തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: കേരളത്തില്‍ ബിജെപിയുടെ ചുമതല ആര്‍എസ്എസിന്
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: കേരളത്തില്‍ ബിജെപിയുടെ ചുമതല ആര്‍എസ്എസിന്
Wednesday, September 2, 2015 11:03 PM IST
എം. പ്രേംകുമാര്‍

തിരുവനന്തപുരം: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സംഘടനാ ചുമതല ആര്‍എസ്എസിന്. ഇതുസംബന്ധിച്ച ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം സംസ്ഥാന നേതാക്കള്‍ക്ക് ഉടന്‍ നല്‍കുമെന്നാണു സൂചന. അതിനുമുമ്പു ആര്‍എസ്എസ് അഖിലേന്ത്യാ നേതൃത്വവുമായി ബിജെപി കേന്ദ്ര നേതാക്കള്‍ ആശയവിനിമയം നടത്തും.

നിയമസഭയില്‍ പ്രാതിനിധ്യം നേടാന്‍ കഴിയാത്ത സാഹചര്യത്തി ല്‍ ഒരു സീറ്റെങ്കിലും നേടാനുള്ള സംഘടനാ ഒരുക്കങ്ങളിലാണു പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. ഇതിന്റെ മുന്നൊരുക്കമായിട്ടാണു ബിജെപി കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ കാണുന്നത്. സംസ്ഥാനത്തു ബിജെപിയും ആര്‍എസ്എസും തമ്മില്‍ ശരിയായ സംഘടനാ യോജിപ്പില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പിനു മുമ്പ് ഈ ബന്ധം ഊട്ടിയുറപ്പിക്കുക എ ന്ന ലക്ഷ്യത്തോടെ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ അമിത്ഷാ കേരളത്തിലെത്തും. മികച്ച സംഘടനാ സംവിധാനവും മോശമല്ലാത്ത ജനസ്വാധീനവും ബിജെപിക്കുണ്െടങ്കിലും പാര്‍ലമെന്ററി രംഗത്തു പാര്‍ട്ടിക്ക് ഇതുവരെയും വേരുറപ്പിക്കാന്‍ സാധിക്കാത്തതു വലിയ ദൌര്‍ബല്യമായാണു ദേശീയ നേതൃത്വം കാണുന്നത്. ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാക്കുന്നതിനായി അമിത്ഷാ ദേശീയ അധ്യക്ഷനായശേഷം കേരളത്തിനു വേണ്ടി മാത്രം പ്രത്യേക സംഘടനാ രേഖ തയാറാക്കിയിരുന്നു.

ഇതിന്റെ ഭാഗമായാണു കേരളത്തിലെ പ്രബല ജാതി വിഭാഗമായ എസ്എന്‍ഡിപിയുമായി കൈകോര്‍ക്കാന്‍ ദേശീയ നേതൃത്വം തന്നെ മുന്‍കൈയെടുത്തത്. ഇതിനുപുറമേ കോണ്‍ഗ്രസും സിപിഎമ്മുമായി നേരിട്ടടുക്കാത്ത എന്‍എസ്എസ് പോലുള്ള മറ്റു ജാതി സംഘടനകളുടെ നേതൃത്വവുമായി ചങ്ങാത്തം സ്ഥാപിക്കാനുള്ള ശ്രമവും ബിജെപി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യ പരീക്ഷണശാലയാക്കാനുള്ള സംരംഭമായിട്ടാണു വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ ബിജെപി ദേശീയ നേതൃത്വം കാണുന്നത്.

കേരളത്തില്‍ ഇനിയും പാര്‍ലമെന്ററി രംഗത്തു ശക്തമായ സാന്നിധ്യമറിയിക്കാന്‍ ബിജെപിക്കു സാധിക്കാത്തതിനു പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ സംഘടനാ പ്രശ്ന ങ്ങ ളും കാരണമായിട്ടുണ്െടന്നായിരുന്നു കേരളത്തിനായുള്ള അമിത് ഷായുടെ പ്രത്യേക സംഘടനാരേഖയിലെ പരാമര്‍ശം. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്റെയും ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസിന്റെയും നേതൃത്വത്തില്‍ ഇരുവിഭാഗങ്ങളായി നില്‍ക്കുന്ന സംസ്ഥാന നേതൃത്വം ബിജെപിക്കു തലവേദന സൃഷ്ടിക്കുന്നുണ്ട്. നേതൃത്വത്തില്‍ അഭിപ്രായ ഏകീകരണമില്ലാത്തതു സംഘടനാ പ്രവര്‍ത്തനങ്ങളേക്കാള്‍ പാര്‍ലമെന്ററി രംഗത്താണു കൂടുതല്‍ ദോഷകരമായി ബാധിച്ചിട്ടുള്ളതെന്നു കഴിഞ്ഞ സംസ്ഥാന നേതൃയോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.


കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡല ത്തിലും ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തിയെങ്കിലും സംസ്ഥാന-ജില്ലാ നേതാക്കള്‍ തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളെ ദോഷമായി ബാധിച്ചുവെന്ന വിലയിരുത്തല്‍ പിന്നീടു നടന്ന നേതൃയോഗങ്ങളിലൊക്കെ ഉണ്ടായി. ഇങ്ങനെയൊരു സാഹചര്യത്തിലാണു സംസ്ഥാനത്തെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ ചുമതല ആര്‍എസ്എസിനെ ഏല്‍പ്പിക്കാന്‍ ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നത്.

ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി സംസ്ഥാനത്തിന്റെ സംഘടനാ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി രാംലാലിനെ അമിത് ഷാ ചുമതലപ്പെടുത്തി. കേന്ദ്രമന്ത്രിമാരെന്ന നിലയില്‍ കേരളത്തിന്റെ മറ്റു സംഘടനാ കാര്യങ്ങള്‍ നോക്കുന്ന രാജീവ് പ്രതാപ് റൂഡിയും സദാനന്ദ ഗൌഡയും കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കേരളത്തിലെത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ യുവനേതാക്കള്‍ക്കൊപ്പം ആര്‍എസ്എസിന്റെ പ്രവര്‍ത്തകരെയും മത്സരിപ്പിക്കാനുള്ള ഒരുക്കത്തിലാണു ബിജെപി നേതൃത്വം.

എന്നാല്‍ ആര്‍എസ്എസ് നേതൃത്വത്തിന്റെ തീരുമാനമോ വ്യക്തമായ നിര്‍ദേശങ്ങളോ ഇല്ലാതെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ നേതൃനിരയിലേക്കില്ലെന്ന ധാരണയിലാണു സംസ്ഥാനത്തെ ആര്‍എസ്എസ്. ബിജെപിക്കു ഭരണത്തിലെത്താന്‍ സാധ്യതയുള്ള സംസ്ഥാനത്തെ ചില പഞ്ചായത്തുകളില്‍ പ്രാദേശികമായി നല്ല ജനസ്വാധീനമുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരെ സ്ഥാനാര്‍ഥിയാക്കാനുള്ള ബിജെപിയുടെ ആവശ്യത്തോട്് ആര്‍എസ്എസ് നേതൃത്വം അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, തൃശൂള്‍ ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വം നടത്തും. മറ്റു ജില്ലകളിലും ഇത്തരത്തിലുള്ള നേതൃചര്‍ച്ചകള്‍ക്കുള്ള ശ്രമം ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുമ്പു തന്നെ ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച് അതിന്റെ ആനുകൂല്യം കൂടി തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കാനുള്ള ശ്രമവും ബിജെപി സംസ്ഥാന നേതൃത്വം നടത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.