തൃശൂര്‍ നഗരമധ്യത്തില്‍ ബാങ്കിലും ജ്വല്ലറിയിലും കവര്‍ച്ചാശ്രമം
തൃശൂര്‍ നഗരമധ്യത്തില്‍ ബാങ്കിലും ജ്വല്ലറിയിലും കവര്‍ച്ചാശ്രമം
Tuesday, October 6, 2015 12:47 AM IST
സ്വന്തം ലേഖകന്‍

തൃശൂര്‍: തൃശൂര്‍ നഗരമധ്യത്തില്‍ ബാങ്കിലും ജ്വല്ലറിയിലും ചുമര്‍ കുത്തിത്തുരന്നു കവര്‍ച്ചാശ്രമം. എം.ഒ റോഡില്‍ അയോധ്യാ ജ്വല്ലറിയിലും സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ ബസാര്‍ ശാഖയിലുമാണ് കവര്‍ച്ചാശ്രമം നടന്നിട്ടുള്ളത്. പിറകിലുള്ള കെട്ടിടങ്ങള്‍ക്കിടയിലൂടെ ഇറങ്ങി ചുമര്‍ കുത്തിത്തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നിട്ടുള്ളത്.

സൌത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയും അയോധ്യ ജ്വല്ലറിയും ഒരേകെട്ടിടത്തിലാണ്. പിന്നിലെ ചുമര്‍ തുരന്ന് അകത്തുകയറിയാല്‍ എത്തുന്ന പൊതുസ്ഥലത്തുനിന്നും ജ്വല്ലറിയിലേക്കും ബാങ്കിലേക്കും ഉള്ള രണ്ട് ഇരുമ്പുവാതിലുകള്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്.

ജ്വല്ലറിയുടെ ചെസ്റും ബാങ്കിന്റെ ലോക്കറും കുത്തിത്തുറക്കാന്‍ ശ്രമിച്ചിട്ടുണ്െടങ്കിലും രണ്ടും തുറക്കാനായിട്ടില്ല. ചില താക്കോലുകളും സ്ഥലത്തുനിന്നു കിട്ടി. ചുമര്‍ തുരക്കാനും പൊളിക്കാനും ഉപയോഗിച്ച ഒരു ഉളിയും ഇരുമ്പുവടിയും സ്ഥലത്തുനിന്നും കണ്ടുകിട്ടിയിട്ടുണ്ട്. ബാങ്കില്‍ കയറിയ മോഷ്ടാക്കള്‍ കാമറ നശിപ്പിച്ച നിലയിലാണ്. ബാങ്കിലെയും ജ്വല്ലറിയിലേയും മേശവലിപ്പുകളും പൊളിച്ച് പരിശോധിച്ച നിലയില്‍ കാണപ്പെട്ടു. ജ്വല്ലറിയിലെ ആഭരണങ്ങള്‍ സേഫില്‍ സൂക്ഷിച്ചിട്ടുള്ളതിനാല്‍ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന.

ശനിയാഴ്ച രാത്രി പൂട്ടിപ്പോയതാണ് ബാങ്കും ജ്വല്ലറിയും. ഇന്നലെ രാവിലെ ഒന്‍പതുമണിയോടെ ജ്വല്ലറി തുറക്കാനെത്തിയ അയോധ്യ ജ്വല്ലറി ഉടമ സദാശിവന്‍ സേഠിന്റെ മകനാണ് മോഷണശ്രമം നടന്നതു കണ്ടത്. ബാങ്ക് ജീവനക്കാരും ഇതിനകം എത്തി. അപ്പോഴാണ് ബാങ്കിലും കള്ളന്‍ കയറിയ വിവരം അറിഞ്ഞത്.


വിവരമറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോലീസ് കമ്മീഷണര്‍ കെ.ജി. സൈമണ്‍, എസിപി ശിവവിക്രം, സിഐ സജീവ് എന്നിവരും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ട്.

ഒരാള്‍ക്കു കൃത്യമായി അകത്തുകയറാവുന്ന വലിപ്പത്തിലുള്ളതാണ് ദ്വാരം. ഒന്നിലധികം പേര്‍ കവര്‍ച്ചാശ്രമത്തില്‍ പങ്കെടുത്തതായാണ് പോലീസ് നിഗമനം. വിരലടയാള വിദഗ്ധരും പോലീസും സ്ഥലത്തെത്തി തെളിവു ശേഖരിച്ചു.

രാത്രികാലങ്ങളില്‍ പോലീസ് സുരക്ഷയുള്ള മേഖലയാണിത്. പോലീസിന്റെ സിസിടിവി കാമറ നിരീക്ഷണവും ഈ മേഖലയിലുണ്ട്. ജ്വല്ലറിയില്‍ രാത്രി സെക്യൂരിറ്റി സംവിധാനമുണ്െടങ്കിലും അവധിദിനത്തില്‍ സ്ഥാപനത്തിനു പിന്നിലൂടെ അകത്തുകയറിയ മോഷ്ടാക്കളുടെ ഉദ്യമം തിരിച്ചറിയാതെ പോകുകയായിരുന്നു.

നഗരത്തിലെ എടിഎം കവര്‍ച്ചയ്ക്കും കോലഴിയില്‍ എടിഎം മെഷിന്‍ ഇളക്കിയെടുത്തു കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തിനും വടക്കേക്കാട് അഞ്ഞൂറു പവന്‍ കവര്‍ന്നതിനും ശേഷം തൃശൂര്‍ നഗരമധ്യത്തില്‍ നടന്ന ജ്വല്ലറി കവര്‍ച്ചാശ്രമം പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്. ഒന്നും നഷ്ടമായില്ലെങ്കിലും ഇത്രയേറെ തിരക്കുള്ള തൃശൂര്‍ നഗരത്തിനു നടുവില്‍ നടന്ന കവര്‍ച്ചാശ്രമത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.