തോട്ടം തൊഴിലാളികളുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം: ലേബര്‍ മൂവ്മെന്റ
Monday, October 5, 2015 12:59 AM IST
കൊച്ചി: കേരളത്തിലെ തോട്ടം മേഖലയിലെ തൊഴിലാളി സമരം എത്രയും വേഗം ഒത്തുതീര്‍പ്പാക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകണമെന്നു കെസിബിസി നേതൃത്വം നല്‍കുന്ന കേരള ലേബര്‍ മൂവ്മെന്റ്(കെഎല്‍എം) ആവശ്യപ്പെട്ടു. കൂലി വര്‍ധനയുടെ കാര്യം ഉടന്‍ തീരുമാനമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍ ഉന്നയിച്ച മറ്റു കാര്യങ്ങളില്‍ അനുഭാവപൂര്‍വമായ നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം.

താമസസൌകര്യം, ചികിത്സാസൌകര്യം, മക്കളുടെ വിദ്യാഭ്യാസ സൌകര്യം തുടങ്ങിയ മനുഷ്യാവകാശ വിഷയങ്ങളാണ് ഇവര്‍ പ്രധാനമായും ഉന്നയിച്ചിട്ടുള്ളത്. ഇത്തരം സൌകര്യങ്ങള്‍ ഒരുക്കി നല്‍കേണ്ടതു തോട്ടം ഉടമയുടെ കടമയാണ്. എന്നാല്‍, നഷ്ടത്തിന്റെ കണക്കു പറഞ്ഞു തോട്ടം അടച്ചുപൂട്ടുമെന്ന ഭീഷണിയില്‍ തൊഴിലാളികളെ സമ്മര്‍ദത്തിലാക്കി ക്ഷേമആനുകൂല്യങ്ങള്‍ ഘട്ടംഘട്ടമായി ഉടമകള്‍ നല്‍കാതെ വരികയാണു ചെയ്തത്. കൂടാതെ കുറഞ്ഞ കൂലിയില്‍ കൂടുതല്‍ അധ്വാനവും തൊഴിലാളികളുടെ മേല്‍ അടിച്ചേല്‍പ്പിച്ചു. തോട്ടം തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും തമിഴ്വംശജരായ ദളിത് സ്ത്രീകളായതിനാല്‍ ഇവര്‍ പലവിധ വിവേചനത്തിനു വിധേയരാണ്. ട്രേഡ് യൂണിയന്‍ നേതൃത്വത്തിലുണ്ടായ അപചയവും തൊഴിലാളികളുടെ പാര്‍ശ്വവത്ക്കരണത്തിന് ആക്കം കൂട്ടിയതായി എറണാകുളത്തു പിഒസിയില്‍ ചേര്‍ന്ന കെഎല്‍എം നേതൃയോഗം വിലയിരുത്തി.

തോട്ടം മേഖലയിലെ തൊഴിലാളികളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ സമഗ്രമായ പാക്കേജ് നടപ്പാക്കണം. കഴിഞ്ഞ നാലഞ്ചു തലമുറകളായി എസ്റേറ്റുകളിലെ ലയങ്ങളില്‍ വസിക്കുന്നവരാണിവര്‍. സ്വന്തമായി ഒരിഞ്ച് ഭൂമിപോലും ഇല്ലാത്ത എല്ലാ തൊഴിലാളി കുടുംബങ്ങള്‍ക്കും വീടു വയ്ക്കുന്നതിനുള്ള പത്തു സെന്റ് ഭൂമി നല്കണം. ഓരോ എസ്റേറ്റിന്റെയും അനുബന്ധമായിത്തന്നെ ഭൂമി നല്‍കണം. ഈ ഭൂമിയില്‍ വീടു പണിയാനുള്ള സഹായം സര്‍ക്കാരിന്റെ സാമൂഹികസുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കണം. ലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ എത്രയും വേഗത്തില്‍ നടത്തണം. പ്ളാന്റേഷന്‍ ലേബര്‍ ആക്ട് അനുസരിച്ചുള്ള എല്ലാ സൌകര്യങ്ങളും ലഭ്യമാക്കണം. തൊഴിലാളികളുടെയും ആശ്രിതരുടെയും ചികിത്സാ സൌകര്യം മെച്ചപ്പെടുത്തണം.


1951ലെ പ്ളാന്റേഷന്‍ ലേബര്‍ ആക്ടിലെ നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കാന്‍ മാറിമാറി അധികാരത്തിലേറിയ സര്‍ക്കാരുകളും ഉദ്യോഗസ്ഥ സംവിധാനങ്ങളും ദയനീയമായി പരാജയപ്പെട്ടു. പ്ളാന്റേഷന്‍ ലേബര്‍ ആക്ട് അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കണം. സാംസ്കാരിക സാമൂഹിക മനുഷ്യാവകാശ സംഘടനകള്‍ തോട്ടം തൊഴിലാളികളുടെ വിഷയങ്ങളില്‍ കൂടുതല്‍ ക്രിയാന്മകമായി ഇടപെടണമെന്നും കെഎല്‍എം അഭ്യര്‍ഥിച്ചു.

യോഗത്തില്‍ കെഎല്‍എം സംസ്ഥാന പ്രസിഡന്റ് സെബാസ്റ്യന്‍ പാലംപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഡോ.വര്‍ഗീസ് വള്ളിക്കാട്ട്, കെസിബിസി ലേബര്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോര്‍ജ് തോമസ് നിരപ്പുകാലായില്‍, കെആര്‍എല്‍സിബിസി ലേബര്‍ കമ്മീഷന്‍ സെക്രട്ടറി, ജോസഫ് ജൂഡ്, വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷന്‍ ദേശീയ സമിതി അംഗം ജോയി ഗോതുരുത്ത്, കെഎല്‍എം ജനറല്‍ സെക്രട്ടറി ബാബു തണ്ണിക്കോട് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.