മണര്‍കാട് പള്ളിയില്‍ തിരുനാളിനു നാളെ കൊടിയേറും
മണര്‍കാട് പള്ളിയില്‍ തിരുനാളിനു നാളെ കൊടിയേറും
Monday, August 31, 2015 1:27 AM IST
മണര്‍കാട്: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലില്‍ എട്ടുനോമ്പു തിരുനാളിനു നാളെ കൊടിയേറും. നാളെ ഉച്ചകഴിഞ്ഞു രണ്ടിനു കൊടിമരഘോഷയാത്ര പള്ളിയില്‍നിന്നു പുറപ്പെടും. തുടര്‍ന്ന് അരീപ്പറമ്പ് കരയില്‍ പാണാപറമ്പില്‍ രാജന്‍ കെ. ചെറിയാന്റെ പുരയിടത്തില്‍നിന്നു ഘോഷയാത്രയായി കൊടിമരം പള്ളിയില്‍ എത്തിച്ചേരും. നാലിനു തിരുനാളിനു തുടക്കം കുറിച്ചു കൊടിമരം ഉയര്‍ത്തല്‍ നടക്കും. തുടര്‍ന്നു സന്ധ്യാ പ്രാര്‍ഥനയും മരിയന്‍ സായാഹ്ന ഭക്തി ധ്യാനവും ഉണ്ടായിരിക്കും.

നാളെ മുതല്‍ എട്ടുവരെ രാവിലെ 6.30നു കരോട്ടെ പള്ളിയില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. എല്ലാ ദിവസവും രാവിലെ ഒമ്പതിനു വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്കു വിവിധ ഭദ്രാസന മെത്രാപ്പോലീത്താമാര്‍ കാര്‍മികത്വം വഹിക്കും.

അഞ്ചിന് ഉച്ചകഴിഞ്ഞു രണ്ടിനു ഇടവകയിലെ വിവിധ ആധ്യാത്മിക സംഘടനകളുടെ വാര്‍ഷിക പൊതുസമ്മേളനം നടത്തും. ഡോ.തോമസ് മാര്‍ തീമോത്തിയോസിന്റെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ജോസഫ് മാര്‍ ഗ്രീഗോറിയോസ് മുഖ്യപ്രഭാഷണം നടത്തും. ഡോ.കുര്യാക്കോസ് മാര്‍ തെയോഫിലോസ് അനുഗ്രഹ പ്രഭാഷണം നടത്തും. സേവകസംഘം നിര്‍മിച്ചു നല്‍കുന്ന 15 ഭവനങ്ങളുടെ താക്കോല്‍ദാന കര്‍മം മേളം ചാരിറ്റി ഇന്റര്‍ നാഷണലിന്റെ പ്രസിഡന്റ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍ നിര്‍വഹിക്കും.


ആറിനു ഉച്ചകഴിഞ്ഞു രണ്ടിന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അധ്യാത്മിക ഘോഷയാത്രയായ കുരിശുപള്ളികളിലേക്കുള്ള വര്‍ണശബളമായ റാസ നടത്തപ്പെടും. ഏഴിന് ഉച്ചനമസ്കാര സമയത്തു പ്രധാന മദ്ബഹയിലെ വിശുദ്ധ ത്രോണോസില്‍ പ്രതിഷ്ഠിച്ചിട്ടുള്ള പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദര്‍ശനത്തിനായി തുറന്നുകൊടുക്കുന്ന പ്രസിദ്ധമായ നടതുറക്കല്‍ ചടങ്ങ് നടക്കും. രാത്രി 10നു പ്രദക്ഷിണം. തിരുനാള്‍ ദിനമായ എട്ടിന് ഉച്ചകഴിഞ്ഞു രണ്ടിനു നടത്തപ്പെടുന്ന പ്രദക്ഷിണത്തോടും നേര്‍ച്ചവിളമ്പോടുംകൂടി തിരുനാള്‍ സമാപിക്കും. എല്ലാ ദിവസങ്ങളിലും പ്രസംഗവും ധ്യാനവും ഉച്ചനമസ്കാരവും സന്ധ്യാനമസ്കാരവും കൂടാതെ നാളെ മുതല്‍ അഞ്ചുവരെയുള്ള ദിവസങ്ങളില്‍ സന്ധ്യാ നമസ്കാരത്തെത്തുടര്‍ന്നു സായാഹ്നധ്യാന യോഗങ്ങളും ഉണ്ടായിരിക്കും.

തിരുനാള്‍ പരിപാടികളുടെ തത്സമയ സംപ്രേഷണം ഇന്റര്‍നെറ്റില്‍ ലഭിക്കും. നോമ്പാചരിക്കാന്‍ എത്തുന്നവര്‍ക്കു പ്രത്യേക വിശ്രമസ്ഥലങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. പള്ളിയില്‍ ഭജനയിരിക്കുന്ന വിശ്വാസികള്‍ക്ക് എല്ലാ ദിവസവും നേര്‍ച്ചക്കഞ്ഞി സൌജന്യമായി നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.