നാട്ടുവിളകളുടെ തോഴനായി ജോര്‍ജ് ആന്റണി
നാട്ടുവിളകളുടെ തോഴനായി ജോര്‍ജ് ആന്റണി
Wednesday, September 2, 2015 11:16 PM IST
സ്വന്തം ലേഖകന്‍

പാലാ: രുചിയേറുന്ന പാരമ്പര്യവിളകള്‍ പുതുതലമുറയ്ക്ക് അന്യമാകുമ്പോള്‍ നൂറുകണക്കിനു നാടന്‍ ഇനങ്ങള്‍ നട്ടുവളര്‍ത്തി മാതൃകയാവുകയാണു വിളക്കുമാടം എറത്ത്മുട്ടത്തുകുന്നേല്‍ ജോര്‍ജ് ആന്റണി. അന്യംനിന്നുപോകുന്ന കിഴങ്ങു വര്‍ഗങ്ങളുടെയും പച്ചക്കറികളുടെയും കലവറയാണ് ആന്റണിയുടെ പുരയിടം. അടതാപ്പ്, ചെറുകിഴങ്ങ്, നൂറോന്‍കിഴങ്ങ്, വട്ടംപാവല്‍, നെല്ലിക്കാപ്പാവല്‍, ആകാശവെള്ളരി, പീച്ചിലിങ്ങ, പച്ചച്ചീര, അമരം, കാച്ചില്‍, നനചേമ്പ്, മാങ്ങായിഞ്ചി, പുത്തരി ചുണ്ടന്‍, തക്കാളി വഴുതന, നീല വഴുതന, പതിനെട്ട്മണിപ്പയര്‍, നാരില്ലാപ്പയര്‍, വാളരിപ്പയറ്, മുള്ളന്‍ വെള്ളരി, ചതുരപ്പയര്‍, നിത്യ വഴുതന, ആനക്കൊമ്പന്‍ വെണ്ട എന്നിങ്ങനെ നിരവധി നാടന്‍ വിളകളാണ് ജോര്‍ജിന്റെ പുരയിടത്തില്‍ സംരക്ഷിക്കപ്പെടുന്നത്.

ഇതില്‍ പലതും ഔഷധഗുണങ്ങളുള്ളവയാണ്. കിഴങ്ങ് ഇനത്തിലുള്ള അടതാപ്പ് പുതുതലമുറയില്‍പ്പെട്ട പലര്‍ക്കും തികച്ചും അപരിചിതമാണ്. അടതാപ്പ് സന്ധിവേദന ഉള്‍പ്പടെയുള്ള നിരവധി രോഗങ്ങള്‍ക്ക് ഒറ്റമൂലിയാണ്. ആനക്കൊമ്പന്‍ വെണ്ടയാണ് ജോര്‍ജിന്റെ വിളകളില്‍ പ്രശസ്തമായ ഒരിനം. ഒരു കായ്ക്ക് നാല്‍പതു സെന്റിമീറ്റോളം നീളം വരുന്ന ധാരാളം ശാഖകളോടെ വളരുന്ന നാടന്‍ വെണ്ട ഇനമാണ് ആനക്കൊമ്പന്‍. ഇതു ജൈവരീതിയില്‍ കൃഷി ചെയ്താല്‍ മാത്രമേ നല്ല ഫലം ലഭിക്കുകയുള്ളു. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന കാര്‍ഷിക പ്രദര്‍ശനങ്ങളില്‍ ആനക്കൊമ്പന്‍ വെണ്ടയുടെ പ്രചാരകനായി ജോര്‍ജ് എത്തിയിട്ടുണ്ട്. ആനക്കൊമ്പന്‍ വെണ്ടയില്‍ സാധാരണ വെണ്ടയ്ക്കയിലുള്ളതുപോലെ വഴുക്കലില്ല. എത്ര വിളഞ്ഞാലും ഒട്ടും നാരുകളില്ലാത്ത നാരില്ലാപ്പയര്‍ പോഷകഗുണമേറിയതാണ്. ഓരോ കായ്കനികളും വിവിധ കാലാവസ്ഥയിലാണ് നട്ടുവളര്‍ത്തുന്നത്. നാരില്ലാപ്പയറ്, ഇറച്ചിപ്പയര്‍, വള്ളിപ്പയര്‍ എന്നിവ പ്രത്യേക പരിചരണം ആവശ്യമില്ലാതെ സമൃദ്ധമായി വളരുന്ന ഇനങ്ങളാണെന്നാണ് ജോര്‍ജിന്റെ അനുഭവം.


ജൈവകൃഷി വ്യവസ്ഥിതിയുടെ ഉപാസകനാണ് ജോര്‍ജ്. കൃഷിക്കായി നിലം ഒരുക്കു മ്പോള്‍ മുതല്‍ ജൈവകൃഷിക്കു നടപടികള്‍ തുടങ്ങണമെന്നാണ് ജോര്‍ജിന്റെ അഭിപ്രായം. വിളകള്‍ നടാന്‍ തടം എടുക്കുമ്പോള്‍ ചാണകം മണ്ണിരവളം എന്നിവ ചേര്‍ക്കുന്നു. കീടങ്ങള്‍ക്കെതിരേ മഞ്ഞള്‍ക്കെണി, പുകയില കഷായം, പഴക്കെണി എന്നിവയാണ് പ്രയോഗിക്കുന്നത്. വളപ്രയോഗത്തിനും ജോര്‍ജിന് സ്വന്തമായ ഒരു ശൈലിയുണ്ട്. മണ്ണിരവളം, ഗോമൂത്രം, പച്ചച്ചാണകം, എന്നിവ ചേര്‍ത്തു മൂന്നു ദിവസം പുളിപ്പിച്ചു നേര്‍പ്പിച്ച് ചെടികള്‍ക്കു നല്‍കിയാല്‍ വിളവ് കൂടുതല്‍ ലഭിക്കുമെന്നാണ് ജോര്‍ജിന്റെ അനുഭവം. ഓരോ ചെടികള്‍ക്കനുസരിച്ച് വള ത്തില്‍ വ്യത്യാസം വരുത്തേ ണ്ടതാണ്. പ്രയോഗത്തിലും മാറ്റങ്ങള്‍ വരുത്തണം. ഒഫായി ഉള്‍പ്പടെയുള്ള ജൈവകൃഷി സംഘടനകളില്‍ ജോര്‍ജ് അംഗമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.