ഇവര്‍, ജനസുരക്ഷയ്ക്കായി ഓണം ഉപേക്ഷിക്കുന്നവര്‍
Friday, August 28, 2015 12:44 AM IST
കോട്ടയം: തിരുവോണനാളിലും സ്വന്തംവീട്ടില്‍ കുടുംബവുമൊത്ത് ഓണം ആഘോഷിക്കാന്‍ പറ്റാത്തവര്‍ നമുക്കിടയിലുണ്ട്. പോലീസ്, ഫയര്‍ഫോഴ്സ്, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സെക്യൂരിറ്റി, ബിവറേജ്, ബസ് ജീവനക്കാര്‍ തുടങ്ങിയവരില്‍ ഒരു വിഭാഗത്തിന് ഇന്ന് ജോലിക്കെത്തണം. ഇവരില്‍ ചിലര്‍ക്ക് ജോലി കൂടുതലുമായിരിക്കും.

അച്ചടിമാധ്യമങ്ങള്‍ക്ക് ഓഫീസ് ഇന്ന് അവധിയാണെങ്കിലും ഇലക്ട്രോണിക് മാധ്യമ ജീവനക്കാര്‍ക്ക് ജോലി കൂടും. ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കും എഡിറ്റര്‍മാര്‍ക്കും സാങ്കേതിക വിഭാഗത്തിനും ജോലി കൂടുതലുള്ള ദിവസമാണിത്.

പോലീസിന് ക്രമസമാധാനപാലനത്തില്‍ ഇന്നു കൂടുതല്‍ ശ്രദ്ധ നല്‍കണം. ഓണത്തല്ലും പരിക്കും ഓണസായാഹ്നത്തില്‍ പൊതുവെ കൂടുതലായിരിക്കും. ഇതിനൊപ്പം മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. മദ്യപരിശോധന, കസ്റ്റഡി, കേസ് തുടങ്ങി ഭാരിച്ച പണിയാണ് ഇന്നു പോലീസിനുണ്ടാവുക.

ഫയര്‍ ഫോഴ്സ് പതിവുപോലെ ഫയര്‍ എന്‍ജിനു മുന്നില്‍തന്നെ നിലയുറപ്പിക്കണം. ആശുപത്രി നഴ്സുമാര്‍ക്കും ഓണം ദുരിതദിനമാണ്. മദ്യപരും അടിപിടിക്കാരും ഇന്ന് കൂടുതലായി ആശുപത്രികളിലെത്തും. ബസ് ജീവനക്കാര്‍ക്ക് പതിവുപോലെ രാവിലെ തന്നെ ബസില്‍ കയറണം. ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് പോകുന്നവര്‍ക്ക് നാളെയേ മടങ്ങിയെത്താനാകൂ.


ബസുടമകള്‍ അധികമായി നല്‍കുന്ന വേതനവും ഓണം ബത്തയുമാണ് ഇവര്‍ക്കുള്ള ആശ്വാസം.നാട്ടിലെ ഓണാഘോഷവും ഇതര വിശേഷങ്ങളും പാഞ്ഞു നടന്ന് കാമറയില്‍ പകര്‍ത്തേണ്ടവരാണ് ദൃശ്യമാധ്യമക്കാര്‍. ഏറ്റവുമധികം പ്രേക്ഷകര്‍ ടിവി ചാനലുകള്‍ ആസ്വദിക്കുന്ന ദിവസമായതിനാല്‍ ഓണത്തിന് വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംപ്രേഷണം ചെയ്യേണ്ടതുണ്ട്. ചില സ്ഥാപനങ്ങളില്‍ ഡ്യൂട്ടി അഡ്ജസ്റ്മെന്റിന്റെ ദിനമാണിത്. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ചില സ്ഥാപനങ്ങളില്‍ ഡ്യൂട്ടി മാറി വീട്ടില്‍ ഓണം ആഘോഷിക്കാന്‍ പരസ്പരം സഹകരിക്കും. ആശുപത്രി ജീവനക്കാരാണ് ഇത്തരത്തില്‍ ക്രമീകരണം നടത്താറുള്ളത്. ബിവറേജ് ഷോപ്പുകളില്‍ ക്യൂവും വില്പനയും റിക്കാര്‍ഡ് കുറിക്കുന്ന ദിനങ്ങളാണ് ഉത്രാടവും തിരുവോണവും. പല ഷോപ്പുകളും രാത്രി പത്തു മണിയോടെയാണ് അടയ്ക്കാനാകുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.