സമഗ്രവികസനം സ്വപ്നമാകണം: മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത
സമഗ്രവികസനം സ്വപ്നമാകണം: മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത
Wednesday, September 2, 2015 11:24 PM IST
തിരുവല്ല: രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും മുന്നില്‍ക്കണ്ടുകൊണ്ടുള്ള വികസനമാണ് ആവശ്യമെന്നു ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. തിരുവല്ല ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ്മാ ഹാളില്‍ മാര്‍ത്തോമ്മാസഭ പ്രതിനിധി മണ്ഡലം യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമഗ്രമായ വികസനമായിരിക്കണം രാഷ്ട്രത്തിന്റെ സ്വപ്നവും ലക്ഷ്യവുമെന്നു മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. കൂടുതല്‍ ആളുകളെ കുറെക്കൂടി അധോഗതിയിലേക്കും കുറച്ചുപേരെ കൂടുതല്‍ പുരോഗതിയിലേക്കും നയിക്കുന്ന സമീപനങ്ങളാകരുത് നമ്മുടെ വികസന സങ്കല്പം. ഏതൊരു പദ്ധതി ആവിഷ്കരിക്കുമ്പോഴും രാജ്യത്തെ ഏറ്റവും പാവപ്പെട്ടവന്റെ മുഖം മുന്നില്‍ക്കണ്ടുകൊണ്ട് അവര്‍ക്കതുകൊണ്ട് എന്തു പ്രയോജനം ഉണ്ടാകുമെന്ന ചിന്തയിലായിരിക്കണം നടപ്പാക്കേണ്ടതെന്ന മഹാത്മഗാന്ധിയുടെ സര്‍വോദയ ദര്‍ശനം നഷ്ടമാകാതിരിക്കാന്‍ ഭരണാധികാരികള്‍ ശ്രമിക്കണമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്ന വിഴിഞ്ഞം പദ്ധതി, കൊച്ചി മെട്രോ, ലൈറ്റ് മോണോ റെയില്‍ പദ്ധതികള്‍ നാടിന്റെ വികസനത്തിന് ഏറെ പ്രയോജനപ്രദമായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു.

പരിഷ്കൃത സമൂഹങ്ങളില്‍ പോലും അഴിമതിയും അക്രമവും പെരുകുന്നത് ധാര്‍മികമായി സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയത്തിന്റെ അടയാളങ്ങളാണ്. പരിഷ്കാരത്തിന്റെ പേരുപറഞ്ഞു ലോകത്തിന്റെ താളത്തിനൊപ്പിച്ചു തുള്ളാന്‍ ആരു ശ്രമിച്ചാലും തിരുവചന പ്രകാരമുള്ള മുന്നറിയിപ്പ് അവര്‍ക്കു ബാധകമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തില്‍ സമുന്നത മാതൃകകളായി നില്‍ക്കാന്‍ വിളിക്കപ്പെട്ടവര്‍പോലും ദുഷ്പ്രേരണകളില്‍പെട്ട് സാക്ഷ്യം നഷ്ടപ്പെടുത്തിയാല്‍ അതൊരു ഗുരുതരമായ അവസ്ഥാവിശേഷമായി കണക്കാക്കേണ്ടിവരുമെന്നും ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു.


ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റം വലിയ മെത്രാപ്പോലീത്ത, ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, എപ്പിസ്കോപ്പമാരായ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ്, ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, യുയാക്കിം മാര്‍ കൂറിലോസ്, ഐസക്ക് മാര്‍ പീലക്സിനോസ്, തോമസ് മാര്‍ തിമോത്തിയോസ്, ജോസഫ് മാര്‍ ബര്‍ണബാസ്, ഏബ്രഹാം മാര്‍ പൌലോസ്, മാത്യൂസ് മാര്‍ മക്കാറിയോസ്, ഗ്രീഗോറിയോസ് മാര്‍ സ്തേഫാനോസ്, തോമസ് മാര്‍ തീത്തോസ് തുടങ്ങിയവര്‍ പങ്കെടുത്തു. മൂന്നുദിവസത്തെ സമ്മേളനമാണ് ഇന്നലെ ആരംഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.