വയോജനങ്ങള്‍ക്കായി കൊച്ചിയില്‍ സര്‍വകലാശാല
വയോജനങ്ങള്‍ക്കായി കൊച്ചിയില്‍ സര്‍വകലാശാല
Friday, August 28, 2015 1:03 AM IST
കൊച്ചി: ജീവിതത്തിന്റെ വിരസത അകറ്റാന്‍ വയോജനങ്ങള്‍ക്കായി യൂണിവേഴ്സിറ്റി ഓഫ് തേഡ് ഏജ് (യു3എ) എന്ന കാല്പനിക സര്‍വകലാശാല കൊച്ചിയില്‍ തുടങ്ങി. എറണാകുളം ജില്ലാ പഞ്ചായത്തും ലേക്ക്ഷോര്‍ ആശുപത്രിയും സംയുക്തമായി മാജിക്സ് എന്ന സംഘടനയുടെ സഹകരണത്തോടെ ആരംഭിക്കുന്ന സര്‍വകലാശാലയുടെ ഉദ്ഘാടനം ലേക്ക്ഷോര്‍ ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ് കുമാര്‍ നിര്‍വഹിച്ചു. ഇന്ത്യയില്‍ ഇത്തരം സര്‍വകലാശാല ആദ്യമായാണ്. യുവജന ങ്ങള്‍ മുതിര്‍ന്ന തലമുറയെ വേണ്ട രീതിയില്‍ കാണാനോ സാന്ത്വനം നല്‍കാനോ മറന്നുപോകുമ്പോള്‍ മുതിര്‍ന്നവരുടെ മനസിലെ ശൂന്യത മാറ്റി പ്രതീക്ഷയുണര്‍ത്താന്‍ ഈ സര്‍വകലാശാല ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യ സേവനങ്ങള്‍ക്കു പുറമെ വയോജനങ്ങളുടെ ഉന്നമനവും ക്രിയാത്മക ജീവിതവും ലക്ഷ്യമിട്ടാണ് വലിയ ചെലവുകള്‍ കൂടാതെ പഠിക്കാനും അവരുടെ അറിവുകള്‍ പങ്കുവയ്ക്കാനുമായി യൂണിവേഴ്സിറ്റി ഓഫ് തേഡ് ഏജ് ആരംഭിക്കുന്നതെന്ന് ലേക്ക്ഷോര്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ഫിലിപ് അഗസ്റിന്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്ത് വയോജനങ്ങള്‍ക്കായി നടപ്പാക്കുന്ന ഒട്ടേറെ നവീന പദ്ധതികളിലൊന്നാണിതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളില്‍ അറിയിച്ചു. സീനിയര്‍ ടാക്സി, എല്‍ഡര്‍ ലൈന്‍ തുടങ്ങിയ പദ്ധതികളും താമസിയാതെ തുടങ്ങും.


മരട് നഗരസഭാ ചെയര്‍മാന്‍ ടി.കെ ദേവരാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, ക്ഷേമകാര്യ സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വത്സ കൊച്ചുകുഞ്ഞ്, പൊതുമരാമത്ത് സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാജിത സിദ്ദിഖ്, മരട് നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ അബ്ദുള്‍ മജീദ്, കൌണ്‍സിലര്‍ എ.ജി. അനീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. പ്രവീണ്‍ ജി. പൈ പദ്ധതി അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.കെ. അബ്ദുള്‍ റഷീദ് നന്ദി പറഞ്ഞു.

ചര്‍ച്ചാ ക്ളാസുകള്‍, ബോധവത്കരണ സെമിനാറുകള്‍, തൊഴില്‍ പരിശീലനം, ആരോഗ്യ സുരക്ഷാ ക്യാമ്പുകള്‍, പഠനയാത്രകള്‍ തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ സര്‍വകലാശാലയുടെ കീഴില്‍ ആരംഭിക്കും.

എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് ക്ളാസുകള്‍ നടക്കുക. പ്രവേശനത്തിന് പ്രായപരിധി ഇല്ല. മറ്റു സര്‍വകലാശാലകളിലുള്ളപോലെ പരീക്ഷകള്‍ ഒന്നും തന്നെ ഇവിടെ ഇല്ല. താത്പര്യമുള്ളവര്‍ ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെടണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.