കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി: അന്വേഷണം നാലു മാസത്തിനകം പൂര്‍ത്തിയാകുമെന്ന് വിജിലന്‍സ്
Tuesday, October 6, 2015 12:48 AM IST
കൊച്ചി: സംസ്ഥാന സഹകരണ ഉപഭോക്തൃ ഫെഡറേഷനിലെ (കണ്‍സ്യൂമര്‍ഫെഡ്) അഴിമതി സംബന്ധിച്ച അന്വേഷണം നാലു മാസത്തിനകം പൂര്‍ത്തിയാകുമെന്ന് വിജിന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു. അഴിമതി കേസുകളില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഹൃദേശ് ചന്ദ്രന്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് വിജിലന്‍സ് എസ്പി കെ.എം. ആന്റണി ഹൈക്കോടതിയില്‍ വിശദീകരണ പത്രിക സമര്‍പ്പിച്ചത്.

വിജിലന്‍സ് സംഘം നിഷ്പക്ഷമായ അന്വേഷണം നടത്തുകയാണെന്നും രണ്ട് വിജിലന്‍സ് കേസുകളിലും കണ്‍സ്യൂമര്‍ഫെഡുമായി ബന്ധപ്പെട്ട മറ്റ് അഞ്ചു കേസുകളിലും അന്വേഷണവും തുടര്‍നടപടിയുമില്ലെന്ന ആക്ഷേപം ശരിയല്ലെന്നും പത്രികയില്‍ പറയുന്നു. കണ്‍സ്യൂമര്‍ഫെഡുമായി ബന്ധപ്പെട്ട അഞ്ചു കേസുകളില്‍ വകുപ്പുതല അന്വേഷണത്തിന് ശിപാര്‍ശ നല്‍കി സമര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. വിജിലന്‍സ് സംഘം അന്വേഷിക്കുന്ന കേസുകളില്‍ അന്വേഷണം കാര്യക്ഷമമാണ്. നാലു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാകും.


അന്വേഷണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിനു അന്വേഷണ സംഘം ശ്രമം നടത്തുകയാണ്. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണമാണ് നിലവിലെ അന്വേഷണ സംഘം നടത്തുന്നത്. ഈ സാഹചര്യത്തില്‍ ഹര്‍ജിയിലെ ആവശ്യം അനുവദിക്കേണ്ടതില്ലെന്ന് പത്രികയില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.