മൂന്നാറില്‍ വിങ്ങി,വിതുമ്പി തൊഴിലാളിസ്ത്രീകള്‍
മൂന്നാറില്‍ വിങ്ങി,വിതുമ്പി തൊഴിലാളിസ്ത്രീകള്‍
Tuesday, October 6, 2015 12:44 AM IST
മൂന്നാര്‍: ചര്‍ച്ച പരാജയപ്പെട്ടെന്നറിഞ്ഞതോടെ പൊമ്പിളൈ ഒരുമൈ സമരവേദി വിങ്ങലിന്റെ വേദനയിലമര്‍ന്നു. വാര്‍ത്ത കേട്ടതോടെ ചിലര്‍ പൊട്ടിക്കരഞ്ഞു. ചിലര്‍ വിങ്ങല്‍ സഹിക്കാനാവാതെ ഉറ്റവരുടെ തോളിലേക്ക് ചാഞ്ഞു. നിരാഹാരം അനുഷ്ഠിക്കുന്നവരുടെ മിഴികളില്‍ കണ്ണീര്‍ ഒലിച്ചിറങ്ങി. സ്ത്രീകളെ സഹായിക്കാന്‍ കൂടിനിന്ന പുരുഷന്മാര്‍ കോപാക്രാന്തരായി ഉച്ചത്തില്‍ ആക്രോശിച്ചു. ചിലര്‍ തരിച്ചുനിന്നു. നിരാഹാരം അനുഷ്ഠിക്കുകയായിരുന്ന അന്നമ്മാള്‍, സെല്‍വി എന്നിവര്‍ തളര്‍ന്നുവീണു.

മൂന്നുദിവസം നിരാഹാരമനുഷ്ഠിച്ചു വന്നിരുന്ന സ്ത്രീകള്‍ തീര്‍ത്തും അവശനിലയിലായതോടെ പോലീസ് ഇടപെട്ട് ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. തുടര്‍ന്ന് പോലീസ് വാഹനങ്ങളില്‍തന്നെ ഇവരെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പലരും വേദിയില്‍നിന്നും പോരാന്‍ കൂട്ടാക്കിയില്ലെങ്കിലും പോലീസ് വിവരങ്ങള്‍ ബോധിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നതു കാണാമായിരുന്നു. സമരം ചെയ്തിരുന്ന മുനിയമ്മ, ശശികല, ജയലക്ഷ്മി, ചന്ദ്രലേഖ, രേവതി, എസ്. സെല്‍വി, മണിമേഖല, വനിത, മീന, പരമേശ്വരി, വെള്ളത്തായി, രഞ്ജിത, ഉമാദേവി, അന്നമ്മാള്‍, സെല്‍വി, മാലതി, ജയ്സമ്മ, സുമതി എന്നിവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

രാപകല്‍ നിരാഹാര സമരം നടത്തുന്നവര്‍ ഇല്ലാത്തതു കാരണം വീട്ടിലേക്കു മടങ്ങണമെ ന്നും നാളെ വീണ്ടും സ രം തുടരാമെന്നും അറിയിച്ചു.

ഈ തിരിച്ചടിയില്‍ തളരില്ലെന്നും എന്തു വന്നാലും അവസാനംവരെ പോരാടുമെന്നും വരുംദിവസങ്ങളില്‍ ശക്തമായിതന്നെ സമരം തുടരുമെന്നും തൊഴിലാളികള്‍ അറിയിച്ചു. സമാധാനപരമായി സമരംചെയ്യുന്ന തങ്ങളെ സര്‍ക്കാര്‍ പരിഹസിക്കുകയാണെ ന്നും ചിലര്‍ പ്രതികരിച്ചു.


മൂന്നാറിലെ ആദ്യഘട്ടത്തില്‍ ചെയ്തതുപോലുള്ള സമരമുറകളിലേക്ക് നീങ്ങുമെന്നും തൊഴിലാളികള്‍ അറിയിച്ചു. തങ്ങളെ വേണ്ട വിധം സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും അതിനാല്‍ റോഡുപരോ ധം പോലെയുള്ള സമരത്തിലേക്ക് നീങ്ങുമെന്നും ഇവര്‍ അറിയിച്ചു.

നാളെ നടക്കുന്ന ചര്‍ച്ച അവസാ ന അവസരമാണെന്നും അതിലും പരാജയപ്പെട്ടാല്‍ തീരുമാനമുണ്ടാകുന്നതുവരെ സമരമുഖത്തു നിന്നു പിന്തിരിയില്ലെന്നും തൊഴിലാളികള്‍ പറയുന്നു. ഇതിനിടെ ഇന്നലെ രാവിലെ മുതല്‍ സ്ത്രീ തൊഴിലാളികളും ട്രേഡ് യൂണിയനുകളും ശക്തമായി സമരം തുടര്‍ന്നു. രാവിലെ മുതല്‍ത്തന്നെ ഇരു വേദികളും മുദ്രാവാക്യം വിളികളാല്‍ ആവേശഭരിതരായിരുന്നു. ട്രേഡ് യൂണിയന്റെ ശക്തി തെളിയിക്കുന്നതായിരുന്നു ഇന്നലെ അവരുടെ പ്രകടനം. രാവിലെ വിവിധ ദിശകളിലായെത്തിയ ട്രേഡ് യൂണിയന്‍ റാലി പൊമ്പളൈ ഒരുമൈ സമരപ്പന്തലിനു മുന്നിലൂടെയാണ് കടന്നുപോയത്.

ഇന്നലെ മൂന്നു ട്രേഡ് യൂണിയനുകളിലുമായി നടന്ന റാലിയില്‍ മൂവായിരത്തോളംപേര്‍ പങ്കെടുത്തു. ട്രേഡ് യൂണിയന്റെ ശക്തി സ്ത്രീ തൊഴിലാളികളുടെ മുമ്പില്‍ വെളിപ്പെടുത്തുന്ന വിധത്തിലായിരുന്നു റാലികള്‍ ക്രമീകരിച്ചത്. സ്ത്രീ തൊഴിലാളികളും മോശമാക്കിയില്ല. ട്രേഡ് യൂണിയന്‍ റാലി കടന്നുവന്നപ്പോള്‍ മുദ്യാവാക്യം വിളികള്‍ അവര്‍ അത്യുച്ചത്തിലാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.