വാളകം കേസന്വേഷണം അവസാനിപ്പിച്ചതിന് എതിരേയുള്ള ഹര്‍ജികള്‍ തള്ളി
Tuesday, October 6, 2015 12:58 AM IST
കൊച്ചി: വാളകം കേസില്‍ സിബിഐ അന്വേഷണം അവസാനിപ്പിച്ചതിനെതിരേ അധ്യാപകന്‍ കൃഷ്ണകുമാറും ഭാര്യ ഗീതയും നല്‍കിയ ഹര്‍ജികള്‍ എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി തള്ളി. അന്വേഷണം അവസാനിപ്പിച്ച് സിബിഐ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്ന 46 രേഖകള്‍ ഹാജരാക്കിയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ അന്തിമ റിപ്പോര്‍ട്ട് തള്ളണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

ഈ രേഖകളുടെ പകര്‍പ്പ് ഹര്‍ജിക്കാര്‍ക്ക് നല്‍കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സിബിഐ അന്വേഷണം അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ പരിശോധിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് അവകാശമില്ലെന്നും വീണ്ടും അന്വേഷിക്കണമെങ്കിലും അതിനുള്ള കാരണങ്ങള്‍ ഹര്‍ജിക്കാര്‍ പറയേണ്ടതുണ്െടന്നും സിബിഐ വാദത്തിനിടെ വ്യക്തമാക്കിയിരുന്നു. ഇരുഭാഗം വാദവും കേട്ട കോടതി അന്വേഷണവുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ ഹാജരാക്കാന്‍ സിബിഐക്കു നിര്‍ദേശം നല്‍കി. ഹര്‍ജിക്കാര്‍ക്ക് സിബിഐ അന്വേഷണം അവസാനിപ്പിച്ച നടപടിയില്‍ എതിര്‍പ്പുണ്െടങ്കില്‍ 15 ദിവസത്തിനകം കോടതിയെ സമീപിക്കാമെന്നാണു മജിസ്ട്രേറ്റ് കെ. കമനീസിന്റെ ഉത്തരവിലുള്ളത്.


2011 സെപ്റ്റംബര്‍ 27ന് രാത്രിയിലാണ് വാളകം രാമവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനായിരുന്ന കൃഷ്ണകുമാറിനെ ഗുരുതര പരിക്കുകളോടെ വാളകം എംഎല്‍എ ജംഗ്ഷനില്‍ കണ്െടത്തിയത്. അധ്യാപകന് വാഹനാപകടത്തിലാണ് പരിക്കേറ്റതെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.