ഡോ. സ്കറിയ സക്കറിയയ്ക്കു ജര്‍മന്‍ വാഴ്സിറ്റിയില്‍ ഉന്നത പദവി
ഡോ. സ്കറിയ സക്കറിയയ്ക്കു  ജര്‍മന്‍ വാഴ്സിറ്റിയില്‍ ഉന്നത പദവി
Friday, September 4, 2015 12:28 AM IST
ചങ്ങനാശേരി: ഭാഷയും വ്യാകരണവും ചരിത്രവും മലയാളത്തിനു സംഭാവന ചെയ്ത ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ കൈരളിക്കു പരിചയപ്പെടുത്തിയ ചങ്ങനാശേരി സ്വദേശിയായ ഡോ. സ്കറിയ സക്കറിയ കരിക്കംപള്ളിയെ ജര്‍മനിയിലെ ടൂബിങ്ങന്‍ സര്‍വകലാശാലയിലെ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ചെയറായി നിയമിച്ചു. മലയാളഭാഷാ ഗവേഷണ ചരിത്ര വിദ്യാര്‍ഥികള്‍ക്കും ശിഷ്യസമൂഹത്തിനും അഭിമാന നിമിഷം. കേന്ദ്ര സര്‍ക്കാരിന്റെയും യുജിസിയുടെയും അംഗീകാരത്തോടെയാണ് മൂന്നു വര്‍ഷത്തെ നിയമനം.

19-ാം നൂറ്റാണ്ടില്‍ ജര്‍മനിയില്‍നിന്നും കേരളത്തിലെത്തി ഇരുപത് വര്‍ഷം ഉത്തര കേരളത്തില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തിയ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ഭാഷ, വ്യാകരണം, ചരിത്രം, പഴഞ്ചൊല്ല്, ബൈബിള്‍ തര്‍ജമ, മതവിജ്ഞാനം തുടങ്ങിയ മേഖലകളില്‍ ഉന്നതമായ സംഭാവനകള്‍ നല്‍കി. ഇന്നും ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവും വ്യാകരണവും ചരിത്രവും തുടര്‍ച്ചയായി അച്ചടിക്കുന്നുണ്ട്.

1986ല്‍ ബര്‍ലിനില്‍ നടന്ന ലോക മലയാളി സമ്മേളനത്തിനു ശേഷം ഗുണ്ടര്‍ട്ടിന്റെ മാതൃകലാലയമായ ടൂബിങ്ങന്‍ സര്‍വകലാശാലയില്‍ എത്തിയ ഡോ. സ്കറിയ സക്കറിയ, ഗുണ്ടര്‍ട്ട് കേരളത്തില്‍നിന്നു കൊണ്ടുപോയ നൂറുകണക്കിനു കൈയെഴുത്തു ഗ്രന്ഥങ്ങള്‍, ആദ്യകാല അച്ചടി പുസ്തകങ്ങള്‍ എന്നിവ കണ്െടത്തി. തുടര്‍ന്നു ഗുണ്ടര്‍ട്ടിന്റെ കൃതികളും ഗ്രന്ഥങ്ങളും കേരളത്തില്‍ പ്രസിദ്ധീകരിച്ചു. പയ്യന്നൂര്‍ പാട്ട്, തലശേരി രേഖകള്‍, പഴശി കഥകള്‍, തച്ചോളി പാട്ടുകള്‍, അഞ്ചടികള്‍, ഓണപ്പാട്ടുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതേത്തുടര്‍ന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും ഗുണ്ടര്‍ട്ട് പഠനങ്ങള്‍ക്കു താത്പര്യമേറി.

ഇക്കാര്യങ്ങള്‍ പരിഗണിച്ചാണു തിരൂരിലെ മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. ജയകുമാറും ടൂബിങ്ങന്‍ സര്‍വകലാശാലയിലെ പ്രഫ. ഐ.കെ. ഓബര്‍ലിനും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ടൂബിങ്ങന്‍ സര്‍വകലാശാലയില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ചെയര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. മലയാളപഠനം ആഗോളതലത്തില്‍ വ്യാപിപ്പിക്കുക, ടൂബിങ്ങന്‍ സര്‍വകലാശാലയില്‍ ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ചു ഗവേഷണ പദ്ധതി രൂപീകരിക്കുക, വിജ്ഞാന വിനിമയം സുഗമമാക്കുക തുടങ്ങിയവയാണു ചെയറിന്റെ ദൌത്യം. ഒക്ടോബര്‍ ഒമ്പതിനു ചെയറിന്റെ ചുമതലയേല്‍ക്കും. രണ്ടു ദിവസത്തെ അന്തര്‍ ദേശീയ സെമിനാറും സര്‍വകലാശാലയില്‍ സംഘടിപ്പിച്ചിട്ടുണ്െടന്നു ഡോ.സ്കറിയ സക്കറിയ ദീപികയോടു പറഞ്ഞു.


1969 മുതല്‍ 25 വര്‍ഷക്കാലം എസ്ബി കോളജില്‍ മലയാള വിഭാഗം അധ്യാപകന്‍, 13 വര്‍ഷം കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലാ മലയാളവിഭാഗം മേധാവി എന്നീ നിലകകളില്‍ പ്രവര്‍ത്തിച്ച ഡോ. സ്കറിയ സക്കറിയ റിട്ടയര്‍മെന്റിനു ശേഷം എംജി സര്‍വകലാശാലയില്‍ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ വിസിറ്റിംഗ് പ്രഫസറായി സേവനം ചെയ്തുവരികയാണ്.

16-ാം നൂറ്റാണ്ടിലെ ഉദയംപേരൂര്‍ സൂനഹദോസ് കാനോനകളുടെ വ്യാകരണമാണു ഡോ. സ്കറിയ ഗവേഷണത്തിനായി തെരഞ്ഞെടുത്തത്. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ പഠനങ്ങളുടെ ഭാഗമായി 15 ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചു. അലക്സാണ്ടര്‍ ഫൊണ്‍ ഹുംബര്‍ട്ട് ഫെലോ എന്ന നിലയില്‍ ജര്‍മനിയില്‍ നിരവധി തവണ പഠന പര്യടനങ്ങളും ഗവേഷണങ്ങളും നടത്തി.

ഇസ്രായേലിലേക്കു കുടിയേറിയ യഹൂദരുടെ മലയാളം പെണ്‍പാട്ടുകള്‍ ഉള്‍പ്പെടുത്തി കാര്‍കുഴലി എന്ന പേരില്‍ ഡോ. സ്കറിയ സക്കറിയ തയാറാക്കിയ ഗ്രന്ഥം ജെറുസലേമിലെ ഹീബ്രു സര്‍വകലാശാല പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹാര്‍വാര്‍ഡ്, ഓക്സ്ഫഡ്, കോര്‍ണല്‍ തുടങ്ങിയ പ്രശസ്തമായ സര്‍വകലാശാലകളില്‍ പ്രത്യേക ക്ഷണിതാവായി നിരവധി തവണ പ്രഭാഷണങ്ങളും ക്ളാസുകളും ഇദ്ദേഹം നയിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.