സിബിഎസ്ഇ കലോത്സവം ലോഗോ പ്രകാശനംചെയ്തു
സിബിഎസ്ഇ കലോത്സവം ലോഗോ പ്രകാശനംചെയ്തു
Friday, September 4, 2015 12:29 AM IST
കൊച്ചി: ഭാരതീയ സംസ്കാരത്തിന്റെ ഭാഗമായ നിരവധി കലാരൂപങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും സിബിഎസ്ഇ സംസ്ഥാന കലോത്സവംപോലുള്ള കലാപ്രകടനങ്ങളില്‍കൂടി ഉറപ്പാക്കാനാവുമെന്നു കേന്ദ്ര ടൂറിസം-സാംസ്കാരിക മന്ത്രി ഡോ. മഹേഷ് ശര്‍മ പറഞ്ഞു. സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിന്റെ ലോഗോ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പാഠ്യേതര വിഷയങ്ങളോടൊപ്പം കലാകായിക അഭിരുചിയും കുട്ടികളില്‍ വേണ്ടത്ര പരിപോഷിപ്പിച്ചാല്‍ മാത്രമേ വിദ്യാഭ്യാസം അതിന്റെ പൂര്‍ണതയില്‍ എത്തൂയെന്നും അദ്ദേഹം പറഞ്ഞു.

സിബിഎസ്ഇ കലോത്സവം കേരള മോഡലില്‍ ദേശീയ കലോത്സവമായി നടത്താന്‍ തീരുമാനിച്ചുകൊണ്ടുള്ള കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ പ്രഖ്യാപനത്തിന്റെ വെളിച്ചത്തില്‍ ഈ വര്‍ഷത്തെ കലോത്സവത്തിന് പുതുമകളേറെയാണ്. സംസ്ഥാനത്തെ 1,300 അംഗീകൃത സിബിഎസ്ഇ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ 144 ഇനങ്ങളിലായി വ്യത്യസ്ത തലങ്ങളില്‍ മത്സരിച്ചു വിജയിച്ചാണു സംസ്ഥാനതല മത്സരത്തിനെത്തുക. വിവിധ സംസ്ഥാനങ്ങളില്‍നിന്നു വിജയികളാകുന്ന മത്സരാര്‍ഥികളെ സംഘടിപ്പിച്ചു ഡിസംബറില്‍ ഡല്‍ഹിയില്‍ ദേശീയ കലോത്സവം നടത്തും.


തിരുവനന്തപുരം പ്രസ് ക്ളബില്‍ കേരള സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ.ഇന്ദിരരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി.

സിബിഎസ്ഇ കലോത്സവം കണ്‍വീനര്‍മാരായ ഫാ.ടോമി നമ്പ്യാപറമ്പില്‍, ജി. രാജ്മോഹന്‍, സി.പി. കുഞ്ഞുമുഹമ്മദ്, ഫ്രെഡറിക് ലിയോണ്‍, ഫാ.ബിജു മീന്‍പുഴ, ഡോ.ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.