ജലദുരന്തങ്ങള്‍ വിട്ടുമാറാതെ എറണാകുളം
Friday, August 28, 2015 1:29 AM IST
കൊച്ചി: നാളുകളായി ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍ കപ്പല്‍ചാലില്‍ അപകടമുണ്ടാകുമെന്ന മുന്നറിയിപ്പ് പലകോണുകളില്‍നിന്ന് ഉയര്‍ന്നിട്ടുണ്െടങ്കിലും ഇത്തരമൊരു അപകടം ഇതാദ്യം. എറണാ കുളം ജില്ലയിലെ വലിയ ബോട്ടപകടങ്ങളില്‍ അഞ്ചാമത്തേതാണിത്. കഴിഞ്ഞ 35 വര്‍ഷത്തിനിടെ അഞ്ചിലേറെ പേരുടെ ജീവനെടുത്ത പ്രധാന അഞ്ചു ദുരന്തങ്ങളാണ് ഇവിടെയുണ്ടായത്. 77 പേരാണ് ഈ അപകടങ്ങളില്‍ മരിച്ചത്.

തട്ടേക്കാട് ബോട്ടപകടമാണ് ജില്ലയിലുണ്ടായ ഏറ്റവും വലിയ ദുരന്തം. എളവൂര്‍ സെന്റ് ആന്റണീസ് സ്കൂളില്‍നിന്ന് വിനോദയാത്രയ്ക്കുപോയ 15 സ്കൂള്‍ വിദ്യാര്‍ഥികളുടെയും മൂന്ന് അധ്യാപികമാരുടെയും ജീവനാണ് അപകടത്തില്‍ പൊലിഞ്ഞത്. ശിവരഞ്ജിനി എന്ന ഉല്ലാസബോട്ടാണ് അന്ന് അപകടത്തില്‍പ്പെട്ടത്. 2007 ഫെബ്രുവരി 20ന് തട്ടേക്കാട്ട് ഭൂതത്താന്‍കെട്ട് ഡാമിലെ ബോട്ട്യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. 118 പേരുടെ സംഘം സഞ്ചരിച്ച മൂന്നു ബോട്ടുകളിലൊന്നു വൈകിട്ട് ആറരയോടെ മറിയുകയായിരുന്നു.

1983 സെപ്റ്റംബര്‍ 23ന് കൊച്ചിയിലെ പനമ്പുകാട്ടുനിന്നു പുറപ്പെട്ട വഞ്ചി മുരിക്കുംപാടത്തിനു സമീപം മുങ്ങി 18 പേര്‍ മരിച്ചു. കണ്ണമാലിയില്‍ 1980 മാര്‍ച്ച് 19ന് ബോട്ട്മുങ്ങി 29 പേരാണ് മരിച്ചത്. കണ്ണമാലി പള്ളിയില്‍ നേര്‍ച്ചസദ്യയില്‍ പങ്കെടുത്തു മടങ്ങിയവര്‍ സഞ്ചരിച്ച ബോട്ട് കല്ലഞ്ചേരി കായലില്‍ മുങ്ങുകയായിരുന്നു. പെരുമ്പടപ്പ് സ്വദേശികളായിരുന്നു മരിച്ചവരില്‍ ഏറെയും. ആലുവപ്പുഴയില്‍ 1998 മേയില്‍ കടത്തുവഞ്ചി മുങ്ങി ആറു യുവാക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 1999 ഒക്ടോബറില്‍ കൊച്ചിയിലെ തേവര ഫെറിയില്‍ നാല്‍പ്പതോളം സ്കൂള്‍ വിദ്യാര്‍ഥികളുമായി ബോട്ട് മുങ്ങിയെങ്കിലും എല്ലാവരെയും രക്ഷിക്കാന്‍ കഴിഞ്ഞു.

സംസ്ഥാനത്തെ നടുക്കിയ ബോട്ടപകടങ്ങള്‍ നിരവധിയാണ്. 2013 ജനുവരിയില്‍ ആലപ്പുഴ പുന്നമടയില്‍ ഹൌസ്ബോട്ട് മുങ്ങി രണ്ടു കുട്ടികളടക്കം നാലുപേര്‍ മരിച്ച സംഭവമാണ് അടുത്തയിടെയുണ്ടായ വലിയ ദുരന്തങ്ങളില്‍ പ്രധാനപ്പെട്ടത്.


2009 സെപ്റ്റംബറില്‍ തേക്കടിയില്‍ ബോട്ട് മുങ്ങി 45 വിനോദസഞ്ചാരികളാണ് മരിച്ചത്. ഒരു ദുരന്തത്തില്‍ ഏറ്റവും കൂടുതല്‍ ജീവന്‍ അപകടത്തില്‍പ്പെട്ടതും ഈ ദുരന്തത്തില്‍ത്തന്നെ. 2009 നവംബറില്‍ മലപ്പുറം അരീക്കോട് വള്ളം മുങ്ങി എട്ടു പ്ളസ്ടു കുട്ടികള്‍ മരിച്ചതും നാടിനെ നടുക്കിയ മറ്റൊരു ദുരന്തമാണ്.

2002 ജൂലൈ 27നായിരുന്നു കുമരകം ദുരന്തം. മുഹമ്മയില്‍നിന്നു കുമരകത്തേക്കു പുറപ്പെട്ട ബോട്ട് രാവിലെ ആറരയോടെ വേമ്പനാട്ടു കായലില്‍ മുങ്ങി. 29 പേരാണ് അന്നു മരിച്ചത്. പിഎസ്സി പരീക്ഷ എഴുതാന്‍ പോയ ഉദ്യോഗാര്‍ഥികളായിരുന്നു അതില്‍ ഏറെയും.150 പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ ഇരട്ടിയിലേറെ പേര്‍ കയറിയതാണു ദുരന്തത്തിനു വഴിവച്ചത്. തിരുവനന്തപുരം പേപ്പാറ ഡാമില്‍ 1990 ഡിസംബറില്‍ ബോട്ട്മുങ്ങി മൂന്നു സ്ത്രീകളും കുട്ടിയും ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. കോഴിക്കോട് കാപ്പാട് 1977 മാര്‍ച്ച് രണ്ടിന് ബോട്ട് മറിഞ്ഞ് വിവാഹസംഘത്തിലെ നാലുപേര്‍ മരിച്ചു. കാസര്‍ഗോഡ് ചന്ദ്രഗിരിപ്പുഴയില്‍ 11 പേര്‍ കയറിയ വള്ളംമുങ്ങി അഞ്ചുപേര്‍ മരിച്ചതാണു മറ്റൊരു ദുരന്തം. 1958 ജൂലൈ 21ന് മലമ്പുഴയിലുണ്ടായ ദുരന്തത്തിനാണ് മരണസംഖ്യയില്‍ രണ്ടാംസ്ഥാനം. സമീപത്തെ എസ്റേറ്റില്‍ ജോലിക്കുപോയ 35 തൊഴിലാളികളാണു മലമ്പുഴ അണക്കെട്ടില്‍ മുങ്ങിമരിച്ചത്. 1924 ജനുവരി 16ന് രാത്രി 10.30ന് പല്ലനയാറ്റില്‍ “റഡീമര്‍’ ബോട്ട് മുങ്ങി മഹാകവി കുമാരനാശാന്‍ ഉള്‍പ്പെടെ 24 പേരാണ് മരിച്ചത്. 136 പേര്‍ കയറിയ ബോട്ടാണ് അന്ന് അപകടത്തില്‍പ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.