വിദ്യാഭ്യാസരംഗത്തും രാഷ്ട്രീയവത്കരണം: മാര്‍ ജോസഫ് പെരുന്തോട്ടം
വിദ്യാഭ്യാസരംഗത്തും രാഷ്ട്രീയവത്കരണം: മാര്‍ ജോസഫ് പെരുന്തോട്ടം
Sunday, October 4, 2015 11:30 PM IST
കോട്ടയം: വിദ്യാഭ്യാസരംഗം രാഷ്ട്രീയവത്കരിക്കുന്ന സാഹചര്യമാണുള്ളതെന്നും എല്ലാം രാഷ്ട്രീയ അധികാരക്കൊടിക്കീഴില്‍ കൊണ്ടുവരുന്നതു ശരിയല്ലെന്നും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനത്തിന് അംഗീകാരം ആവശ്യപ്പെട്ട് എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ ഡിഡി ഓഫീസിലേക്കു നടത്തിയ മാര്‍ച്ച് കോട്ടയം ഗാന്ധിസ്ക്വയറില്‍ ഫ്ളാഗ് ഓഫ് ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അധ്യാപകരെ തെരുവിലിറക്കി സമരം ചെയ്യുന്നതിലേക്കു കാര്യങ്ങള്‍ നീങ്ങിയിരിക്കുകയാണ്. അളമുട്ടിയാല്‍ ചേരയും കടിക്കുന്നതുപോലെ അധ്യാപകരും സമരത്തിനു നിര്‍ബന്ധിതരായിരിക്കുകയാണ്. വിദ്യാഭ്യാസമേഖലയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പ്രശ്നങ്ങള്‍ അതേപടി തുടരുകയാണ്. ഭരണഘടന അവകാശമോ, കേന്ദ്ര വിദ്യാഭ്യാസ നയമോ കണക്കിലെടുക്കാതെ ഇറക്കുന്ന ഉത്തരവുകള്‍ തീര്‍ത്തും നിയമവിരുദ്ധവും അപ്രായോഗികവുമാണ്. ക്രൈസ്തവ സഭകളുടെയും സ്വകാര്യ മാനേജ്മെന്റുകളുടെയും വിദ്യാഭ്യാസരംഗത്തെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. സുതാര്യമായ നിയമനം നടത്തി ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനും കേരളത്തെ പൂര്‍ണസാക്ഷരസംസ്ഥാനമാക്കാനും അധ്യാപകര്‍ യത്നിച്ചുകൊണ്ടിരിക്കുകയാണ്. അധ്യാപകരുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ചേ മതിയാകൂ. അധ്യാപക അനുപാതം 1:30, 1:35 എന്നാക്കണം. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു ലഭിക്കുന്ന ആനുകൂല്യംപോലും അധ്യാപകര്‍ക്കു ലഭിക്കുന്നില്ല. ശ്രേഷ്ഠമായ സേവനം ചെയ്യുന്ന അധ്യാപകര്‍ അവഗണനയുടെ നടുവിലാണെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു.


കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുക, 1: 30-35ല്‍ തസ്തിക സൃഷ്ടിക്കുക, അവധി നിയമങ്ങള്‍ അംഗീകരിക്കുക, കെഇആര്‍ പരിഷ്കാരം റദ്ദാക്കുക, അധ്യാപക ബാങ്ക് പിന്‍വലിക്കുക, മെയിന്റനന്‍സ് ഗ്രാന്‍ഡ് വിതരണം ചെയ്യുക, പാഠപുസ്തകങ്ങള്‍ സമയത്ത് ലഭ്യമാക്കുക, ലബ്വ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു അധ്യാപകരുടെ മാര്‍ച്ച്. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, തിരുവല്ല, വിജയപുരം, കോട്ടയം, സിഎംഐ എന്നീ വിദ്യാഭ്യാസ ഏജന്‍സികളുടെ കീഴില്‍ നിയമനം ലഭിക്കാത്ത നൂറുകണക്കിനു അധ്യാപകര്‍ മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുത്തു.

കോര്‍പറേറ്റ് മാനേജര്‍മാരായ ഫാ. സഖറിയാസ് ഇല്ലിക്കമുറിയില്‍, ഫാ. പോള്‍ ഡെന്നി രാമച്ചംകുടിയില്‍, ഫാ. മാത്യു നടമുഖം, ഫാ. തോമസ് പുതുശേരി സിഎംഐ, ഫാ. തോമസ് ഇടത്തിപ്പറമ്പില്‍, ടീച്ചേഴ്സ് ഗില്‍ഡ് ഭാരവാഹികളായ ജോസഫ് നെല്ലുവേലി, ആമോദ് മാത്യു, സന്തോഷ് അഗസ്റിന്‍, പി.ടി. തോമസ്, എം. ആല്‍ഫ്രഡ്, ജോബി പ്രാക്കുഴി, വി.കെ. തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.