30 ആര്‍എംഎസ്എ സ്കൂളുകളിലേക്ക് 197 താത്കാലിക തസ്തികകള്‍ അനുവദിച്ചു
Tuesday, October 6, 2015 12:59 AM IST
തിരുവനന്തപുരം: ആര്‍എംഎസ്എ (രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍) പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹൈസ്കൂളുകളായി അപ്ഗ്രേഡ് ചെയ്യാനുള്ള ശിപാര്‍ശയ്ക്കു വിഭവശേഷി വികസന മന്ത്രികാര്യാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടില്ലാത്ത 30 സ്കൂളുകളിലേക്കാവശ്യമായ 94 തസ്തികകള്‍ സൃഷ്ടിച്ച ഉത്തരവില്‍ ഭേദഗതി വരുത്തി 103 തസ്തികകള്‍ കൂടി താത്കാലികമായി സൃഷ്ടിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു.

ആര്‍എംഎസ്എ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ അനുവാദം ലഭിക്കാത്ത ഇടുക്കി, വയനാട്, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ് തുടങ്ങിയ ജില്ലകളിലെ 30 സ്കൂളുകളിലേക്ക് 94 വിവിധ തസ്തികകള്‍ സൃഷ്ടിക്കാന്‍ 2013-ല്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. എന്നാല്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഈ സ്കൂളുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് വിവിധ കാറ്റഗറികളിലായി 197 തസ്തികകള്‍ ആവശ്യമാണെന്നും ആയതിനാല്‍ 94 തസ്തികകള്‍ക്കു പുറമെ 103 തസ്തികകള്‍ കൂടി അധികമായി സൃഷ്ടിക്കണമെന്നും ഇതിനാവശ്യമായി വരുന്ന സാമ്പത്തിക ബാധ്യത 6,75,29,272 രൂപ മാത്രമാകണമെന്നും സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി.


പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഈ വിഷയം സമഗ്രമായി പരിശോധിക്കുകയും 94 തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുവാദം നല്‍കിയ ഉത്തരവ് ഭേദഗതി വരുത്തി 197 തസ്തികകള്‍ താത്കാലികമായി സൃഷ്ടിക്കുന്നതിന് അനുമതി നല്‍കി 03.10.2015ല്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇപ്രകാരം സൃഷ്ടിക്കപ്പെടുന്ന തസ്തികകളിലേക്ക് നിലവില്‍ അധികമായി കണ്െടത്തിയിട്ടുള്ള അധ്യാപക-അനധ്യാപകരില്‍ നിന്നോ അവരുടെ അഭാവത്തില്‍ പിഎസ്സി മുഖേനയോ നിയമനം നടത്തണം.

പ്രസ്തുത തസ്തികകളുടെ തുടര്‍ച്ചാനുമതിക്കായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഈ സ്കൂളുകളിലെ കുട്ടികളുടെ എണ്ണം ഓരോ വര്‍ഷവും കണക്കെടുത്ത് ആവശ്യമായ തസ്തികകളുടെ എണ്ണം നിര്‍ണയിക്കാനായി സര്‍ക്കാരിലേക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണെന്ന് ഉത്തരവില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.