100 ദിവസങ്ങള്‍ക്കകം മെട്രോ കോച്ചുകളെത്തും
100 ദിവസങ്ങള്‍ക്കകം മെട്രോ കോച്ചുകളെത്തും
Friday, September 4, 2015 11:59 PM IST
സ്വന്തം ലേഖകന്‍

കൊച്ചി: നൂറു ദിവസങ്ങള്‍ക്കകം കൊച്ചി മെട്രോയുടെ കോച്ചുകള്‍ കേരളത്തിലെത്തുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പദ്ധതിയുടെ കമ്മീഷനിംഗ് മുന്‍നിശ്ചയപ്രകാരം തന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. മെട്രോ കോച്ചുകളുടെ രൂപകല്പനയുടെ പ്രകാശനം നെടുമ്പാശേരി വിമാനത്താവളത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

മെട്രോയുടെ ഇതുവരെയുള്ള നിര്‍മാണത്തില്‍ പൂര്‍ണ തൃപ്തനാണ്. സമയബന്ധിതമായി തന്നെ മെട്രോ നിര്‍മാണം പൂര്‍ത്തിയാക്കാനാകും. 1,095 ദിവസങ്ങള്‍ കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണു മെട്രോയുടെ പണി തുടങ്ങിയത്. ലക്ഷ്യമിട്ടതുപോലെ തന്നെ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നുണ്ട്. കമ്മീഷനിംഗ് വരെ കൈക്കൊള്ളേണ്ട കാര്യങ്ങളെല്ലാം ഇന്നലെ ചേര്‍ന്ന വിലയിരുത്തല്‍ യോഗത്തില്‍ കൈക്കൊണ്ടിട്ടുണ്ട്. അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കല്‍ വേഗം പൂര്‍ത്തിയാക്കും.

ലോകത്തുതന്നെ ഏറ്റവും പുതുമയുള്ള മെട്രോയാണു കൊച്ചിക്കായി രൂപപ്പെടുത്തുന്നത്. രാജ്യത്ത് ഏറ്റവും വേഗത്തില്‍ പണി പൂര്‍ത്തിയാകുന്ന മെട്രോ എന്ന റിക്കാര്‍ഡും കൊച്ചി മെട്രോ സ്വന്തമാക്കും. ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ അഭിമാനകരമായ തരത്തിലാണു ജോലികള്‍ നടക്കുന്നത്. കെഎംആര്‍എലും തങ്ങളുടെ ദൌത്യം നന്നായി ചെയ്യുന്നു. മനസുവച്ചാല്‍ ഏതു പദ്ധതിയും സമയബന്ധിതമായി നടപ്പിലാക്കാന്‍ സാധിക്കുമെന്ന കാര്യമാണ് കൊച്ചി മെട്രോയിലൂടെ വ്യക്തമാകുന്നത്. പദ്ധതിയുമായി സമൂഹത്തിന്റെ എല്ലാ തുറകളിലും പെട്ടവര്‍ സഹകരിക്കുന്നുവെന്നത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മെട്രോ രൂപരേഖയും ലോഗോയും അടങ്ങുന്ന ആല്‍ബത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. മെട്രോയുടെ പുതിയ ലോഗോയുടെ പ്രകാശനം മെട്രോ മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിച്ചു.

കൊച്ചി മെട്രോയ്ക്കുവേണ്ടി ബഹുരാഷ്ട്ര കമ്പനിയായ അല്‍സ്റോം ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയിലെ പ്ളാന്റിലാണു കോച്ചുകള്‍ നിര്‍മിക്കുന്നത്. കൊച്ചി മെട്രോയുടെ ഡിസൈന്‍ കണ്‍സള്‍ട്ടന്റുമാരായ ടാറ്റ എലക്സിയുടെ സഹായത്തോടെ നിരവധി ചര്‍ച്ചകള്‍ക്കു ശേഷമാണു അല്‍സ്റോം കോച്ചുകളുടെ പുറം ചുമരുകളുടെയും ഉള്‍ത്തലപ്പുകളുടെയും അന്തിമ രൂപകല്ന തയാറാക്കിയത്. നെടുമ്പാശേരി വിമാനത്താവളത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ പദ്ധതിയുടെ ഇതുവരെയുള്ള നടത്തിപ്പ് വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലും മുഖ്യമന്ത്രി സംബന്ധിച്ചു.

മെട്രോ റൂട്ടില്‍ ഉടനീളം സഞ്ചരിച്ച മുഖ്യമന്ത്രി ആലുവ പുളിഞ്ചോടില്‍ ഇറങ്ങി പരിശോധനയും നടത്തി. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ.വി. തോമസ് എംപി, മേയര്‍ ടോണി ചമ്മണി, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, എംഎല്‍എമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, ലൂഡി ലൂയിസ്, ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം, അല്‍സ്റോം ട്രാന്‍സ്പോര്‍ട്ട് (ഇന്ത്യ, സൌത്ത് ഏഷ്യ) എംഡി ഭാരത് സല്‍ഹോത്ര, ആലുവ നഗരസഭാ ചെയര്‍മാന്‍ എം.ടി. ജേക്കബ്, കളമശേരി നഗരസഭാ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്ത ഉണ്ണിക്കൃഷ്ണന്‍, വിവിധ വകുപ്പ് തലവന്മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.


ബ്രേക്കിടുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജം ഉപയോഗിക്കാന്‍ പദ്ധതി

കൊച്ചി: കൊച്ചി മെട്രോ ട്രെയിനില്‍ ഊര്‍ജ പുനരുപയോഗത്തിനുള്ള പുത്തന്‍ സാങ്കേതികവിദ്യയായ ഹെസോപ് പ്രയോജനപ്പെടുത്തുമെന്ന് അല്‍സ്റോം ട്രാന്‍സ്പോര്‍ട്ട് (ഇന്ത്യ, സൌത്ത് ഏഷ്യ) എംഡി ഭാരത് സല്‍ഹോത്ര. ട്രെയിന്‍ ബ്രേക്ക് ഇടുമ്പോളുണ്ടാകുന്ന ഘര്‍ഷണത്തിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ഊര്‍ജം പാഴാക്കാതെ മറ്റു ചാനലുകളിലേക്കു തിരിച്ചുവിട്ടു പുനരുപയോഗം നടത്താന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയാണു ഹെസോപ്. രാജ്യത്ത് മറ്റൊരിടത്തും ഇത് ഉപയോഗിച്ചിട്ടില്ല. ഈ നിര്‍ദേശം ഉടന്‍തന്നെ കൊച്ചി മെട്രോ റെയില്‍ അധികൃതര്‍ക്കു സമര്‍പ്പിക്കും. അനുമതി ലഭിക്കുകയാണെങ്കില്‍ ഈ സാങ്കേതികവിദ്യ രാജ്യത്ത് ആദ്യമായി ഉപയോഗിക്കുന്ന സ്ഥാപനമായി കൊച്ചി മെട്രോ മാറും.

നെടുമ്പാശേരിയില്‍ മെട്രോ കോച്ചുകളുടെ അന്തിമ ഡിസൈന്‍ പ്രകാശനം ചെയ്യുന്ന ചടങ്ങിനെത്തിയ ഭാരത് സല്‍ഹോത്ര മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. പൊതുഗതാഗത സംവിധാനത്തില്‍ ഊര്‍ജ ഉപയോഗം കാര്യക്ഷമമാക്കാനാണ് ഈ സാങ്കേതികവിദ്യ. കൊച്ചി മെട്രോയ്ക്ക് ഊര്‍ജ സംവഹനത്തിനായി തേഡ് ട്രാക്ഷനാണ് ഉപയോഗിക്കുന്നത്. വശങ്ങളിലൂടെ വൈദ്യുതി പ്രവഹിപ്പിക്കുന്ന ശൃഖല രൂപീകരിക്കുന്ന രീതിയാണിത്. മെട്രോ സര്‍വീസിനു കൂടുതല്‍ സ്റോപ്പുകള്‍ ഉള്ള സാഹചര്യത്തില്‍ ബ്രേക്കിംഗ് മുഖേന ഏറെ ഊര്‍ജ നഷ്ടം ഉണ്ടാകും. ഇതു തേഡ് ട്രാക്ഷന്‍ വഴി തിരിച്ചുവിട്ടു മെട്രോ സ്റേഷനുകളിലേക്കോ ഫീഡറായോ പ്രയോജനപ്പെടുത്താന്‍ ഹെസോപ് സാങ്കേതികവിദ്യ സഹായിക്കും. 95 ശതമാനത്തോളം ഊര്‍ജനഷ്ടം ഇത്തരത്തില്‍ പരിഹരിക്കാന്‍ സാധിക്കും.

ഈ സംവിധാനത്തിനു കെഎംആര്‍എല്‍ അനുമതി നല്‍കുമെന്നാണു കരുതുന്നത്. ആന്ധ്രപ്രദേശിലെ ശ്രീ സിറ്റിയിലെ അല്‍സ്റോം പ്ളാന്റിലാണു കോച്ചുകളുടെ നിര്‍മാണം നടക്കുന്നത്. കെഎംആര്‍എല്‍ അനുമതി നല്‍കുകയാണെങ്കില്‍ ഊര്‍ജ പുനരുപയോഗത്തിനുള്ള സാങ്കേതികവിദ്യയും പ്രയോജനപ്പടുത്തി കൂടുതല്‍ പരിസ്ഥിതി സൌഹൃദ കോച്ചുകളായി രൂപപ്പെടുത്താന്‍ സാധിക്കും.

ഡിസംബര്‍ 15 മുതല്‍ കോച്ചുകള്‍ ലഭിച്ചുതുടങ്ങും. രണ്ടു കോച്ചുകള്‍ വീതം കൊച്ചിയില്‍ എത്തിക്കുകയും പരിശോധിച്ച് അതിന്റെ കുറവുകള്‍ പരഹിരിച്ച് അടുത്ത സെറ്റ് എത്തിക്കുകയും ചെയ്യും. കോച്ചുകളുടെ നിര്‍മാണത്തിന്റെ 70 ശതമാനം തദ്ദേശീയമായിരിക്കും. രാജ്യത്തെ മെട്രോകള്‍ക്കായി നിര്‍മിച്ചിട്ടുള്ള ഏറ്റവും ചെലവു കുറഞ്ഞ കോച്ചുകളാണു കൊച്ചി മെട്രോയ്ക്കു ലഭിക്കുന്നത്. എട്ടര കോടിയാണ് ഒരു കോച്ചിന്റെ വിലയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.