കെഎസ്ആര്‍ടിസി ചങ്ങനാശേരി- കോഴിക്കോട് സില്‍വര്‍ലൈന്‍ നിര്‍ത്തി
Monday, August 31, 2015 1:17 AM IST
കോഴിക്കോട്: കെഎസ്ആര്‍ടിസിയുടെ ചങ്ങനാശേരി- കോഴിക്കോട് സില്‍വര്‍ലൈന്‍ ബസ് സര്‍വീസ് നിര്‍ത്തി. മുന്നറിയിപ്പില്ലാതെ സര്‍വീസ് നിര്‍ത്തിയതിനാല്‍ ഓണാവധി കഴിഞ്ഞു നാട്ടിലേക്കു പോകാന്‍ ടിക്കറ്റ് റിസര്‍വ് ചെയ്തവര്‍ വഞ്ചിതരായി.

പഠിക്കുന്ന കോളജുകളിലേക്കു അവധി കഴിഞ്ഞു മടങ്ങാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത പെണ്‍കുട്ടികളടക്കമുള്ളവരും ദുരിതത്തിലായി. ഇന്നലെ സ്റാന്‍ഡിലെത്തി അന്വേഷിച്ചപ്പോഴാണുബസ് ഇല്ലെന്ന വിവരം അറിയുന്നത്. ഇതോടെ രക്ഷിതാക്കള്‍ കുട്ടികളുമായി നെട്ടോട്ടമോടുകയായിരുന്നു. ഓണ്‍ലൈനില്‍ ആഴ്ചകള്‍ക്കു മുമ്പ് ടിക്കറ്റ് റിസര്‍വ് ചെയ്തവര്‍ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു. പുലര്‍ച്ചെ മൂന്നരയ്ക്കു കോഴിക്കോടുനിന്നും രാവിലെ ആറരയ്ക്കു ചങ്ങനാശേരിയില്‍നിന്നും പുറപ്പെടുന്ന വിധമായിരുന്നു ബസ് സര്‍വീസ്.


കുറഞ്ഞ സ്റോപ്പുള്ള സില്‍വര്‍ ലൈനിനു ദീര്‍ഘദൂര യാത്രക്കാരില്‍നിന്നു മികച്ച പ്രതികരണമായിരുന്നു. സര്‍വീസ് നിര്‍ത്തിയതു സംബന്ധിച്ചു കൃത്യമായ വിശദീകരണം നല്‍കാന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ തയാറായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.