കുറവിലങ്ങാട് പള്ളിയില്‍ എട്ടു ദിനരാത്ര അഖണ്ഡ പ്രാര്‍ഥന
Monday, August 31, 2015 1:29 AM IST
കുറവിലങ്ങാട്: ചരിത്രപ്രസിദ്ധമായ കുറവിലങ്ങാട് പള്ളിയില്‍ അഖണ്ഡ പ്രാര്‍ഥനയുടെ ദിനങ്ങളൊരുക്കി തീര്‍ഥാടകരെ വരവേല്‍ക്കും. എട്ടുനോമ്പു തിരുനാളിനോടനുബന്ധിച്ചാണ് തീര്‍ഥാടകര്‍ക്കായി അഖണ്ഡപ്രാര്‍ഥന ഒരുക്കുന്നത്.

എട്ടുനോമ്പിന്റെ മുഴുവന്‍ ദിനരാത്രങ്ങളിലും ഇടതടവില്ലാതെ ദേവാലയത്തില്‍ പ്രാര്‍ഥനാമന്ത്രങ്ങള്‍ ഉതിരും. നാളെ രാവിലെ ഏഴിനു ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍ കൊടിയേറ്റുന്നതോടെ പ്രാര്‍ഥനയ്ക്കു തുടക്കമാകും. സെപ്റ്റംബര്‍ എട്ടിനു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ കാര്‍മികത്വത്തിലുള്ള തിരുനാള്‍ കുര്‍ബാനയെത്തുടര്‍ന്നുള്ള ജപമാല പ്രദക്ഷിണത്തോടെയാണ് ഈ പ്രാര്‍ഥന സമാപിക്കുന്നത്.

175 മണിക്കൂര്‍ നീളുന്ന അഖണ്ഡ പ്രാര്‍ഥനയില്‍ പങ്കാളികളാകാന്‍ അവസരം ഓരോ മുത്തിയമ്മ ഭക്തര്‍ക്കും ഈ തിരുനാള്‍ ദിനങ്ങളില്‍ ലഭിക്കും. രാജ്യത്തു തന്നെ ഇതാദ്യമായാണ് എട്ടു ദിനരാത്രങ്ങള്‍ ദേവാലയമടയ്ക്കാതെ പ്രാര്‍ഥനയിലൂടെ ഇടവകജനം ഒരുമിക്കുന്നതെന്ന് ഇടവക സമൂഹം പറയുന്നു. നോമ്പിന്റെ എട്ടുദിനങ്ങളിലും വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാനും സന്ദേശം നല്‍കാനുമായി വൈദിക മേലധ്യക്ഷന്മാര്‍ മുത്തിയമ്മയുടെ സവിധത്തിലെത്തും. ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ പോള്‍ ആലപ്പാട്ട്, മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ് ഡോ.ജോസഫ് കരിയില്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ എന്നിവരാണു വിവിധ ദിവസങ്ങളില്‍ വിശുദ്ധ ബലിയര്‍പ്പണത്തിന് എത്തുന്നത്.


ആയിരക്കണക്കിനു മേരിനാമധാരികള്‍ പങ്കെടുക്കുന്ന സംഗമവും നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.