മത്സ്യത്തൊഴിലാളി മേഖലയിലെ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പഠനകേന്ദ്രം
Monday, October 5, 2015 1:02 AM IST
തിരുവനന്തപുരം: മത്സ്യത്തൊഴിലാളി മേഖലയിലെ വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും വിദ്യാഭ്യാസ ഉന്നമനത്തിനായി സര്‍ക്കാര്‍ തൊഴില്‍ പഠന- പരിശീലന- ഗവേഷണ കേന്ദ്രം ആരംഭിക്കുന്നു. രാജീവ്ഗാന്ധി നോളജ് സെന്റര്‍ ഫോര്‍ കരിയര്‍ സ്റഡീസ് ആന്‍ഡ് റിസര്‍ച്ച് എന്ന് പേരിട്ടിരിക്കുന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ മൂന്നു കോടി രൂപ അനുവദിച്ചിട്ടുണ്ട്.

തീരദേശ മേഖലയിലെ വിദ്യാര്‍ഥികളെയും യുവജനങ്ങളെയും വിഭിന്ന മേഖലകളില്‍ തൊഴില്‍ നേടാന്‍ പ്രാപ്തരാക്കുന്നതിനു പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കാന്‍ ഉദ്ദേശിച്ചുള്ള ഈ പഠന-പരിശീലന-ഗവേഷണകേന്ദ്രം, ഫിഷറീസ് വകുപ്പിനു കീഴില്‍ സ്വയംഭരണ സ്ഥാപനമായാണ് ആരംഭിക്കുക. സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം, യുപിഎസ്സി, പിഎസ്സി, ബാങ്ക് പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍, കരിയര്‍ ഗൈഡന്‍സ് പരിപാടികള്‍, യുജിസി പരീക്ഷാ പരിശീലനം, വ്യക്തിത്വ വികസന ക്ളാസുകള്‍ എന്നിങ്ങനെ വിവിധ പരിശീലന പദ്ധതികളിലൂടെ തീരദേശ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും ആത്മവിശ്വാസം നല്‍കി അനുയോജ്യമായ തൊഴിലും ഉന്നത വിദ്യാഭ്യാസ അവസരങ്ങളും കണ്െടത്താന്‍ പ്രാപ്തരാക്കുകയാണ് നോളജ് സെന്ററിന്റെ ലക്ഷ്യം. മത്സ്യത്തൊഴിലാളി മേഖലയിലെ യുവതലമുറയെ സ്വയം സംരംഭകത്വ പദ്ധതികളിലേക്ക് നയിക്കുന്നതിനായി സ്വയംസംരംഭക്ത്വ പരിശീലന പദ്ധതികളും രാജീവ് ഗാന്ധി നോളജ് സെന്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. ഫിഷറീസ്, വിദ്യാഭ്യാസ വകുപ്പുകളുടെ കീഴില്‍ തീരദേശത്തു നടപ്പാക്കുന്ന വിവിധ വിദ്യാഭ്യാസ പദ്ധതികളെ ഏകോപിപ്പിക്കുന്നത് ഇനി മുതല്‍ ഈ സ്ഥാപനം വഴിയായിരിക്കും. എറണാകുളം ജില്ലയിലെ മരട് ആസ്ഥാനമായി ആരംഭിക്കുന്ന നോളജ് സെന്ററിന് ഭാവിയില്‍ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ മേഖലാ കേന്ദ്രങ്ങളും എല്ലാ തീരദേശ ജില്ലകളിലും പരിശീലന കേന്ദ്രങ്ങളും വിഭാവന ചെയ്തിട്ടുണ്ട്.


ഇതിനു പുറമേ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കായി കരിയര്‍ ഇന്‍ഫര്‍മേഷന്‍ ഡാറ്റാ ബാങ്ക്, ഉന്നത വിദ്യാഭ്യാസ ഡയറക്ടറി, കരിയര്‍ ഗൈഡന്‍സ് ലൈബ്രറി, വിദ്യാഭ്യാസ റേഡിയോ എന്നിവയും ഈ സെന്ററിന്റെ ഭാഗമായി ആരംഭിക്കും.

തീരദേശ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ളത്. ഫിഷറീസ് സ്കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതിനു വേണ്ട പദ്ധതികളും ഈ സെന്റര്‍ വഴി നടപ്പിലാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.