കേന്ദ്ര വാഴ്സിറ്റി പഠനമന്ദിരങ്ങളുടെ ശിലാസ്ഥാപനം നാലിന്
Wednesday, September 2, 2015 11:32 PM IST
കാസര്‍ഗോഡ്: പെരിയ കേരള കേന്ദ്രസര്‍വകലാശാലയിലെ എട്ടു പഠനമന്ദിരങ്ങളുടെ ശിലാസ്ഥാപനം നാലിനു കേന്ദ്ര നിയമമന്ത്രി ഡി.വി.സദാനന്ദ ഗൌഡ നിര്‍വഹിക്കുമെന്നു വൈസ് ചാന്‍സലര്‍ ഡോ.ജി. ഗോപകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാലിന് ഉച്ചയ്ക്കു 12നു പെരിയ തേജസ്വിനി ഹില്‍സിലെ സര്‍വകലാശാല ആസ്ഥാനത്തുള്ള ചന്ദ്രഗിരി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലാണു ചടങ്ങ്. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്, കൃഷിമന്ത്രി കെ.പി. മോഹനന്‍, പി. കരുണാകരന്‍ എംപി, കെ. കുഞ്ഞിരാമന്‍ എംഎല്‍എ (ഉദുമ), ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.പി. ശ്യാമളാദേവി, കാഞ്ഞങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. കൃഷ്ണന്‍, പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന്‍ എന്നിവര്‍ സംബന്ധിക്കും.

ഇക്കണോമിക്സ്, ലിംഗ്വിസ്റ്റിക്, ഹിന്ദി, ഇംഗ്ളീഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ഫിസിക്സ്, കെമിസ്ട്രി, ആനിമല്‍ സയന്‍സ്, ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി എന്നീ പഠനശാഖകള്‍ക്കു വേണ്ടിയുള്ള മന്ദിരങ്ങള്‍ക്കാണു തറക്കല്ലിടുന്നത്. 200 കോടി രൂപയാണു നിര്‍മാണത്തിനായി വകയിരുത്തിയിരിക്കുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും രീതിയില്‍ പൊതുമേഖല സ്ഥാപനമായ റെയില്‍വേയുടെ റൈറ്റ്സ് ആണു നിര്‍മാണം നടത്തുന്നത്. ഇവ യാഥാര്‍ഥ്യമാകുന്നതോടെ അന്തര്‍ദേശീയ സൌകര്യങ്ങള്‍ ഓരോ പഠനവകുപ്പിനും ലഭ്യമാകും. നിര്‍മാണം പൂര്‍ത്തീകരിക്കാനും അധ്യാപക ഒഴിവ് നികത്താനും പ്രഥമ പരിഗണന നല്‍കുമെന്നു വൈസ് ചാന്‍സലര്‍ പറഞ്ഞു. നാലുവര്‍ഷം കൊണ്ടു മുഴുവന്‍ നിര്‍മാണവും പൂര്‍ത്തിയാക്കി വിദ്യാനഗറിലും പടന്നക്കാട്ടും വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പഠനശാഖകളെ പെരിയ കാമ്പസിലേക്ക് എത്തിക്കും.


രജിസ്ട്രാര്‍ ഡോ.കെ.സി. ബൈജു, ഫിനാന്‍സ് ഓഫീസര്‍ ഓഫീസര്‍ ഡോ.കെ. ജയപ്രസാദ്, ഓര്‍ഗനൈസിംഗ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വി. ശശിധരന്‍ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.