ഭിന്നത മറന്ന് ഐക്യസന്ദേശവുമായി കോണ്‍ഗ്രസ് നേതാക്കള്‍
ഭിന്നത മറന്ന് ഐക്യസന്ദേശവുമായി കോണ്‍ഗ്രസ് നേതാക്കള്‍
Tuesday, October 6, 2015 12:42 AM IST
സാബു ജോണ്‍

തിരുവനന്തപുരം: ഭിന്നിച്ചുനിന്ന കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ഇന്നലെ കെപിസിസി ഓഫീസില്‍ ഒരുമിച്ചിരുന്ന് തെരഞ്ഞെടുപ്പ് ആലോചനകള്‍ നടത്തിയതിലൂടെ ഐക്യത്തിന്റെ സന്ദേശമാണ് താഴേത്തട്ടിലേക്കു നല്‍കിയത്.

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ക്കു രൂപംനല്‍കാനാണു കോണ്‍ഗ്രസ് നേതാക്കള്‍ ഒരുമിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ആദ്യമായാണു സംസ്ഥാന കോണ്‍ഗ്രസിലെ പ്രമുഖരായ ഈ മൂന്നു നേതാക്കള്‍ ഒത്തുകൂടിയത്. കോണ്‍ഗ്രസ് പുനഃസംഘടനയുടെയും കണ്‍സ്യൂമര്‍ഫെഡ് വിഷയത്തിന്റെ പേരില്‍ രൂപപ്പെട്ട അഭിപ്രായവ്യത്യാസം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘര്‍ഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു.

ഇന്ന് എറണാകുളത്ത് യുഡിഎഫ് കണ്‍വന്‍ഷന്‍ നടക്കാനിരിക്കെയാണ് കോണ്‍ഗ്രസില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുകൊണ്ടു നേതാക്കള്‍ ഒരുമിച്ചതും യോജിച്ചു പ്രവര്‍ത്തിക്കുമെന്നു പ്രഖ്യാപിച്ചതും. ഇന്നും നാളെയും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി യുഡിഎഫ് നേതാക്കളുടെ യോഗം ചേരുന്നുണ്ട്. കഴിഞ്ഞ മാസം നടന്ന യുഡിഎഫ് യോഗത്തില്‍ ഘടകകക്ഷികള്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിക്കെതിരേ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് യുഡിഎഫ് യോഗം ചേരുന്നതിനു മുമ്പുതന്നെ നേതാക്കള്‍ അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി നീങ്ങുമെന്ന സന്ദേശം നല്‍കിയത്.

യുഡിഎഫിന്റെ കെട്ടുറപ്പിന് കോണ്‍ഗ്രസിന്റെ നേതൃതലത്തിലെ യോജിപ്പ് അനിവാര്യമായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഭിന്നിച്ചു നില്‍ക്കുന്നതു ഘടകകക്ഷികളുടെ വിലപേശല്‍ ശേഷി വര്‍ധിപ്പിക്കുമെന്നും നേതാക്കള്‍ക്കു ബോധ്യമുണ്ടായിരുന്നു.

യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം പരമാവധി മുതലെടുക്കുന്നതിനുള്ള ശ്രമമാണു കോണ്‍ഗ്രസ് നടത്തുന്നത്. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ഭരണത്തിലിരിക്കുന്ന പരിമിതിയില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടാമെന്ന ആത്മവിശ്വാസം ഇപ്പോള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. അതുകൊണ്ടു തന്നെ സീറ്റ് വിഭജനത്തിലുള്‍പ്പെടെ ഐക്യ അന്തരീക്ഷം തകര്‍ക്കുന്ന നടപടികളുണ്ടാകരുതെന്നും നേതാക്കള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്. വലിയ അവകാശവാദങ്ങളുമായി ഘടകകക്ഷികള്‍ രംഗത്തുവന്നിട്ടുണ്െടങ്കിലും കാര്യമായ പ്രശ്നങ്ങളില്ലാതെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമാണു നേതാക്കള്‍ പ്രകടിപ്പിക്കുന്നത്.

ബിജെപി-എസ്എന്‍ഡിപി ബന്ധത്തോടുള്ള സമീപനം എന്തായിരിക്കണമെന്ന കാര്യത്തിലും നേതാക്കള്‍ക്കിടയില്‍ ധാരണ ഉണ്ടായിട്ടുണ്ട്. വര്‍ഗീയത ഉയര്‍ത്തിക്കാട്ടി ബിജെപിക്കെതിരേ ശക്തമായ വിമര്‍ശനം അഴിച്ചുവിടാനാണു തീരുമാനം. എന്നാല്‍, എസ്എന്‍ഡിപിയെയോ വെള്ളാപ്പള്ളി നടേശനെയോ നേരിട്ട് ആക്രമിക്കേണ്െടന്നാണു തീരുമാനം. പേരെടുത്തു വിമര്‍ശിച്ച് അവര്‍ക്ക് അനാവശ്യമായ പ്രാധാന്യം കൊടുക്കേണ്െടന്നാണു തീരുമാനം.


എസ്എന്‍ഡിപി ബിജെപിയുമായി ധാരണയിലെത്തുന്നതു വഴി കോണ്‍ഗ്രസിനും ചെറിയ തോതില്‍ നഷ്ടമുണ്ടാകുമെന്ന ബോധ്യം നേതാക്കള്‍ക്കുണ്ട്. എന്നാല്‍, സിപിഎമ്മുമായി താരതമ്യം ചെയ്യുമ്പോള്‍ യുഡിഎഫിന്റെ നഷ്ടം ലഘുവായിരിക്കും. ഏതായാലും ബിജെപിക്കെതിരായ ആക്രമണം ശക്തമാക്കാനാണു തീരുമാനം. ചര്‍ച്ചയ്ക്കുശേഷം പുറത്തുവന്ന മൂന്നു നേതാക്കളും മാധ്യമങ്ങള്‍ക്കു മുമ്പാകെ ബിജെപിക്കെതിരായ ആക്രമണം തന്നെയാണു നടത്തിയത്.

ഇന്ന് എറണാകുളത്തു സംസ്ഥാനതല കണ്‍വന്‍ഷന്‍ നടത്തുന്നതോടെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിക്കുകയാണ്. നാളെ തിരുവനന്തപുരത്ത് യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്കു രൂപം നല്‍കും. ഒപ്പം സീറ്റ് വിഭജനം സംബന്ധിച്ച പൊതു മാനദണ്ഡങ്ങള്‍ക്കും രൂപം നല്‍കും. ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളും ഇന്നും നാളെയുമായി നടത്തും.

സിറ്റിംഗ് സീറ്റുകള്‍ അതതു കക്ഷികള്‍ക്കു വിട്ടുനല്‍കുക എന്ന പൊതുതത്വമാണു കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. അപ്പോഴും മുന്നണിയിലേക്കു പുതുതായി എത്തിയ ആര്‍എസ്പിക്കു സീറ്റുകള്‍ കണ്െടത്തേണ്ടിവരും. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലായിരിക്കും പ്രധാനമായി ആര്‍എസ്പിക്കു സീറ്റുകള്‍ നല്‍കേണ്ടി വരുക.

കേരള കോണ്‍ഗ്രസ്-ബി മുന്നണിവിട്ട സാഹചര്യത്തില്‍ കൊല്ലത്ത് അവര്‍ മത്സരിച്ച സീറ്റുകള്‍ അധികമായി ലഭിക്കും. ജെഎസ്എസും സിഎംപിയും പിളര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ തവണ നല്‍കിയ അത്രയും സീറ്റുകള്‍ അവര്‍ക്കു നല്‍കേണ്ടി വരില്ല. ജെഡി-യു ഇടഞ്ഞുനില്‍ക്കുകയാണ്. കഴിഞ്ഞ തവണ തങ്ങളോടു മുന്നണിനേതൃത്വം നീതി കാട്ടിയില്ലെന്ന പരാതി അവര്‍ നേരത്തേ തന്നെ ഉന്നയിച്ചതാണ്. മലബാറില്‍ അവര്‍ക്കും കൂടുതല്‍ സീറ്റുകള്‍ നല്‍കേണ്ടി വരും. കോട്ടയം, ഇടുക്കി ജില്ലകളില്‍ കേരള കോണ്‍ഗ്രസും മലപ്പുറത്ത് മുസ്ലിം ലീഗും കോണ്‍ഗ്രസുമായി പല പഞ്ചായത്ത് സ്ഥാപനങ്ങളിലും സൌഹൃദമത്സരം നടത്തിയിരുന്നു. ഈ പ്രശ്നവും ഇത്തവണ ഒഴിവാക്കേണ്ടിവരും.

ഇതൊക്കെയാണെങ്കിലും സീറ്റ് വിഭജനം കാര്യമായ കല്ലുകടിയില്ലാതെ പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയാണു കോണ്‍ഗ്രസ് നേതൃത്വം പ്രകടിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.