പാഠപുസ്തക അച്ചടി 30നകം പൂര്‍ത്തിയാക്കും
Wednesday, September 2, 2015 11:22 PM IST
കാക്കനാട്: സംസ്ഥാനത്തെ സ്കൂളുകളിലേക്കുള്ള രണ്ടാം ഭാഗം പാഠപുസ്തകങ്ങളുടെ അച്ചടി ഈ മാസം 30ന് അകം പൂര്‍ത്തിയാക്കുമെന്ന് കേരള ബുക്സ് ആന്‍ഡ് പബ്ളിക്കേഷന്‍സ് സൊസൈറ്റി (കെബിപിഎസ്) എംഡിയുടെ ചുമതല വഹിക്കുന്ന എറണാകുളം ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. അച്ചടി 20ന് അകം പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഇതു സാധ്യമാവില്ലെന്നും 30നകം പൂര്‍ത്തിയാക്കി നല്‍കാമെന്നും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതു ലക്ഷ്യമിട്ടു പാഠപുസ്തകങ്ങളുടെ അച്ചടി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും രാജമാണിക്യം കൂട്ടിച്ചേര്‍ത്തു.

രണ്ടാം ഘട്ടത്തില്‍ ഒന്നേകാല്‍ കോടി പാഠപുസ്തകങ്ങളാണ് അച്ചടിക്കാന്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ 40 ലക്ഷത്തോളം അച്ചടിച്ചുകഴിഞ്ഞു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ അച്ചടി 30നകം തീരില്ല. അതിനാല്‍ മറ്റു പ്രസുകളെ കൂടി അച്ചടി ഏല്‍പ്പിച്ചു സമയത്തു തീര്‍ക്കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച സമയത്തുതന്നെ പുസ്തകങ്ങള്‍ വിതരണത്തിനു തയാറാക്കും.


ഒന്നു മുതല്‍ 10 വരെയുള്ള ക്ളാസുകളിലെ പുസ്തകങ്ങള്‍ മുഴുവനും കെബിപിഎസിനാണ് അച്ചടിക്കാന്‍ നല്‍കിയിട്ടുള്ളത്. രണ്ട്, നാല്, ആറ്, എട്ട് ക്ളാസുകളിലെ പുസ്തകങ്ങളില്‍ ഇത്തവണ മാറ്റമുണ്ട്. ആദ്യഭാഗം പുസ്തകങ്ങളുടെ അച്ചടി വൈകിയതിനാലാണു രണ്ടാം ഭാഗത്തിന്റെ അച്ചടിയും പ്രശ്നമായത്. ജൂലൈ 20നു ശേഷമാണ് രണ്ടാം ഭാഗത്തിന്റെ അച്ചടി ആരംഭിച്ചത്. യഥാസമയം അച്ചടി പൂര്‍ത്തിയാക്കാന്‍ ജീവനക്കാര്‍ എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്െടന്നും കളക്ടര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.