സമൂഹങ്ങളുടെ ഐശ്വര്യത്തിനായി കൂട്ടായി പ്രവര്‍ത്തിക്കണം: സഭാ സിനഡ്
സമൂഹങ്ങളുടെ ഐശ്വര്യത്തിനായി കൂട്ടായി പ്രവര്‍ത്തിക്കണം: സഭാ സിനഡ്
Sunday, August 30, 2015 12:27 AM IST
കൊച്ചി: ആഗോളവത്കരണത്തിന്റെ പിടിയിലമരുന്ന ജനസമൂഹങ്ങള്‍ക്കു മൂല്യബോധം പകര്‍ന്നു ജനതകളുടെ ദാസരും ശുശ്രൂഷകരുമായി മാറി സമൂഹങ്ങളുടെ ഐശ്വര്യത്തിനായി സഭ തുടര്‍ന്നും പ്രവര്‍ത്തിക്കണമെന്നു സീറോ മലബാര്‍ സഭാ സിനഡ് ആഹ്വാനംചെയ്തു. സഭയുടെ വിവിധ മേഖലകളിലുള്ള ഇടപെടലുകളും കര്‍മവേദികളും വിലയിരുത്തിയ സിനഡ് ഇന്നലെ സമാപിച്ചു. പ്രവാസികളായ വിശ്വാസികള്‍ക്കു ശുശ്രൂഷകള്‍ക്കായി പുതിയ സൌകര്യങ്ങള്‍ ലഭ്യമാകുന്നതില്‍ സിനഡ് സംതൃപ്തി രേഖപ്പെടുത്തി. കാനഡയിലും ബംഗളൂരുവിലുമുള്ള പ്രവാസികള്‍ക്കു മെച്ചപ്പെട്ട സഭാശുശ്രൂഷ നല്‍കാന്‍ ഇതു സഹായകമാകും.

വര്‍ഗീയത വളരുന്നതു ചെറുക്കാന്‍ ആവശ്യമായതെല്ലാം ചെയ്യണം. തീവ്രവാദത്തിന്റെ പിടിയില്‍ യാതന അനുഭവിക്കുന്ന ജനസമൂഹങ്ങളോടു നിതാന്ത ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണം. വിവിധ രൂപത, സന്യസ്ത സമൂഹങ്ങളിലൂടെ ജനങ്ങളുടെ വളര്‍ച്ചയ്ക്കായി ചെയ്യുന്ന എല്ലാ സാമൂഹ്യപ്രവര്‍ത്തനങ്ങളെയും സിനഡ് ശ്ളാഘിച്ചു. ഇവയെക്കുറിച്ചെല്ലാം ജനസമൂഹങ്ങളെ അറിയിക്കുന്നതിലൂടെ ഭാരതമണ്ണിലും പുറത്തും ജനത്തിന്റെ ഐശ്വര്യത്തിനായി സഭ നടത്തുന്ന മുന്നേറ്റം കൂടുതല്‍ പ്രചോദനാത്മകമാകും. സഭാതലത്തില്‍ എല്ലാ മേഖലകളിലും രൂപതകളിലും പള്ളികളിലും ആശ്രമങ്ങളിലും സ്ഥാപനങ്ങളിലും പരസ്പര ആദരവോടെ പെരുമാറാനും സംസാരിക്കാനും പ്രവര്‍ത്തിക്കാനും സാഹചര്യം ഉണ്ടാകണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും മറ്റു സ്ഥാപനങ്ങളിലും കടന്നുവരുന്നവരെ, അവരുടെ ആവശ്യങ്ങള്‍ എപ്പോഴും നടത്തിക്കൊടുക്കാന്‍ സാധിച്ചില്ലെങ്കിലും മനുഷ്യമഹത്വം പരിഗണിച്ച് അവരെ ഉള്‍ക്കൊള്ളണം.

മാറിവരുന്ന സാമൂഹ്യ സാഹചര്യങ്ങളില്‍ വിശ്വാസപരിശീലനത്തിന്റെ വഴികള്‍ നിരന്തരമായി പുനഃപരിശോധിക്കണം. കുട്ടികളുടെ ബോധതലങ്ങള്‍ മനസിലാക്കി അവര്‍ക്കു ബോധ്യങ്ങള്‍ ഉണ്ടാകുന്ന വാതായനങ്ങള്‍ തുറക്കാന്‍ സാധിക്കുന്ന ഭാവനാത്മകമായ സമീപനം വേണം.

കുടുംബപരിപാലനം സഭയെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കേണ്ട മേഖലയാണ്. ഇടവക, സ്ഥാപന തലങ്ങളില്‍ അതിനുവേണ്ടി ബുദ്ധിമുട്ടുന്ന വൈദികരെയും സമര്‍പ്പിതരെയും അല്മായരെയും സഭ ആദരവോടെയാണു കാണുന്നതെന്ന് അല്മായ, കുടുംബ കമ്മീഷനുകളുടെ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വിശകലനത്തില്‍ സിനഡ് വ്യക്തമാക്കി.


കുടുംബങ്ങള്‍ നേരിടുന്ന മാനസികവും ശാരീരികവും ആധ്യാത്മികവുമായ വെല്ലുവിളികളെ നേരിടാന്‍ സഭയെ സഹായിക്കുന്ന നിരവധി പേര്‍ മുന്നോട്ടുവരുന്നത് അനുഗ്രഹദായകമാണ്. യേശുവിന്റെ നീട്ടപ്പെട്ട കരം പോലെ പൊതുസ്ഥാപനങ്ങളില്‍ സഭാമക്കള്‍ ചെയ്യുന്ന സേവനങ്ങള്‍, നിര്‍ധനരായ രോഗികള്‍ക്ക് ആഹാരം, തെരുവോരങ്ങളില്‍ ജീവിതം കഴിക്കുന്നവര്‍ക്കു പൊതിച്ചോറ്, ഹൃദയം തകര്‍ന്നവര്‍ക്കു കൌണ്‍സലിംഗ്, കടക്കെണിയില്‍ വീണവര്‍ക്ക് ആശ്വാസം എന്നിവയെല്ലാം സഭയുടെ കരുണയുടെ മുഖം തെളിമയുള്ളതാക്കുന്നു. വിശ്വസാഹോദര്യത്തിന്റെ സൂചനയും പ്രതീകവുമാണു സീറോ മലബാര്‍ സഭ.

വൈദികവസ്ത്രം ധരിച്ചു പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതു വൈദികസാക്ഷ്യ ജീവിതത്തിന്റെ ഒരു വലിയ അടയാളമാണ്. ഇക്കാര്യത്തില്‍ സഭയുടെ പ്രത്യേക നിയമം പാലിക്കാന്‍ എല്ലാ വൈദികരും ശ്രദ്ധിക്കണം.

2015 ഡിസംബര്‍ എട്ടു മുതല്‍ 2016 നവംബര്‍ 20 വരെയുള്ള കരുണയുടെ വിശുദ്ധവത്സരത്തിന്റെ കര്‍മപദ്ധതികള്‍ സിനഡ് ചര്‍ച്ചചെയ്തു. കരുണ ദൈവത്തിന്റെ പ്രവൃത്തി മാത്രമല്ല, അത് ദൈവമക്കളെ നിര്‍ണയിക്കുവാനുള്ള മാനദണ്ഡം കൂടിയാണ്. സഭാജീവിതത്തിന്റെ അന്തഃസത്തയും അടിസ്ഥാനവുമാണു കരുണ. സഭ എവിടെയെല്ലാമുണ്േടാ അവിടെയെല്ലാം ദൈവത്തിന്റെ കരുണ പ്രകടമാകണം. സ്നേഹമാണു സഭയുടെ ഒന്നാമത്തെ സത്യം. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടിയുള്ള കരുതലാര്‍ന്ന നടപടികള്‍, സാധിക്കുന്ന ഇടവകകളില്‍ പാലിയേറ്റീവ് കെയര്‍, മാഫിയാ സംഘങ്ങളെയും കുറ്റവാളി സംഘങ്ങളെയും മാനസാന്തരത്തിലേക്കു ക്ഷണിക്കല്‍, രൂപതയില്‍ പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങള്‍ക്കായി സമഗ്രവികസന പദ്ധതി, മതാന്തരസംവാദങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധസേവകരുടെ ദിനാചരണം എന്നീ കര്‍മപദ്ധതികളും കരുണയുടെ വര്‍ഷത്തില്‍ സജീവമാക്കണമെന്നു സിനഡ് ഓര്‍മിപ്പിച്ചു.

മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ സീറോ മലബാര്‍ സഭ ആസ്ഥാന കാര്യാലയമായ കാക്കനാട് മൌണ്ട് സെന്റ് തോമസിലാണു സിനഡ് നടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.