ശ്രീനാരായണഗുരുവിന്റെ പ്രസ്ഥാനത്തെ സംഘപരിവാറിന് അടിയറ വയ്ക്കരുത്: വി.എസ്
ശ്രീനാരായണഗുരുവിന്റെ പ്രസ്ഥാനത്തെ സംഘപരിവാറിന് അടിയറ വയ്ക്കരുത്: വി.എസ്
Monday, August 31, 2015 1:22 AM IST
കഴക്കൂട്ടം: ശ്രീനാരായണഗുരു സ്ഥാപിച്ച പ്രസ്ഥാനത്തെ സംഘപരിവാര്‍ ശക്തികളുടെ കാല്‍ക്കീ ഴില്‍ അടിയറവയ്ക്കാന്‍ അനുവദിക്കരുതെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ചതയ ദിനത്തോടനുബന്ധിച്ച് ചെമ്പഴന്തിയില്‍ ശ്രീനാരായണ ധര്‍മ ട്രസ്റ് സംഘടിപ്പിച്ച ജയന്തി മഹാസമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ജാതിയോ മതമോ ആചാരാനുഷ്ഠാനങ്ങളോ അല്ല മനുഷ്യനെ മനുഷ്യനും മഹാനുമാക്കുന്നത് എന്ന ഉറച്ച വിശ്വാസത്തില്‍ ഊന്നിയതാണു ശ്രീനാരായണഗുരുദര്‍ശനം. മനുഷ്യനെ വേര്‍തിരിക്കുന്ന സങ്കുചിതമായ ഇത്തരം പരിമിതികള്‍ക്കപ്പുറത്തു മാനവികതയുടെ വിശാലമായ ലോകമാണ് അദ്ദേഹം കാട്ടിത്തന്നത്. അത്തരമൊരു വിശാലമായ ലോകത്തേക്ക് എല്ലാ മനു ഷ്യരും ഒരുമിച്ച് മുന്നേറണമെന്ന സന്ദേശമാണ് അദ്ദേഹം പ്രദാനം ചെയ്തത്. അവിടെ ജാതിയുടെയോ മതത്തിന്റെയോ ഒരു വേര്‍തിരിവും ഉണ്ടാകാന്‍ പാടില്ലെന്ന് അദ്ദേ ഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. എസ്എന്‍ഡിപി യോഗരൂപീകരണത്തില്‍പ്പോലും ഗുരുവിന്റെ ഈ വീക്ഷണമാണ് പ്രതിഫലിച്ചിരുന്നത്. അതില്‍നിന്ന് വ്യതിചലിച്ചപ്പോഴൊക്കെ അതിനെതിരേ താക്കീതും മുന്നറിയിപ്പും നല്‍കാനും ശ്രീനാരായണഗുരു ശ്രദ്ധിച്ചിട്ടുണ്ട്.

ഇതൊന്നും മനസിലാക്കാന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു സാധിക്കുന്നില്ലെങ്കില്‍ അത് അദ്ദേഹത്തിന്റെ പരിമിതിയായി കാണാനേ കഴിയൂ. അതിനു നടേശന്‍ എന്നോടു കോപിച്ചിട്ടു വല്ല കാര്യവുമുണ്േടാ? നടേശന്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത് ശ്രീനാരായണഗുരു ഈഴവഗുരു ആണെന്നാണ്. ചരിത്രപ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്ഠ നടത്തിയപ്പോള്‍പ്പോലും ഗുരു പറഞ്ഞത് നാം പ്രതിഷ്ഠിച്ചതു നമ്മുടെ ശിവനെയാണെന്നാണ്’അല്ലാതെ ഈഴവശിവനെയെന്നല്ല. നടേശനു വേണമെങ്കില്‍ ശ്രീനാരായണഗുരുവിനെ അങ്ങനെ വ്യാഖ്യാനിക്കാം.

പക്ഷേ, കുമാരനാശാന്‍ 14 വര്‍ഷം ഇരുന്ന കസേരയിലിരുന്നു ശ്രീനാരായണഗുരുവിനെ ഈഴവ ഗുരുവാക്കുന്നതാണ് ചരിത്രനിഷേധവും അപകടകരവും. അങ്ങനെ ചെയ്യുമ്പോള്‍ അതു ചോദ്യം ചെയ്യാനുള്ള അവകാശം ഞങ്ങളെപ്പോലുള്ളവര്‍ക്കുണ്െടന്നെങ്കിലും നടേശന്‍ മനസിലാക്കണം. എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി കൂടിയായിരുന്ന മഹാകവി കുമാരനാശാന്‍ പാടിയത് ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ എന്നാണ്. ഇത് ആശാന്‍ പറഞ്ഞത് ചണ്ഡാലഭിക്ഷുകിയിലാണ്. ചണ്ഡാലഭിക്ഷുകി എഴുതിയത് 1923ലായിരുന്നു. നടേശന്‍ ഇതൊന്നു വായിച്ചു നോക്കണം. ഇതിനും ഏഴു വര്‍ഷം മുമ്പ് ശ്രീനാരായണ ഗുരു ചരിത്രപ്രസിദ്ധമായ ഒരു വിളംബരം നടത്തിയി ട്ടുണ്ട്. 1916ല്‍ ആലുവ അദ്വൈതാശ്രമത്തില്‍ വച്ചു നടത്തിയ ആ വിളംബരത്തിനു നല്‍കിയ തലക്കെട്ടുതന്നെ നമുക്ക് ജാതിയില്ല എന്നായിരുന്നു. ഇതൊക്കെ വല്ലപ്പോഴും ഒന്നു വായിക്കുന്നതു കൊണ്ട് അപകടമൊന്നും ഉണ്ടാവില്ലെന്നെങ്കിലും നടേശന്‍ മനസിലാക്കണം.


ഇതൊന്നും മനസിലാക്കാന്‍ ശ്രമിക്കാതെ ഇന്നിപ്പോള്‍ സംഘപരിവാറിന്റെ കൊടിമൂത്ത ഒരു വനിതാ നേതാവുകൂടിയായ കേന്ദ്രമന്ത്രിയെയാണ് നടേശന്‍ ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ പറയാന്‍ കണിച്ചുകുളങ്ങരയില്‍ കൊണ്ടുവന്നത്.

രാമസന്തതികളാണോ അതോ ജാരസന്തതികളാണോ ഡല്‍ഹി ഭരിക്കേണ്ടത് എന്ന വൃത്തികെട്ട ചോദ്യം ചോദിച്ച്, ഒടുവില്‍ മാപ്പിരന്നു പ്രതിഷേധങ്ങളില്‍നിന്നു രക്ഷപ്പെട്ട സാധ്വി നിരഞ്ജന്‍ ജ്യോതി എന്ന മന്ത്രിയെയാണ് അദ്ദേഹം ഈ ചതയദിനത്തില്‍ സന്ദേശം നല്‍കാന്‍ ആനയിച്ചത്.

ശ്രീനാരായണഗുരു സ്ഥാപിച്ച പ്രസ്ഥാനത്തെ സംഘപരിവാര്‍ ശക്തികളുടെ കാല്‍ക്കീഴില്‍ കാണിക്കവയ്ക്കാന്‍ ശ്രമിക്കുന്നതിന്റെ അധാര്‍മികതയും അപകടങ്ങളും പരിശോധിക്കാതിരിക്കാന്‍ ഈയൊരു പശ്ചാത്തലത്തില്‍ കഴിയില്ല. കേരളീയ സാമൂഹികജീവിതത്തിലെ ഏതെല്ലാം പ്രവണതകള്‍ക്ക് എതിരായാണോ ശ്രീനാരായണഗുരു തന്റെ ദര്‍ശനങ്ങള്‍ കൊണ്ടും ജീവിതംകൊണ്ടും പോരാടിയത്, അത്തരം പ്രവണതകള്‍ക്കു കരുത്തു പകരാനായി ഗുരുദര്‍ശനത്തെ അടിയറവയ്ക്കാന്‍ ശ്രമിക്കുകയാണ്. ഇത് ഒരു കാരണവശാലും അനുവദിച്ചുകൂടെന്നു വി.എസ് പറഞ്ഞു. ശ്രീനാരായണഗുരു ജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. സ്വാമി പ്രകാശാനന്ദ ജയന്തി സന്ദേശം നല്‍കി. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. അഡ്വ. ടി.കെ. നാരായണ ദാസ്, അമ്പലത്തറ ചന്ദ്രബാബു, കിളിമാനൂര്‍ ചന്ദ്രബാബു എന്നിവര്‍ പ്രസംഗിച്ചു. ലോര്‍ഡ്സ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. കെ.പി. ഹരി ദാസിനെ ചടങ്ങില്‍ ആദരിച്ചു. സ്വാമി ശുഭാംഗാനന്ദ നന്ദി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.