വിശാലഹിന്ദു ഐക്യത്തിന് എന്‍എസ്എസ് ഇല്ല: സുകുമാരന്‍ നായര്‍
വിശാലഹിന്ദു ഐക്യത്തിന് എന്‍എസ്എസ് ഇല്ല: സുകുമാരന്‍ നായര്‍
Sunday, October 4, 2015 11:39 PM IST
ചങ്ങനാശേരി: മറ്റു മതവിഭാഗങ്ങള്‍ക്കെന്നപോലെ ഹൈന്ദവന്റെ പൊതുവായ താത്പര്യങ്ങളും സംരക്ഷിക്കാന്‍ വിശാലഹിന്ദുഐക്യത്തില്‍ പങ്കാളിയായേ തീരൂ എന്ന അഭിപ്രായം എന്‍എസ്എസിനില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.

ഹൈന്ദവരുടെ പൊതുവായ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ എ ന്നും എന്‍എസ്എസ് നിലകൊള്ളുന്നുണ്ട്. ആ ചുമതല മറ്റാരേക്കാള്‍ കൂടുതല്‍ എന്‍എസ്എസ് നിര്‍വഹിച്ചിട്ടുമുണ്ട്. അതു തുടരുകയും ചെയ്യും. ഹൈന്ദവരെ വൈകാരികമായി വേര്‍തിരിക്കുന്ന സംവരണ, സംവരണേതര പ്രശ്നങ്ങള്‍ ഒരിക്കലും ഹിന്ദുഐക്യത്തിന് ഗുണകരമാവില്ലെന്നതു വസ്തുതയാണെന്ന് അദ്ദേഹം പറഞ്ഞു.

സംവരണ കാര്യങ്ങളൊഴിച്ച് സാമൂഹികമായി നിലനിന്നിരുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാ ക്കാന്‍ എന്‍എസ്എസിന്റെ സമദൂരനിലപാടുകൊണ്ടു കഴിഞ്ഞിട്ടുണ്ട്.

സിന്‍ഹു കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കണമെന്ന ആവശ്യം ബിജെപി സര്‍ക്കാര്‍ മുമ്പാകെയും ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ചു നടപടികളുണ്ടായിട്ടില്ല. രാഷ്ട്രീയ ചായ്വ് ഉണ്ടാക്കിയാലേ പ്രശ്നപരിഹാരം ഉണ്ടാകൂവെന്നാണു നിലപാട് എങ്കില്‍ അതിനോട് എന്‍എസ്എസിന് യോജിക്കാനാവില്ല.

സിന്‍ഹു കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കേണ്ടത് സാമൂഹ്യനീതി നിഷേധിക്കപ്പെട്ടവര്‍ക്കു വേണ്ടിയാണെന്നും ഇതു നടപ്പാക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ കടമയാണെന്നും എന്‍എസ്എസ് ജനറല്‍സെക്രട്ടറി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നിയമന ങ്ങളിലെ സംവരണ കാര്യത്തില്‍ സ്വീകരിച്ചുവന്ന നിലപാടില്‍ എന്‍എസ്എസ് വിട്ടുവീഴ്ച ചെയ്തതാണ്.


എന്നാല്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡുവഴിയുള്ള നിയമനങ്ങളുടെ കാര്യം വന്നപ്പോള്‍ ഹൈന്ദവരിലെ സംവരണ സമുദായങ്ങള്‍ക്ക് നിയമാനുസരണം കിട്ടേണ്ട 32 ശതമാനം സംവരണം അനുവദിച്ചിട്ടും ബാക്കിയുള്ള 18 ശതമാനം സംവരണം ഹൈന്ദവരിലെ സംവരേണതരസമുദായങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്‍ക്ക് നല്‍കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അതു പറ്റില്ല അതുകൂടി ഞങ്ങള്‍ക്കു തരണമെന്നും ഒരു ശതമാനം പോലും ഹൈന്ദവ രിലെ സംവരേണതരസമുദായങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കൊടുക്കേണ്ടതില്ലെന്നുമാണ് എസ്എന്‍ഡിപി നേതൃത്വം പറഞ്ഞത്.

സംവരണം എന്നത് ഞങ്ങളുടെ ജന്മാവകാശമാണ് എന്ന വാദം ഉന്നയിച്ചതിനെത്തുടര്‍ന്നു സര്‍ക്കാര്‍ ആ 18 ശതമാനം ജനറല്‍ മെറിറ്റിനോടു ചേര്‍ക്കുകയാണുണ്ടായത്. ഈ വാദം ഉന്നയിച്ചവരാണ് വിശാലഹിന്ദുഐക്യത്തിന് കാഹളം മുഴക്കിയിരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ അവരോട് സഹതാപമാണ് തോന്നുന്നത്. എന്തുതന്നെയായാലും വിശാല ഹിന്ദുഐക്യത്തിന്റെ ഭാഗമായിനിന്നു പ്രവര്‍ത്തിക്കുവാന്‍ എന്‍എസ്എസിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ അനുവദിക്കുന്നില്ല.

ആ തത്ത്വങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് ഹൈന്ദവന്റെ പൊതുവായ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ എന്‍എസ്എസ് എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കൂ ട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.