കേരളപ്പിറവി ആഘോഷം ബഹിഷ്കരിക്കുമെന്ന് ഐക്യമലയാള പ്രസ്ഥാനം
Sunday, October 4, 2015 12:59 AM IST
തിരുവനന്തപുരം: മലയാളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചു കേരളപ്പിറവിദിനം വഞ്ചനാദിനമായി ആചരിക്കുമെന്നും സര്‍ക്കാരിന്റെ ആഘോഷങ്ങളോടു നിസഹകരിക്കുമെന്നും മലയാള ഐക്യവേദി. മലയാള ഐക്യവേദി, മലയാള സമിതി, മലയാള സംരക്ഷണ വേദി എന്നിവയുടെ വേദിയാണ് മലയാള ഐക്യവേദി.

നവംബര്‍ ഒന്നു വഞ്ചനാദിനമായി ആചരിക്കും. ഗാന്ധി ജയന്തി ദിനം മുതല്‍സര്‍ക്കാരുമായി നിസഹകരണം തുടങ്ങി.

ഭാഷയുടെ അടിസ്ഥാനത്തില്‍ കേരളം രൂപംകൊണ്ടിട്ട് 60 വര്‍ഷമാകുന്നു. 2011ലാണ് പേരിനുമാത്രം മലയാളം ഒന്നാം ഭാഷയായി ഉത്തരവിറക്കിയത്. മലയാളം പഠിക്കാത്തവര്‍ സര്‍വീസില്‍ പ്രവേശിച്ചു രണ്ടു വര്‍ഷത്തിനുള്ളില്‍ യോഗ്യതാ പരീക്ഷ പാസാകണമെന്ന ഉത്തരവ് ഫയലുകളില്‍ ഉറങ്ങുകയാണ്. ഭരണഭാഷാ പുരോഗതി വിലയിരുത്താനായി രൂപീകരിച്ച ജില്ലാ, താലൂക്കു സമിതികള്‍ പിരിച്ചുവിട്ടു വകുപ്പുതല സമിതികളിലേക്കൊതുങ്ങി. സമഗ്ര മലയാളഭാഷാ നിയമത്തിന്റെ കരടു പരിശോധന പൂര്‍ത്തിയാക്കിയെങ്കിലും മന്ത്രിസഭ പരിഗണിക്കാതെ മാറ്റിവച്ചു. നിയമം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ വഴങ്ങിക്കൊണ്ടിരിക്കുന്നതായി സമിതി ആരോപിച്ചു.


പ്രഫ.വി.എന്‍. മുരളി, ഡോ.പി. വേണുഗോപാല്‍, ഹരിദാസന്‍ എം.വി. പ്രതീപന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.