ഡോണ്‍ബോസ്കോ ജന്മശതാബ്ദി ആഘോഷം സമാപിച്ചു
ഡോണ്‍ബോസ്കോ ജന്മശതാബ്ദി ആഘോഷം സമാപിച്ചു
Sunday, October 4, 2015 11:59 PM IST
തൃശൂര്‍: ലോകമാകെ വീരാരാധനയോടു സ്മരിക്കുന്ന നാമധേയമാണു ഡോണ്‍ ബോസ്കോയുടേതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡോണ്‍ ബോസ്കോ വിദ്യാഭ്യാസ രംഗത്തിനു നല്‍കിയ പ്രചോദനം 200 വര്‍ഷങ്ങള്‍ക്കിപ്പുറവും ലോകത്തു നിറഞ്ഞുനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഗോള സല്യേഷന്‍ സഭാ സ്ഥാപകനായ ഡോണ്‍ബോസ്കോയുടെ രണ്ടാം ജന്മശതാബ്ദിയാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഡോണ്‍ബോസ്കോയുടെ നാമധേയത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നു മികവിന്റെ പര്യായമാണ്.

വിദ്യാഭ്യാസരംഗത്തെ അച്ചടക്കത്തിന്റെയും ഗുണമേന്മയുടെയും ധാര്‍മികതയുടെയും മുഖ മുദ്രയായാണു ഡോണ്‍ബോസ്കോ സ്ഥാപനങ്ങള്‍ അറിയപ്പെടുന്നത്. പുതുതലമുറയെ കൊള്ളാവുന്നവരാക്കി വളര്‍ത്തുന്നതില്‍ ഈ സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്കു വലുതാണെന്നും മുഖ്യമന്ത്രി വിലയിരുത്തി. വിശുദ്ധരുടെ പൂന്തോട്ടത്തില്‍ 200 വര്‍ഷത്തിനപ്പുറവും പരിമളം മാറാത്ത പുഷ്പമാണു ഡോണ്‍ബോസ്കോയെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ അതിരൂപതാ സഹായ മെത്രാന്‍ മാര്‍ റാഫേല്‍തട്ടില്‍ പറഞ്ഞു. യുവാക്കളുടെയും കുട്ടികളുടെയും സാധ്യതകള്‍ ലോക വളര്‍ച്ചയ്ക്കു കൃത്യമായി ഉപയോഗിക്കാന്‍ ഡോണ്‍ബോസ്കോയ്ക്കു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


തൃശൂര്‍ ശക്തന്‍ നഗറില്‍ നടന്ന ചടങ്ങില്‍ ഫാ.ജോയ്സ് തോണിക്കുഴിയില്‍ അധ്യക്ഷനായി. സി.എന്‍. ജയദേവന്‍ എംപി, എംഎല്‍എമാരായ തേറമ്പില്‍ രാമകൃഷ്ണന്‍, എം.പി. വിന്‍സെന്റ്, മേയര്‍ രാജന്‍ ജെ. പല്ലന്‍, കളക്ടര്‍ ഡോ.എ. കൌശിഗന്‍, കമ്മീഷണര്‍ കെ.ജി. സൈമണ്‍, ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമന്‍, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രഫ.എം. മാധവന്‍കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫാ.വര്‍ഗീസ് താണിപ്പാറ, ഫാ. മാത്യു കപ്ളിക്കുന്നേല്‍, ഫാ. ജിയോ കല്ലടന്തിയില്‍, ടോജോ മാത്യു, സോളി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.