്‍, ഡിഐജി ബി. പ്രദീപ്, ജയില്‍ സൂപ്രണ്ട് എ.ജി. സുരേഷ് എന്നിവര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.