എസ്എന്‍ഡിപിക്ക് പാര്‍ട്ടി: ആലോചനായോഗത്തില്‍ ഭിന്നാഭിപ്രായം
എസ്എന്‍ഡിപിക്ക് പാര്‍ട്ടി: ആലോചനായോഗത്തില്‍ ഭിന്നാഭിപ്രായം
Tuesday, October 6, 2015 12:50 AM IST
ചേര്‍ത്തല: രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടു വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായം തേടാന്‍ എസ്എന്‍ഡിപി യോഗം ചേര്‍ത്തലയില്‍ വിളിച്ചു ചേര്‍ത്തയോഗത്തില്‍ ഭിന്നാഭിപ്രായം.

സംസ്ഥാനത്തു മൂന്നാം മുന്നണിയായി നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ രാഷ്ട്രീയപാര്‍ട്ടി രൂപികരിക്കുന്നതിനായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണു സമ്മേളനം വിളിച്ചത്. ക്ഷണിച്ചു വരുത്തിയവര്‍ അവരുടേതായ ആവശ്യങ്ങള്‍ യോഗത്തില്‍ ഉന്നയിക്കുകയും അതു നടപ്പാക്കുന്ന കാര്യത്തില്‍ തീരുമാനമാകാതെ വന്നതിനെത്തുടര്‍ന്ന് വീണ്ടും സമ്മേളിച്ചു തീരുമാനിക്കാം എന്നു തീരുമാനമെടുക്കുകയുമായിരുന്നു.

ഡിസംബറില്‍ പാര്‍ട്ടി രൂപീകരിക്കുമെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞതിനോട് പലരും വിയോജിപ്പ് രേഖപ്പെടുത്തിയെന്നാണ് അറിയുന്നത്. സമ്മേളനശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുക്കാതിരുന്നത് അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണെന്നും സംസാരമുണ്ട്. രാഷ്ട്രീയ പാര്‍ട്ടിക്കുള്ള നീക്കം യുഡിഎഫിനെ സഹായിക്കുമെന്നും അതു ന്യൂനപക്ഷ പ്രീണനം ശക്തമായി തുടരാന്‍ അവസരം ഒരുക്കുമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ ആക്ഷേപം ഉന്നയിച്ചു. മതാധിഷ്ഠിത പാര്‍ട്ടി രൂപീകരിക്കുന്നത് എസ്എന്‍ഡിപി യോഗത്തിനു ചേര്‍ന്നതല്ലെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ഹിന്ദു പാര്‍ട്ടിയെന്ന നിലപാടു മാറ്റി മതേതര പാര്‍ട്ടി രൂപീകരണമാണു ലക്ഷ്യമെന്ന് അപ്പോള്‍ വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

എന്‍.എം പിയേഴ്സണ്‍, അഡ്വ. എം. ജയശങ്കര്‍, പി. രാജന്‍, ഫിലിപ്പ് എം. പ്രസാദ്, ഡോ. ജയപ്രസാദ് എന്നിവരില്‍നിന്നാണ് എസ്എന്‍ഡിപി യോഗം നേതൃത്വം അഭിപ്രായം സമാഹരിച്ചത്. ഫിലിപ്പ് എം. പ്രസാദും ജയപ്രസാദും മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കല്‍ നീക്കത്തെ അനുകൂലിച്ചത്.

ഈ നീക്കം എസ്എന്‍ഡിപി യോഗത്തെ ദോഷകരമായി ബാധിക്കുമെന്നും സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ നിന്നുള്ള വ്യതിചലനമാകുമെന്നും അതു യുഡിഎഫിനു സഹായകരമാവുമെന്നുമാണ് മറ്റുള്ളവര്‍ അഭിപ്രായപ്പെട്ടത്. രാവിലെ ആരംഭിച്ച അഭിപ്രായം തേടല്‍ നാലുമണിക്കൂറോളം നീണ്ടു.

കെപിഎംഎസിന്റെ ഒരു വിഭാഗവും വിഎസ്ഡിപി ഉള്‍പ്പെടെ ചില സംഘടനകളുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇവര്‍ രാഷ്ട്രീയപാര്‍ട്ടിയെന്നതിനോടു യോജിച്ചു. തുടര്‍ന്ന് ഇതര ഹിന്ദുസംഘടനാ ഭാരവാഹികളുമായുള്ള ആശയ വിനിമയമാണു നടന്നത്. ഇവര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയെന്ന നിര്‍ദേശമാണു വച്ചത്. എന്നാല്‍ ചിലര്‍ ഹിന്ദു പാര്‍ട്ടിയെന്ന നിര്‍ദേശത്തോടു വിയോജിച്ചു.

നാലു ജില്ലകള്‍ വച്ചു ന്യൂനപക്ഷം കേരളം ഭരിക്കുകയാണെന്ന് എസ്എന്‍ഡിപി

ചേര്‍ത്തല: മലപ്പുറവും കോഴിക്കോടും വച്ച് ലീഗും ഇടുക്കിയും കോട്ടയവും വച്ച് കേരള കോണ്‍ഗ്രസും കേരളം ഭരിക്കുകയാണെന്ന് എസ്എന്‍ഡിപി. രാഷ്ട്രീയപാര്‍ട്ടി രൂപവത്കരണത്തിനു മുന്നോടിയായുള്ള ആലോചനായോഗത്തില്‍ വിതരണം ചെയ്ത കുറിപ്പിലാണ് ഈ ആരോപണം. എല്‍ഡിഎഫ് വന്നാലും യുഡിഎഫ് വന്നാലും ന്യൂനപക്ഷ പ്രീണനത്തിനാണു മുന്‍ഗണന നല്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.


നായാടി മുതല്‍ നമ്പൂതിരി വരെയുള്ള സമുദായങ്ങള്‍ ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി ജനാധിപത്യ തമ്പുരാക്കന്മാര്‍ക്കു മുന്നില്‍ ഭിക്ഷാപാത്രവുമായി നില്‍ക്കേണ്ടി വരുന്നു. എന്നാല്‍ ഇവരെയെല്ലാം ചവിട്ടി മെതിച്ച് ന്യൂനപക്ഷങ്ങളുടെ സംഘടിത വോട്ടിനായി ഇരുമുന്നണികളും പ്രവര്‍ത്തിക്കുന്നതായും കുറ്റപ്പെടുത്തലുണ്ട്.

കേരളത്തിന്റെ സര്‍വതോമുഖമായ വികസനത്തിനു കളമൊരുക്കുമ്പോഴും ന്യൂനപക്ഷങ്ങളെയും ഭൂരിപക്ഷങ്ങളെയും അവഗണിക്കാത്ത സാമൂഹ്യനീതിയിലധിഷ്ഠിതമായ ഒരു വ്യവസ്ഥിതിയാണു രൂപപ്പെടേണ്ടത്. ന്യൂനപക്ഷത്തിന്റെ വാ യിലെ ഭക്ഷണമായിരിക്കുന്ന സിപിഎമ്മിനോ കോണ്‍ഗ്രസിനോ ആ ദൌത്യം ഏറ്റെടുക്കാനാകില്ലെന്നും കുറിപ്പില്‍ കുറ്റപ്പെടു ത്തുന്നു.

എസ്എന്‍ഡിപി വിമതവിഭാഗം രംഗത്തെത്തി

തലശേരി: ബിജെപി ബാന്ധവവുമായി മുന്നോട്ടുപോകുന്ന വെള്ളാപ്പള്ളി നടേശന്റെ നീക്കങ്ങള്‍ക്കെതിരേ സംസ്ഥാന വ്യാപകമായി ശക്തമായ പ്രചാരണം നടത്താന്‍ എസ്എന്‍ഡിപി യോഗം വിമതവിഭാഗം നീക്കമാരംഭിച്ചു. ഇതേക്കുറിച്ച് ആലോചിക്കുന്നതിന് 11ന് തലശേരിയില്‍ ഗോകുലം ഗോപാലന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളുടെ നേതൃത്വത്തില്‍ വിപുലമായ യോഗം നടക്കും.

എസ്എന്‍ഡിപി യോഗം സംരക്ഷണ സമിതിയായ ശ്രീനാരായണ ധര്‍മവേദി, സേവ് എസ്എന്‍ഡിപി ഫോറം, എസ്എന്‍ഡിപി സംരക്ഷണ സമിതി തുടങ്ങിയ സംഘടനകളാണ് വെള്ളാപ്പള്ളിയുടെ നീക്കങ്ങള്‍ക്കെതിരേ രംഗത്തുവന്നിട്ടുള്ളത്. വിമതകൂട്ടായ്മയ്ക്ക് സിപിഎം-കോണ്‍ഗ്രസ് നേതാക്കളില്‍നിന്നു പിന്തുണയുള്ളതായി അറിയുന്നു.

ശ്രീനാരായണ ധര്‍മവേദി ചെയര്‍മാന്‍ കൂടിയായ ഗോകുലം ഗോപാലനു പുറമേ, എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് വിദ്യാസാഗര്‍, മുന്‍ ജനറല്‍ സെക്രട്ടറി കെ. ഗോപിനാഥന്‍, മുന്‍ ദേവസ്വം സെക്രട്ടറി എം.ബി. ശ്രീകുമാര്‍ തുടങ്ങിയ നേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കുകയെന്നാണ് അറിയുന്നത്. താലൂക്ക്-ജില്ലാ-സംസ്ഥാന തലങ്ങളില്‍ വെള്ളാപ്പള്ളിക്കെതിരേ കണ്‍വന്‍ഷനുകളും പൊതുസമ്മേളനങ്ങളും നടത്താനാണു വിമതവിഭാഗം ആലോചിക്കുന്നത്.

വെള്ളാപ്പള്ളിയുടെ അഴിമതികളും കുടുംബ താത്പര്യത്തിനുവേണ്ടിയുള്ള രാഷ്ട്രീയ നിലപാടുകളും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനാണു തങ്ങള്‍ ശ്രമിക്കുന്നതെന്നു വിമതയോഗത്തിനു നേതൃത്വം നല്‍കുന്ന നേതാക്കള്‍ പറഞ്ഞു.

എന്നാല്‍, എസ്എന്‍ഡിപി യോഗത്തില്‍നിന്നു പുറത്താക്കപ്പെട്ടവരും സംഘടനയിലെ മുഖ്യധാരയില്‍ ഇല്ലാത്തവരുമാണ് 11ന് തലശേരിയില്‍ ഒത്തുചേരാന്‍ തീരുമാനിച്ചിട്ടുള്ളതെന്നും ഇത് ഗൌരവമായി കാണുന്നില്ലെന്നും എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.