കേരള റേഷന്‍ ഹോള്‍സെയില്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന്റെ വാദങ്ങള്‍ വാസ്തവവിരുദ്ധം: സപ്ളൈകോ
കേരള റേഷന്‍ ഹോള്‍സെയില്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന്റെ വാദങ്ങള്‍ വാസ്തവവിരുദ്ധം: സപ്ളൈകോ
Tuesday, October 6, 2015 12:57 AM IST
കൊച്ചി: പൊതുവിതരണത്തിനായുള്ള ഭക്ഷ്യധാന്യങ്ങളുടെ സ്റോക്ക് എടുപ്പും വിതരണവും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത വിധം റേഷന്‍ മൊത്ത വ്യാപാരികള്‍ക്കെതിരേ സപ്ളൈകോ മാനേജിംഗ് ഡയറക്ടര്‍ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്ന കേരള റേഷന്‍ ഹോള്‍സെയില്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന്റെ വാദം തെറ്റാണെന്ന് സപ്ളൈകോ മാനേജിംഗ് ഡയറക്ടര്‍ എ.ടി. ജയിംസ് അറിയിച്ചു.

പൊതുവിതരണത്തിനായി നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ പൊതുജനങ്ങളിലെത്തുന്നതിനിടയില്‍ വന്‍ചോര്‍ച്ച കണ്െടത്തിയതിനെത്തുടര്‍ന്ന് ഇതു തടയാനായി നിലവിലുള്ള നിയമങ്ങള്‍ നടപ്പിലാക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. മുഴുവന്‍ റേഷന്‍ മൊത്തവിതരണ ഡിപ്പോകളും ഏറ്റെടുത്ത് അവയുടെ പ്രവര്‍ത്തനം ഭക്ഷ്യവകുപ്പിന്റെയോ അനുബന്ധ സര്‍ക്കാര്‍ ഏജന്‍സിയുടെയോ കീഴിലാക്കണമെന്നത് ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള നിര്‍ദേശമാണ്. 2011ലെ സൂപ്രീം കോടതി വിധിപ്രകാരം ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിനായി പൊതുവിതരണ സമ്പ്രദായം കമ്പ്യുട്ടര്‍വത്കരിക്കുന്നതിന്റെ ഭാഗമായി വരുത്തേണ്ട കാതലായ മാറ്റങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ മാത്രമാണ് സപ്ളൈകോ നല്കിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി റേഷന്‍ കടകളിലേക്കുള്ള ഭക്ഷ്യസാധനങ്ങളുടെ നേരിട്ടുള്ള വിതരണം സപ്ളൈകോ ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇടനിലക്കാരെ ഒഴിവാക്കാനും കരിഞ്ചന്തയും ഭക്ഷ്യവസ്തുക്കളുടെ വകമാറ്റലും ഒഴിവാക്കാനുമാണ് ഈ നടപടികള്‍ ആരംഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.


മില്ലുകളില്‍ നിന്ന് സ്റോക്കെടുക്കുന്നതിനുള്ള സമയക്രമത്തെച്ചൊല്ലിയാണു ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന്റെ മറ്റൊരാരോപണം. പൊതുവിതരണ ശൃംഖലയിലുള്‍പ്പെട്ട അരി വിതരണം ചെയ്യുന്നത് എഫ്സിഐ, മറ്റു സര്‍ക്കാര്‍ അംഗീകൃത ഗോഡൌണുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ്. ഇതിന് സര്‍ക്കാര്‍ നിര്‍ദേശിച്ച സമയക്രമം രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ്. ഇതു പാലിക്കാന്‍ നിര്‍ദേശിക്കുക മാത്രമാണ് സപ്ളൈകോ അധികൃതര്‍ ചെയ്യുന്നത്. അരിയുടെ ഗുണനിലവാരം പരിശോധിക്കാന്‍ യോഗ്യതയില്ലാത്തവരെ നിയോഗിച്ചുവെന്നതും വാസ്തവവിരുദ്ധമാണ്. പബ്ളിക് സര്‍വീസ് കമ്മീഷന്‍ വഴി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് അരിയുടെ ഗുണനിലവാരം ഉറപ്പാക്കുന്നത്.

എറണാകുളം ജില്ലയില്‍ മാത്രമുള്ള 37 മില്ലുകള്‍ പരിശോധിക്കാന്‍ രണ്ടു ടീമുകളിലായി ആറ് ഉദ്യോഗസ്ഥരാണുള്ളത്. ഗുണനിലവാര പരിശോധനയും അരിമില്ലുകളില്‍ നിന്നു വിട്ടെടുപ്പ് സമയത്ത് മേല്‍നോട്ടവും നടത്തുന്ന ഇവരുടെ ജോലി സുഗമമാക്കാന്‍ വാഹനസൌകര്യം കൂടിയേ തീരൂ. ഇവര്‍ വാഹനം ദുരുപയോഗം ചെയ്യുന്നുവെന്ന പ്രചാരണം ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുകയും പരിശോധന അട്ടിമറിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യം മാത്രം വച്ചുള്ളതാണെന്നും അദ്ദേഹം വിശദീകരണ കുറിപ്പില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.