റെയില്‍വേ ബജറ്റ്: അവഗണന അവസാനിപ്പിക്കണമെന്ന് യൂസേഴ്സ് കോണ്‍ഫെഡറേഷന്‍
Monday, August 31, 2015 1:20 AM IST
കോഴിക്കോട്: റെയില്‍വേ ബജറ്റില്‍ കേരളത്തോടുള്ള തുടര്‍ച്ചയായ അവഗണന അവസാനിപ്പിക്കണമെന്നു റെയില്‍ യൂസേഴ്സ് അസോസിയേഷന്‍ കോണ്‍ഫെഡറേഷന്‍ പ്രീ ബജറ്റ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. കോഴിക്കോട് നടന്ന യോഗം കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ റെയില്‍ യൂസേഴ്സ് അസോസിയേഷന്‍ (സിഎആര്‍യുഎ) ചെയര്‍മാന്‍ ഡോ.എ.വി. അനൂപ് ഉദ്ഘാടനംചെയ്തു.

2007ന് ശേഷം റെയില്‍വേയില്‍ നിയമനം നടത്തുന്നില്ല, പാളങ്ങളില്‍ വിള്ളല്‍ വീണു തുടങ്ങിയത് അപകടം പെരുകാന്‍ കാരണമാകുന്നു. റെയില്‍വേ ബജറ്റില്‍ കാര്യങ്ങള്‍ നേടിയെടുക്കുന്നതില്‍ കേരളം മറ്റു സംസ്ഥാനങ്ങളെ കണ്ടുപഠിക്കണം. ഡീസല്‍വില 30 ശതമാനം കുറഞ്ഞിട്ടും ഡീസല്‍ വിലവര്‍ധനയുടെ പേരില്‍ ഉയര്‍ത്തിയ യാത്രാക്കൂലിയും ചരക്കുകൂലിയും കുറയ്ക്കാതെ ജനങ്ങളെ പിഴിയുന്ന പ്രവണത നിര്‍ത്തണം.

എട്ടു വര്‍ഷം മുമ്പ് നിര്‍മാണം തുടങ്ങിയ പാലക്കാട് -പൊള്ളാച്ചി പാത പൂര്‍ത്തീകരിക്കണമെന്നും കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ നിര്‍മാണം ഉടന്‍ തുടങ്ങണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. കേരളത്തിലോടുന്ന മിക്ക ട്രെയിനുകളിലും പഴകിയ കോച്ചുകളാണ് ഉപയോഗിക്കുന്നത്. എല്ലാ സ്റേഷനുകളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കണം. കോഴിക്കോട് സ്റേഷനില്‍ അടിയന്തരമായി പിറ്റ്ലൈന്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും ആവശ്യമുയര്‍ന്നു.


മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പാക്കുന്നതില്‍ അനിശ്ചിതമാണ്. പദ്ധതികള്‍ക്കെതിരേ ഉണ്ടാകുന്ന എതിര്‍പ്പുകള്‍ സംസ്ഥാനത്തെ റെയില്‍വേ വികസനത്തെ പിന്നോട്ടടിക്കുന്നു. അങ്കമാലി-ശബരി പാത, ഗുരുവായൂര്‍-തിരുനാവായ പാതകള്‍ പൂര്‍ത്തീകരിക്കാത്തത് ഇതിനു തെളിവാണെന്നു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.