വിനോദിന്റെ ചികിത്സാസഹായ ധനസമാഹരണം മരങ്ങാട്ടുപിള്ളിയില്‍ നാളെ
Friday, August 28, 2015 12:45 AM IST
മരങ്ങാട്ടുപിള്ളി: രണ്ടു വൃക്കകളും തകരാറിലായി കഷ്ടപ്പെടുന്ന ആണ്ടൂര്‍ പ്രാമലയില്‍ പി.കെ. വിനോദിനെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാന്‍ മരങ്ങാട്ടുപിള്ളി ഗ്രാമം കൈകോര്‍ക്കുന്നു. വിനോദിന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള 14 വാര്‍ഡുകളിലും ജനകീയ സമിതിയുടെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ധനസമാഹരണം നാളെ നടക്കും. രാവിലെ 9.30നു തുടങ്ങുന്ന ധനസമാഹരണത്തിന് വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറും.

15 ലക്ഷം രൂപയാണ് വിനോദിന്റെ ശസ്ത്രക്രിയയ്ക്കു സമാഹരിക്കേണ്ടത്. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെയും പ്രത്യാശ എന്ന സന്നദ്ധ സംഘടനയുടെയും ജനകീയ സമിതിയുടെയും നേതൃത്വത്തിലാണ് വീടുകള്‍ കയറുന്നത്. ഓരോ വാര്‍ഡിലും കയറുന്ന വിവിധ സ്ക്വാഡുകളെ കഴിഞ്ഞ ദിവസം തീരുമാനിച്ചു. വാര്‍ഡുകളില്‍ കഴിഞ്ഞ ദിവസം യോഗങ്ങള്‍ ചേര്‍ന്ന് കര്‍മപദ്ധതിക്കു രൂപം നല്‍കി. പ്രത്യാശ ഡയറക്ടര്‍ ഫാ. സെബാസ്റ്യന്‍ പുന്നശേരിയുടെയും പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവലിന്റെയും ജനറല്‍ കണ്‍വീനര്‍ എ.ആര്‍. തമ്പിയുടെയും നേതൃത്വത്തിലായിരുന്നു യോഗങ്ങള്‍.


വിവിധ രാഷ്ട്രീയ, സാമുദായിക സംഘടനാ നേതാക്കളും ഈ ഉദ്യമത്തിനു പിന്തുണയുമായെത്തിയിട്ടുണ്ട്.

വിനോദിന്റെ സഹോദരന്‍ പി.കെ. ബിജുവിന്റെ വൃക്കയിലൊരെണ്ണമാണ് നല്‍കുന്നത്. ശസ്ത്രക്രിയയ്ക്കും മറ്റുമുള്ള തയാറെടുപ്പുകള്‍ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പുരോഗമിക്കുകയാണ്. വിനോദിന്റെ ഭാര്യയും മൂത്ത കുട്ടിയും അസുഖ ബാധിതരാണ്. മരങ്ങാട്ടുപിള്ളി ഗ്രാമം ഒന്നടങ്കം തങ്ങളുടെ ജീവിതത്തിനു സഹായഹസ്തവുമായെത്തുന്നത് നന്ദിയോടെയാണ് ആ കുടംബം സ്മരിക്കുന്നത്. മുമ്പും ഇത്തരത്തിലുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന് ഇതും സാധിക്കുമെന്ന പ്രതീക്ഷയിലാണ് പ്രസിഡന്റും സംഘവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.