ഹരിതം
ഹരിതം
Monday, August 31, 2015 1:25 AM IST
വരൂ കൂണ്‍ കൃഷിചെയ്യാം

ടോം ജോര്‍ജ്

ബീഫ് കിട്ടാനില്ലാത്തതും ഇതിന്റെ വില ഉയര്‍ന്നതുമെല്ലാം വലിയ വാര്‍ത്തകളായിരുന്നല്ലോ. കിട്ടാത്ത ബീഫിനെക്കുറിച്ച് നെടുവീര്‍പ്പെടുന്നവരോട് ഒരുചോദ്യം, ബീഫിന്റെ അതേരുചിയും ഗുണങ്ങളും തരാന്‍ കഴിയുന്ന പകരക്കാരനെ പരീക്ഷിച്ചുകൂടേ? മറ്റാരുമല്ല, നമ്മുടെ കൂണ്‍തന്നെ.

ഇടവപ്പാതി കഴിയുന്ന സമയത്ത് നമ്മുടെ തൊടികളില്‍ കുടയുടെ ആകൃതിയില്‍ മുളച്ചുപൊന്തുന്ന വെള്ളരിപ്രാവിന്റെ നിറമുള്ള പാല്‍ക്കൂണിനെ നാമാരും മറന്നിട്ടുണ്ടാവാനിടയില്ല. മഴക്കാലത്ത് ചിപ്പിയുടെ ആകൃതിയില്‍ വളരുന്ന ചിപ്പിക്കൂണും നമ്മുടെ മനസില്‍ ഇടം നേടിയിരുന്നവയാണ്. കൂണിന്റെ ഗുണങ്ങള്‍ മലയാളി തിരിച്ചറിഞ്ഞുതുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. അധികം കഷ്ടപ്പാടുകള്‍ കൂടാതെ വീടിനകത്തു തന്നെ വളര്‍ത്തിയെടുക്കാവുന്ന ഒന്നാണ് പാല്‍കൂണ്‍. ഇതിനായി ആദ്യം ചെയ്യേണ്ടത് അംഗീകൃത സ്ഥലങ്ങളില്‍നിന്ന് കൂണ്‍വിത്ത് സംഘടിപ്പിക്കുക എന്നതാണ്. കൃഷിവകുപ്പിന്റെ കൃഷി വിജ്ഞാനകേന്ദ്രങ്ങളിലോ ഔട്ട്ലറ്റുകളിലോ മറ്റ് അംഗീകൃത സ്വകാര്യസ്ഥാപനങ്ങളിലോ കൂണ്‍വിത്തു ലഭ്യമാകും.

കൃഷിരീതി

കേരളത്തില്‍ സാധാരണയായി വൈക്കോല്‍ നിറച്ച കവറുകളിലാണ് കൂണ്‍കൃഷിചെയ്യുന്നത്. ഇതിനായി ആദ്യം വൈക്കോല്‍ അരമണിക്കൂര്‍ വെള്ളത്തിലിട്ട് പുഴുങ്ങണം. അല്ലെങ്കില്‍ ഒരു പ്ളാസ്റിക്ക് ഡ്രമ്മില്‍ 20 ലിറ്റര്‍ വെള്ളമെടുക്കുക. ഇതിലേക്ക് 10 മില്ലി ഫോര്‍മാലിനും ഒന്നരഗ്രാം ബാവിസ്റിനും ചേര്‍ത്തിളക്കി ഇതില്‍ വൈക്കോലിടുക.

ഒരുദിവസം ഇങ്ങനെ വയ്ക്കുക. പുഴുങ്ങുകയോ രാസലായനിയില്‍ മുക്കിവയ്ക്കുകയോ ചെയ്ത വെക്കോല്‍ പുറത്തെടുത്തു വൃത്തിയുള്ള പ്രതലത്തില്‍ ഉണങ്ങാന്‍ ഇടുക. ഈ പ്രതലം ഡറ്റോളോ മറ്റോ നേര്‍പ്പിച്ച വെള്ളമുപയോഗിച്ച് വൈക്കോല്‍ ഇടുന്നതിനുമുമ്പ് തുടയ്ക്കുന്നതും നല്ലതാണ്. മഴയില്ലാത്ത സമയത്താണെങ്കില്‍ രണ്ടു മൂന്നു മണിക്കൂര്‍കൊണ്ട് വെക്കോല്‍ ഉണങ്ങും. വൈക്കോലില്‍ വേണ്ട ഈര്‍പ്പത്തിന്റെ അളവ് 60-65 ശതമാനമാണ്. അതായത് കൈയിലെടുക്കുമ്പോള്‍ ഈര്‍പ്പം അനുഭവപ്പെടുന്ന അവസ്ഥ. എന്നാല്‍ വൈക്കോല്‍ പിഴിഞ്ഞാല്‍ ജലം വരുകയുമരുത്.

ഈ അവസ്ഥയിലെത്തിയ വൈക്കോലിനെ ചുമ്മാടാക്കി പോളിപ്രോപ്പല്ലിന്‍ കവറിലാക്കുന്നു. 150-200 ഗേജുള്ള കവറാണ് ഇതിനായി ഉപയോഗിക്കേണ്ടത്. വീതിയും നീളവും കൃഷിക്കാരന്റെ യുക്തിക്കനുസരിച്ച് നിശ്ചയിക്കാം. ഗേജുകുറഞ്ഞാല്‍ വൈക്കോല്‍ ഇറക്കുമ്പോള്‍ കീറാന്‍ സാധ്യതയുണ്ട്.
കൂണ്‍ വിത്തുവിതയ്ക്കല്‍

മറ്റേതൊരു കാര്‍ഷികവിളയേയും പോലെ കൂണ്‍വിത്തിന്റെ ഗുണമേന്മ കൃഷിയില്‍ പ്രധാനപ്പെട്ടതാണ്. ഒരു ചുമ്മാട് വച്ചതിനുശേഷം സ്പോണ്‍ എന്നറിയപ്പെടുന്ന കൂണ്‍വിത്ത് ഇടണം. വെള്ളനിറത്തില്‍ ധാന്യത്തില്‍ വളര്‍ത്തിയ വിത്തിന് 300 ഗ്രാമിന് 16 രൂപയ്ക്കടുത്താണ് വില. ഈ വിത്തുകൊണ്ട് രണ്ടു പോളി ബാഗുകള്‍ നിറയ്ക്കാം.

കവറിന്റെ വശങ്ങളിലാണ് വിത്തിടേണ്ടത്. കവറിന്റെ നീളത്തിനനുസരിച്ച് വയ്ക്കുന്ന ചുമ്മാടുകളുടെ എണ്ണം കൂട്ടാം. ഇതിനുശേഷം ചണക്കയറുകൊണ്ടു ബാഗ് നന്നായി വരിഞ്ഞുമുറുക്കിക്കെട്ടുക. ഇതിനുശേഷം വായു സഞ്ചാരത്തിനുള്ള സുഷിരങ്ങള്‍ ഇടാം. പിന്‍ പ്രിഗ് രീതിയാണ് ഇതിനായി സാധാരണ ഉപയോഗിക്കുക. അതായത് മൊട്ടുസൂചികൊണ്ട് ചെറു സുഷിരങ്ങളിടുക. സുഷിരം വലുതായാല്‍ ബാഗിനുള്ളില്‍ കീടബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. തറയുമായി ബന്ധമില്ലാത്തവിധം ഉറികളുണ്ടാക്കി അതിലോ തറയില്‍ പലകയോ മറ്റോ ഇട്ടോ തടങ്ങള്‍ വയ്ക്കാം.

ഉറികളാണെങ്കില്‍ കൂടുതല്‍ ബാഗുകള്‍ വയ്ക്കാന്‍ സാധിക്കും. ഒരാഴ്ച കഴിയുമ്പോള്‍ കൂണ്‍തന്തുക്കള്‍ മുളയ്ക്കും. വൈക്കോലില്‍ പൌഡര്‍ തൂകിയപോലെയാകും ഇത് അനുഭവപ്പെടുക. 20 ദിവസം കഴിയുമ്പോള്‍ തടങ്ങള്‍ പുറത്തെടുത്ത് രണ്ടായി മുറിക്കാം. പാല്‍ക്കൂണ്‍ നന്നായി വളരുന്നതിന് മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ തുല്ല്യമായി ചേര്‍ത്ത മിശ്രിതം ചേര്‍ത്തുകൊടുക്കണം. ഇത് പ്രഷര്‍ക്കുക്കറില്‍ പുഴുങ്ങി അണുവിമുക്തമാക്കിയശേഷം ഉപയോഗിക്കുന്ന രീതിയും ചിലകര്‍ഷകര്‍ സ്വീകരിക്കുന്നു. കുമ്മായവും ഈ കൂട്ടില്‍ ചേര്‍ക്കുന്നവരുണ്ട്. ഈ മിശ്രിതം ഇഡ്ഡലിപ്പാത്രത്തിലോ പ്രഷര്‍ക്കുക്കറിലോ പുഴുങ്ങിയെടുക്കാം. ഇഡ്ഡലിപാത്രത്തിലാണെങ്കില്‍ ഒരു മണിക്കൂര്‍ പുഴുങ്ങണം.

മുറിച്ച കൂണ്‍ തടങ്ങളുടെ മുകളില്‍ ഒരിഞ്ചു ഘനത്തില്‍ ഈ മിശ്രിതം ഇട്ടുകൊടുക്കണം. ഇവ തറയില്‍ നിരത്തുകയോ ഉറിയില്‍ തൂക്കുകയോ ചെയ്യാം. പോളിഹൌസിലും ഇവ വളര്‍ത്താം. ആവശ്യത്തിന് ഈര്‍പ്പം നല്‍കാന്‍ കൂണ്‍തടങ്ങളില്‍ വെള്ളം സ്പ്രേ ചെയ്തു കൊടുക്കണം. വാണിജ്യാടിസ്ഥാനത്തിലാണെങ്കില്‍ മിസ്റ് ഇറിഗേഷന്‍ രീതിയും സ്വീകരിക്കാം. കളക്കുമിളുകള്‍ തടങ്ങളില്‍ വളരുന്നുണ്െടങ്കില്‍ പറിച്ചുനീക്കണം. എട്ടുദിവസത്തിനുള്ളല്‍ പാല്‍ക്കൂണ്‍ മുകുളങ്ങള്‍ കൂടിനു മുകളില്‍ പ്രത്യക്ഷപ്പെടും. ഇവ ധാരാളമുണ്ടാകുമെങ്കിലും വളരെക്കുറച്ചുമാത്രമേ വളര്‍ന്നു വലുതാകൂ. ഇവ പത്തു ദിവസത്തിനുള്ളില്‍ ആദ്യവിളവെടുപ്പിനു പാകമാകും. ഒരുമാസത്തിനുള്ളില്‍ മുന്നു വിളവെടുപ്പു കൂടി നടത്താം. ഒരു തടത്തില്‍നിന്ന് ശരാശരി അരക്കിലോ കൂണ്‍ ലഭിക്കും. വിളവെടുത്തശേഷം കൂണ്‍ വൃത്തിയാക്കണം. മണ്ണും മറ്റും കത്തിയുപയോഗിച്ച് ചിരണ്ടി നീക്കാം. പായ്ക്കുചെയ്ത് വില്‍പന നടത്താം. മൂന്നു ദിവസം വരെ കേടാകാതെയിരിക്കും.

ഒരു കിലോ പാല്‍ക്കൂണിന് 120 രൂപയിലധികം വിലയുണ്ട്. ബീഫിന്റെ വിലയുടെ പകുതി മതി ഒരു കിലോ കൂണിന്. ഇറച്ചി കറിവയ്ക്കുന്നതുപോലെ തന്നെ പാല്‍ക്കുണ്‍ പാചകം ചെയ്യാം. ചില്ലി, ജിഞ്ചര്‍, ബട്ടര്‍ മഷ്റും എന്നിവ ചിക്കന്‍ ഉപയോഗിച്ച് വയ്ക്കുന്നതുപോലെതന്നെ കൂണുപയോഗിച്ചും തയാറാക്കാം. കൂണ്‍ പുഴുങ്ങിയശേഷം സലാഡ് ഉണ്ടാക്കാം. സൂപ്പുണ്ടാക്കാനും ഉത്തമമാണ് പാല്‍ക്കൂണ്‍. കട്ലറ്റ്, അച്ചാര്‍, ചട്നി എന്നിവ ഉണ്ടാക്കാം. കൂണ്‍ ഉണക്കി പൌഡറാക്കാം.

15 മിനിറ്റ് തിളപ്പിച്ചതിനു ശേഷം വേണം കൂണ്‍ വിഭവങ്ങള്‍ തയാറാക്കാന്‍. അപ്പോള്‍ കൂടുതല്‍ മൃദുത്വം ലഭിക്കും. വീട്ടമ്മമാര്‍ക്ക് ഒരാദായ മാര്‍ഗമെന്ന നിലയില്‍ ചെയ്യാവുന്ന ഒന്നാണ് കൂണ്‍കൃഷി. ഒപ്പം ബീഫിനു പകരം ഉപയോഗിക്കാവുന്ന ഒരുഗ്രന്‍ വിഭവവും നമുക്ക് അടുക്കളയില്‍ തയാറാക്കാം.

കൂണ്‍ വളരുന്നിടം അസുഖം മാറുന്നിടം

കൂണ്‍ വളരുന്നിടം അസുഖം മാറുന്നിടമാണെന്ന പഴമൊഴിയില്‍ നിന്നുതന്നെ ഭക്ഷ്യവസ്തു എന്ന നിലയില്‍ കൂണിനുള്ള പ്രാധാന്യം മനസിലാക്കാം. സവിശേഷ സ്വാദു ള്ള ഒരു സസ്യാഹാരമെന്നതിലുപരി വിറ്റാമിനുകളും ധാതുക്കളും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതു മാത്രമല്ല ജന്തുക്കളിലെ പ്രോട്ടീനുകളെക്കാളും ഉത്തമമാണ് ഇവയിലെ പ്രോട്ടീനുകളെന്ന് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

കലോറി കൂടുതല്‍ അടങ്ങിയ ധാന്യവിളകളാണ് ഒരു സാധാരണ ഇന്ത്യക്കാരന്റെ ആഹാരം. ഇതില്‍ പ്രോട്ടീനിന്റെ (മാംസ്യം) അംശം വളരെ കുറഞ്ഞ തോതില്‍ മാത്രം കാണപ്പെടുന്നു. അതിനാല്‍ ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യയിലെ സാധാരണ ജനങ്ങളില്‍ പ്രധാനമായും കൂട്ടികളിലും, സ്ത്രീകളിലും കാണുന്ന പോഷകാഹാരക്കുറവ് ഒരു വലിയ പ്രശ്നമാണ്. ഇതിനു പ്രധാന കാരണം മാംസ്യത്തിന്റെ ലഭ്യതക്കുറവാണ്. എന്നാല്‍ ഉള്ളിയില്‍നിന്നും കാബേജില്‍നിന്നും ലഭിക്കുന്നതിന്റെ രണ്ടിരട്ടിയും ഓറഞ്ചില്‍നിന്നു ലഭിക്കുന്നതിന്റെ നാലുമടങ്ങും ആപ്പിളിനെ അപേക്ഷിച്ച് 12 മടങ്ങും കൂടുതലാണു കൂണില്‍ നിന്നു ലഭിക്കുന്ന പ്രോട്ടീനിന്റെ അളവ്. ഭക്ഷ്യധാന്യങ്ങളില്‍ കാണാത്ത ലൈസിന്‍, ട്രിപ്റ്റോഫാന്‍ എന്നീ രണ്ട് അവശ്യ അമിനോ ആസിഡുകള്‍ ധാരാളമായി കൂണില്‍ അടങ്ങിയിരിക്കുന്നു.


അതിനാല്‍ കൂണ്‍ ഉപയോഗിച്ചാല്‍ പ്രോട്ടീന്‍ കുറവുമൂലം ഉണ്ടാകുന്ന പല രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. ഭക്ഷ്യധാന്യങ്ങളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന രാജ്യങ്ങളില്‍ കൂണിനെ ഒരു നല്ല പ്രോട്ടീന്‍ദായക ആഹാരപദാര്‍ഥമായി ലോക ഭക്ഷ്യസംഘടന അംഗീകരിച്ചിട്ടുണ്ട്. പയറുവര്‍ഗങ്ങളുടെ ലഭ്യതക്കുറവ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ കൂടുതലാണ്. മാംസ്യത്തിന്റെ ലഭ്യതക്കുറവ് മൂലമുണ്ടാകുന്ന ഈ പ്രശ്നം പരിഹരിക്കാന്‍ പറ്റിയ ഉത്തമ സസ്യാഹാരം കൂടിയാണ് കൂണ്‍.

പോഷകഗുണത്തിലും രുചിയിലും അതുല്യമായ കൂണ്‍, ആരോഗ്യപരിപാലനത്തിലും ശരീരസൌ ന്ദര്യത്തിനും ഉത്തമമായ ഭക്ഷണമാണ്. മുട്ട, പാല്‍, മാംസം, മല്‍സ്യം തുടങ്ങിയവയില്‍ പ്രോട്ടീന്‍ ധാരാളമായി ഉണ്െടങ്കിലും ഇവയിലെ കൊഴുപ്പിന്റെ സാന്നിധ്യം ശരീരത്തിന് ആരോഗ്യകരമല്ല. കൂണിലെ മാംസ്യം രുചിയിലും ഘടനയിലും മാംസാഹാരത്തിന് തുല്യമാണ്. കൂണിന്റെ തുടര്‍ച്ചയായ ഉപയോഗം ഹൃദ്രോഗ സാധ്യത കുറയ്ക്കും. മറ്റു ഭക്ഷ്യനാരുകളെ അപേക്ഷിച്ച് കൂണിലെ നാരുകള്‍ വളരെ പ്രവര്‍ത്തനക്ഷമമാണ്. തന്മൂലം വളരെ പെട്ടെന്ന് ശരീരകൊഴുപ്പിന്റെ അളവു നിയന്ത്രിക്കപ്പെടും. ഫോളിക് ആസിഡ് എന്ന രക്തത്തെ പരിപോഷിപ്പിക്കാന്‍ കെല്‍പ്പുള്ള വിറ്റാമിനും കൂണുകളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ധാതുലവണങ്ങളുടെ ഒരു കലവറതന്നെ കൂണുകളിലുണ്ട്. പ്രധാനമായും ഫോസ്ഫറസ്, പൊട്ടാസ്യം, ചെമ്പ്, ഇരുമ്പ് എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഇതിനു പുറമേ കാല്‍സ്യം, മഗ്നീഷ്യം, സോഡിയം, നാകം തുടങ്ങിയ ധാതുക്കളും വേണ്ട അളവില്‍തന്നെ കൂണുകളില്‍ ലഭ്യമാണ്. കൂണുകളില്‍ ഊര്‍ജ്ജം വളരെ കുറച്ചുമാത്രമാണ് കാണുന്നത്. ഇക്കാരണങ്ങളാല്‍ കൊച്ചുകുട്ടികള്‍ക്കും രോഗികള്‍ക്കുംവരെ കൂണ്‍ ദഹനയോഗ്യവും ഔഷധാഹാരവുമാണെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

നിരോക്സീകാരികളായ ആന്റി ഓക്സിഡന്റുകള്‍ കൂണില്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ പതിവായി കൂണ്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നവര്‍ക്ക് ചര്‍മത്തില്‍ ചുളിവുകളും മറ്റും ഉണ്ടാകില്ല. അധികകൊഴുപ്പ് നീക്കം ചെയ്യപ്പെടുന്നതിനാല്‍ ശരീരസൌന്ദര്യം നിലനിര്‍ത്താനുമാകും. ത്വക്കിന്റെ സൌന്ദര്യം സംരക്ഷിക്കുന്ന ജീവകം ബി, ഫോളിക് ആസിഡ്, സിങ്ക്, ഇവയുടെ നിര്‍മാണത്തിനുതകുന്ന എര്‍ഗോന്റ്റിനോള്‍ എന്നിവ കൂണിലടങ്ങിയിരിക്കുന്നു. ചുരുക്കി പറയുകയാണെങ്കില്‍ നല്ലൊരു സമീകൃതാഹാരമാണ് കൂണ്‍. വളരെ കുറച്ച് അന്നജമേ കൂണില്‍ അടങ്ങിയിട്ടുള്ളൂ എന്നതിനാല്‍തന്നെ പ്രമേഹരോഗികളുടെ ആനന്ദം എന്നും കൂണിനെ വിളിക്കാറുണ്ട്. ഭക്ഷ്യയോഗ്യമായ കൂണുകള്‍ക്ക് ഔഷധഗുണം വളരെ ഏറെയാണ്. മഞ്ഞപ്പിത്തം, രക്തംപോക്ക്, ചൊറി, കോളറ, കൈകാല്‍ തളര്‍ച്ച, പനി, നീര്‍ക്കെട്ട് തുടങ്ങിയ രോഗങ്ങള്‍ ഭക്ഷ്യയോഗ്യമായ ചില കൂണുകളുടെ ഉപയോഗത്താല്‍ മാറുമെന്ന് ആദിവാസികള്‍ അവരുടെ അനുഭവത്തില്‍നിന്നും സാക്ഷ്യപ്പെടുത്തുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9544629703, 9605835853.

സുഗന്ധവിളകളിലെ നിമാവിരകള്‍

ചിഞ്ചു വി. എസ്

വിരകളുടെ അകന്ന ബന്ധുവും നഗ്നനേത്രങ്ങള്‍കൊണ്ട് സാധാരണഗതിയില്‍ കാണാന്‍ സാധിക്കാത്തതുമായ സസ്യശത്രുക്കളാണ് നിമാവിരകള്‍. ധാരാളം മഴ ലഭിക്കുന്ന കേരളത്തില്‍ മണ്‍സൂണിലും തുടര്‍ന്നുള്ള മാസങ്ങളിലുമാണ് ഇവയുടെ ആക്രമണം രൂക്ഷമാകുന്നത്. തണുത്ത കാലാവസ്ഥയും മണ്ണിലെ ഈര്‍പ്പവും പുതുവേരുകളുടെ അതിപ്രസരവും നിമാവിരകളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും അനുകൂലമാണ്. ജൂണ്‍ മുതല്‍ ഡിസംബര്‍വരെ ഇവ നിശബ്ദമായി നമ്മുടെ കാര്‍ഷിക വിളകളുടെ വേരുപടലങ്ങള്‍ നശിപ്പിച്ചുകൊണ്േടയിരിക്കും. വേരുകള്‍ നശിച്ചുപോകുന്നതിനാല്‍ ജലവും പോഷകങ്ങളും വലിച്ചെടുക്കാന്‍ ചെടികള്‍ക്ക് സാധിക്കാതിരിക്കുകയും ഉത്പാദനത്തില്‍ കുറവുണ്ടാവുകയും ചെയ്യുന്നു. ഒട്ടനവധി വിളകളെ ഒരേസമയം ആക്രമിക്കുന്ന വേരുബന്ധിത നിമാവിരയാണ് കൂട്ടത്തില്‍ ഏറ്റവും ഭീകരന്‍.

കുരുമുളക്

കേരളത്തിലെ 90 ശതമാനം കുരുമുളക് തോട്ടത്തിലും നിമാവിരകളുടെ ആക്രമണം കാണപ്പെടുന്നു. ആക്രമണം ബാധിച്ച ചെടികള്‍ സാവധാനത്തില്‍ ഉണങ്ങി നശിക്കുന്നു. വാടി മഞ്ഞളിക്കുന്ന ഇലകളാണ് നിമാവിര ആക്രമണത്തിന്റെ പുറമെ കാണുന്ന ലക്ഷണം. കായ്പിടിത്തമുള്ള വള്ളികളില്‍ തിരികള്‍ അപ്പാടെ കൊഴിഞ്ഞുപോകുന്നത് ഒരു പ്രധാന ലക്ഷണമാണ്. നിമാവിരകളുടെ ആക്രമണം ഓറഞ്ചു നിറത്തിലുള്ള പൊട്ടുകളായി പുതിയ വേരുകളില്‍ കാണാവുന്നതാണ്. ആക്രമണമേറ്റ പഴയ വേരുകളില്‍ മുഴകള്‍ കാണപ്പെടുന്നു. ഈ മുഴകളിലാണ് നിമാവിരകള്‍ അവയുടെ മുട്ടകള്‍ സൂക്ഷിക്കുന്നത്. മുട്ടകള്‍ വിരിഞ്ഞു കുഞ്ഞുങ്ങള്‍ പുറത്തിറങ്ങുന്നതോടുകൂടി ഈ വേരുകള്‍ അഴുകി നശിക്കുന്നു.

നിയന്ത്രണമാര്‍ഗങ്ങള്‍

നിമാവിരകളുടെ ആക്രമണം ഇല്ലാത്ത സ്ഥലത്തുനിന്നുവേണം പുതിയ കുരുമുളക് തൈകള്‍ വാങ്ങാന്‍
കുരുമുളകിന്റെ താങ്ങ് മരമായി മുള്ളു മുരിക്കിനെ ഉപയോഗിക്കാതിരിക്കുക.
ഇടവിളകളായി വാഴ, ഇഞ്ചി, മഞ്ഞള്‍ എന്നിവ നടരുത്.
തോട്ടത്തില്‍ യഥാസമയം കളനശീകരണം നടത്തുക.

കുരുമുളക് ചെടിയുടെ ചുവട്ടില്‍ ശീമക്കൊന്നയിലകൊണ്ട് പുതയിടുക.
ഓരോ ചെടിയുടെ ചുവട്ടിലും 200 ഗ്രാം എന്ന തോതില്‍ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തു കൊടുക്കുക.
പുതിയ ചെടി നടുന്നതിനു മുമ്പായി അല്ലെങ്കില്‍ കാലവര്‍ഷത്തിനു തൊട്ടുമുമ്പായി ബാസിലസ് മാമ്പെറന്‍സ് എന്ന മിത്ര ബാക്ടീരിയയെ തടത്തില്‍ ചേര്‍ത്തുകൊടുക്കുക.

ഇഞ്ചി

പതിനേഴോളം വിവിധ ജനുസുകളില്‍ പെടുന്ന നിമാവിരകള്‍ ഇഞ്ചിയെ ആക്രമിക്കുന്നു. ഇതുകാരണം 40 മുതല്‍ 50 ശതമാനം വരെ ഉത്പാദന നഷ്ടം നമ്മുടെ ഇഞ്ചി കര്‍ഷകര്‍ നേരിടുന്നുണ്ട്. ഇഞ്ചിച്ചെടിയുടെ ഉയരത്തെയും ഇഞ്ചിയുടെ തൂക്കത്തെയും നിമാവിരകള്‍ സാരമായി ബാധിക്കുന്നുണ്ട്. കൂടാതെ ചീയല്‍ രോഗത്തിനു കാരണമായ പിത്തിയം എന്ന ശത്രു കുമിളിന്റെ വ്യാപനത്തിനും നിമാവിരകള്‍ കാരണമാകുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9497426849.

(പടന്നക്കാട് കാര്‍ഷിക കോളജിലെ അധ്യാപകനാണ് ലേഖകന്‍)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.