നിയമസഭയിലെ അക്രമം: അന്വേഷണം ആറു മാസത്തിനകം തീര്‍ക്കണം
Thursday, September 3, 2015 12:53 AM IST
കൊച്ചി: ബജറ്റ് ദിനത്തില്‍ നിയമസഭയില്‍ നടന്ന അക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണം ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നു ഹൈക്കോടതി പോലീസ് ഡയറക്ടര്‍ ജനറലിനു നിര്‍ദേശം നല്‍കി. വയനാട്ടിലെ ഹരിതസേന ചെയര്‍മാന്‍ വി.ടി. പ്രദീപ് കുമാറിന്റെ ഹര്‍ജിയില്‍ ജസ്റീസ് ബി. കെമാല്‍ പാഷയാണ് ഉത്തരവിട്ടത്.

കഴിഞ്ഞ മാര്‍ച്ച് 13ന് ബജറ്റ് അവതരണത്തെ പ്രതിപക്ഷ എംഎല്‍എമാര്‍ എതിര്‍ത്തതോടെ നിയമസഭയില്‍ അക്രമസംഭവം അരങ്ങേറിയതെന്നു ഹര്‍ജി പറയുന്നു. തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. അന്വേഷണത്തിന്റെ കാര്യത്തില്‍ വീഴ്ച സംഭവിച്ചെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.


അക്രമങ്ങളെത്തുടര്‍ന്നു നിയമസഭയിലെ സിസിടിവി ദൃശ്യം പരിശോധനയ്ക്കായി അന്വേഷണ സംഘം വാങ്ങിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു.

എന്നാല്‍, ഈ ആരോപണം ശരിയല്ലെന്നും സിസിടിവി ദൃശ്യം വിദഗ്ധ പരിശോധനയ്ക്കായി നല്‍കിയെന്നും ഉടന്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വിശദീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.