തോട്ടം ചര്‍ച്ച പരാജയപ്പെട്ടു
തോട്ടം ചര്‍ച്ച പരാജയപ്പെട്ടു
Tuesday, October 6, 2015 12:31 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: തോട്ടം തൊഴിലാളി യൂണിയനുകളും തോട്ടം മാനേജ്മെന്റ് അസോസിയേഷനും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നതോടെ തോട്ടം തൊഴിലാളികളുടെ ശമ്പളവര്‍ധന സംബന്ധിച്ച ചര്‍ച്ച പരാജയപ്പെട്ടു. ഇന്നലെ രാവിലെ പത്തിന് ആരംഭിച്ച ചര്‍ച്ച രാത്രി ഏഴു വരെ നീണ്ടിട്ടും തീരുമാനത്തിലെത്താന്‍ സാധിക്കാതിരുന്നതോടെ നാളെ വീണ്ടും പ്ളാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗം ചേരാന്‍ തീരുമാനിച്ചു പിരിഞ്ഞു.

മിനിമം വേതനം പ്രതിദിനം 500 രൂപയാക്കണമെന്ന നിലപാടില്‍ തൊഴിലാളി യൂണിയനുകളും അടിസ്ഥാന ശമ്പളത്തില്‍ 25 രൂപയുടെ വര്‍ധന നല്കാമെന്ന നിലപാടില്‍ പ്ളാന്റേഷന്‍ അസോസിയേഷനും ഉറച്ചുനിന്നു. ഇതോടെയാണ് യോഗത്തില്‍ തീരുമാനം ഉണ്ടാകാതിരുന്നത്.

രാവിലെ പത്തിനു മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ തൊഴില്‍മന്ത്രി ഷിബു ബേബിജോണിന്റെ അധ്യക്ഷതയില്‍ ട്രേഡ് യൂണിയന്‍ നേതാക്കളുമായി ആദ്യ ചര്‍ച്ചനടത്തി. ഇവരുടെ അഭിപ്രായങ്ങള്‍ കേട്ടശേഷം പ്ളാന്റേഷന്‍ അസോസിയേഷന്‍ ഭാരവാഹികളുമായി ചര്‍ച്ച ആരംഭിച്ചു. ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി എന്നിവയുടെ ഭാരവാഹികളാണു പങ്കെടുത്തത്. പ്ളാന്റേഷന്‍ അസോസിയേഷനെ പ്രതിനിധീകരിച്ചു ചെയര്‍മാന്‍ വിനയകുമാര്‍, സെക്രട്ടറി അജിത് എന്നിവരും പങ്കെടുത്തു.

തൊഴില്‍മന്ത്രിയുമായുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്കുശേഷം മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ വീണ്ടും ഇരു വിഭാഗവുമായി ചര്‍ച്ച നടത്തി. എന്നാല്‍, മാനേജ്മെന്റും ട്രേഡ് യൂണിയനുകളും തങ്ങളുടെ ആദ്യനിലപാടില്‍ത്തന്നെ ഉറച്ചുനിന്നതോടെ ചര്‍ച്ചയില്‍ പുരോഗതി ഉണ്ടായില്ല. ഇതോടെ ഉച്ചകഴിഞ്ഞ് ഒന്നരയോടെ ചര്‍ച്ച നിര്‍ത്തിവച്ചു.

ഉച്ചകഴിഞ്ഞ് മൂന്നിനു വീണ്ടും തൊഴില്‍മന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച ആരംഭിച്ചു. ട്രേഡ് യൂണിയന്‍ നേതാക്കളെയും മാനേജ്മെന്റ് പ്രതിനിധികളെയും വെവ്വേറെ മുഖ്യമന്ത്രി വിളിപ്പിച്ചു. ഇരുകൂട്ടരുമായി മുഖ്യമന്ത്രി അരമണിക്കൂറോളം ചര്‍ച്ച നടത്തി. തുടര്‍ന്ന് ഇരുവിഭാഗത്തെയും ഒരുമിച്ചിരുത്തി മന്ത്രിമാരായ രമേശ് ചെന്നിത്തല, ആര്യാടന്‍ മുഹമ്മദ്, ഷിബു ബേബിജോണ്‍ എന്നിവര്‍ ചേര്‍ന്നു ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയ്ക്കുശേഷം മുഖ്യമന്ത്രി നേരിട്ടെത്തി കൂട്ടായ ചര്‍ച്ച നടത്തിയെങ്കിലും നിലപാടുകളില്‍നിന്നു പിന്നോട്ടില്ലെന്ന് ഇരുകൂട്ടരും വ്യക്തമാക്കിയതോടെ ചര്‍ച്ച പരാജയത്തിലേക്കുനീങ്ങി. ജോയ്സ് ജോര്‍ജ് എംപിയും യോഗത്തില്‍ പങ്കെടുത്തു.


പ്ളാന്റേഷന്‍ സ്റഡി കമ്മിറ്റി നല്കിയ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വരുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തശേഷം ബുധനാഴ്ച ഉച്ചകഴിഞ്ഞ് പ്ളാന്റേഷന്‍ ലേബര്‍ കമ്മിറ്റി വീണ്ടും ചേരാമെന്നു മുഖ്യമന്ത്രി അറിയിച്ചതായി മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. ഇരുവിഭാഗങ്ങള്‍ക്കും കാര്യങ്ങള്‍ ബോധ്യമായെന്നും ബുധനാഴ്ച നടക്കുന്ന യോഗത്തില്‍ അന്തിമതീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച ഉച്ചകഴിഞ്ഞു രണ്ടിനു തിരുവനന്തപുരത്താണു യോഗം ചേരുക.

ഇന്നലത്തെ യോഗത്തില്‍ തങ്ങളുടെ നിലപാട് സര്‍ക്കാരിനെ അറിയിച്ചതായി ഐഎന്‍ടിയുസി നേതാവ് എ.കെ. മണിയും സിഐടിയു നേതാവ് കെ.കെ. ജയചന്ദ്രന്‍ എംഎല്‍എയും അറിയിച്ചു. ബുധനാഴ്ച നടക്കുന്ന പിഎല്‍സി യോഗത്തില്‍ അന്തിമ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നും ഇരുവരും പറഞ്ഞു. എന്നാല്‍, ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ലെന്നും തൊഴിലാളികള്‍ക്കു ശമ്പളവര്‍ധന ഉണ്ടായാല്‍ മാത്രമേ ചര്‍ച്ച വിജയകരമായി എന്നു പറയാന്‍ സാധിക്കുകയുള്ളൂവെന്ന് ഇ.എസ്. ബിജിമോള്‍ എംഎല്‍എ പറഞ്ഞു. കാലാകാലങ്ങളില്‍ പിഎല്‍സി യോഗങ്ങള്‍ ചേര്‍ന്നാണ് ശമ്പളവര്‍ധന നല്കുന്നതെന്നും സമരത്തിന്റെ പേരില്‍ 500 രൂപയായി ശമ്പളം വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്നും അസോസിയേഷന്‍ ഓഫ് പ്ളാന്റേഴ്സ് ചെയര്‍മാന്‍ വിനയകുമാരന്‍ പറഞ്ഞു.

മൂന്നാറിലെ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ പിഎല്‍സി യോഗത്തിനു മുമ്പായി ഇന്നലെ രാവിലെ ക്ളിഫ്ഹൌസിലെത്തി മുഖ്യമന്ത്രിയെ കണ്ടു. പ്രത്യേക പാക്കേജ് അനുവദിക്കാമെന്ന് അദ്ദേഹം നല്‍കിയ ഉറപ്പിനെത്തുടര്‍ന്ന് ഇവര്‍ മടങ്ങി.

നാളത്തെ യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ സമരം തലസ്ഥാനത്തേക്കു വ്യാപിപ്പിക്കുമെന്നാണു പൊമ്പിളൈ ഒരു മൈക്കാരുടെ മുന്നറിയിപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.