യുഡിഎഫ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി
Tuesday, October 6, 2015 12:42 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിച്ച് ഇന്നു കൊച്ചിയില്‍ വിപുലമായ നേതൃസമ്മേളനം. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നും യുഡിഎഫ് ഭാരവാഹികളും ജനപ്രതിനിധികളും അടക്കം രണ്ടായിരത്തില്‍പ്പരംപേര്‍ സംബന്ധിക്കുന്ന വിപുലമായ കണ്‍വന്‍ഷനില്‍ തെരഞ്ഞെടുപ്പു പ്രകടനപത്രിക പുറത്തിറക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാടിന്റെ പുരോഗതി, അഴിമതിരഹിത ഭരണം തുടങ്ങിയവയ്ക്കു മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ളതായിരിക്കും പ്രകടനപത്രിക.

മുന്നണി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തേക്കു പോവുകയാണ്. അങ്ങിങ്ങ് ഒറ്റതിരിഞ്ഞ് ഉണ്ടാകുന്ന പ്രശ്നങ്ങളെ സാമാന്യവത്കരിച്ചു കാണുന്നതില്‍ കാര്യമില്ല. മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ്-ലീഗ് ബന്ധത്തില്‍ ഉണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്നത്തെ കണ്‍വന്‍ഷനുശേഷം കൊച്ചിയില്‍ ബന്ധപ്പെട്ടവരുടെ യോഗം ചേരും. ഉച്ചകഴിഞ്ഞു മൂന്നിനാണ് യോഗം. സീറ്റ് വിഭജനം സംബന്ധിച്ച ഫോര്‍മുല രൂപപ്പെടുത്തുന്നതിനായി നാളെ തിരുവനന്തപുരത്ത് കക്ഷിനേതാക്കളുടെ യോഗവും ചേരും. നാളെ വൈകുന്നേരം നാലിനാണ് യോഗം.

കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം ഇക്കുറി ഉണ്ടാകുമെന്നാണു കരുതുന്നതെന്ന് പി.പി. തങ്കച്ചന്‍ പറഞ്ഞു. വിജയസാധ്യതയാണു സ്ഥാനാര്‍ഥിനിര്‍ണയത്തിലെ ഏറ്റവും പ്രധാന ഘടകം. കേരളത്തിന്റെ സാമൂഹ്യഘടന ഉള്‍ക്കൊണ്ടുകൊണ്ടുള്ളതാവും സ്ഥാനാര്‍ഥി നിര്‍ണയം. ജാതി-മത പരിഗണനകള്‍ക്ക് അതില്‍ കവിഞ്ഞ പ്രാധാന്യം ഉണ്ടാവില്ല. കോര്‍പറേഷനുകള്‍ അടക്കം എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും അധ്യക്ഷന്മാരെ തെരഞ്ഞെടുപ്പിനുശേഷം മാത്രമേ നിശ്ചയിക്കുകയുള്ളൂ. മുന്‍കൂട്ടി ആരെയെങ്കിലും നിശ്ചയിച്ചിട്ടു തെരഞ്ഞെടുപ്പിലേക്ക് പോകുന്നതു യുഡിഎഫിന്റെ രീതി അല്ല. ആരെങ്കിലും അതല്ലാത്ത ചര്‍ച്ചകള്‍ക്കു മാധ്യമങ്ങള്‍ വഴി തുടക്കമിടുന്നുണ്െടങ്കില്‍ തങ്ങള്‍ ഉത്തരവാദികളല്ല. ഒരു കോര്‍പറേഷന്‍ അധ്യക്ഷ സ്ഥാനത്തിന്റെ കാര്യത്തിലും ധാരണയില്‍ എത്തുകയോ ചര്‍ച്ചകള്‍ നടത്തുകയോ ചെയ്തിട്ടില്ല.

വി.ഡി. സതീശന്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതെന്ന് തങ്കച്ചന്‍ പറഞ്ഞു. അഴിമതി ആരോപണത്തിന് ഇരയായവര്‍ക്കും കൂറുമാറ്റം നടത്തിയവര്‍ക്കും മത്സരിക്കാന്‍ അവസരം ഉണ്ടാകില്ല, ഭാര്യയും ഭര്‍ത്താവും മാറി മാറി മത്സരിക്കുക തുടങ്ങിയ പ്രവണതകള്‍ ഒന്നും അംഗീകരിക്കില്ല.


തെരഞ്ഞെടുപ്പിനു മുന്നോടിയായി തങ്ങള്‍ താഴേത്തട്ട് മുതല്‍ വിപുലുമായ വിലയിരുത്തല്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു. എല്ലാ ഇടങ്ങളിലും യുഡിഎഫിന്റെ ജനസ്വാധീനം വര്‍ധിച്ചുവരുകയാണ്. എല്‍ഡിഎഫ് നടത്തിയിട്ടുള്ള സമരങ്ങളൊന്നിനും ജനസമ്മതി ആര്‍ജിക്കാന്‍ സാധിച്ചില്ലെന്നതുതന്നെ ഇക്കാര്യം വ്യക്തമാക്കുന്നു. സര്‍ക്കാര്‍ പ്രകടനപത്രികയില്‍ പറഞ്ഞ ഒരു കാര്യം പോലും വിവാദങ്ങളുടെ പേരില്‍ ചെയ്യാതെ പോയിട്ടില്ല. ജനങ്ങള്‍ ആഗ്രഹിച്ച കാര്യങ്ങളെല്ലാം ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപൊയ്ക്കൊണ്ടിരിക്കുന്ന സര്‍ക്കാരിന്റെ ജനസമ്മതി വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ വര്‍ധിച്ചിട്ടുണ്ട്. അരുവിക്കരയില്‍ സര്‍ക്കാരിനെതിരേ സോളാര്‍ അടക്കം കൊണ്ടുവന്ന ഒരു ആരോപണം പോലും ക്ളച്ച് പിടിച്ചില്ല. വിപുലമായ വികസന പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ നടത്തിയത്. ഇതെല്ലാം മുന്‍നിര്‍ത്തി പരിശോധിക്കുമ്പോള്‍ മൊത്തത്തില്‍ യുഡിഎഫിന് അനുകൂലമായ കാലാവസ്ഥയാണുള്ളതെന്നാണു കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗം വിലയിരുത്തിയത്.

എറണാകുളം ടൌണ്‍ ഹാളില്‍ ഇന്നു രാവിലെ 10നു ചേരുന്ന നേതൃസമ്മേളനം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിക്കും. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട്ട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകടനപത്രിക പ്രകാശനം ചെയ്യും. കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍, മന്ത്രിമാരായ കെ.എം. മാണി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, വിവിധ കക്ഷി നേതാക്കളായ എം.പി. വീരേന്ദ്രകുമാര്‍, എ.എ. അസീസ്, ജോണി നെല്ലൂര്‍, സി.പി. ജോണ്‍, എ.എന്‍. രാജന്‍ ബാബു തുടങ്ങിയവര്‍ സംബന്ധിക്കും. യുഡിഎഫ് എറണാകുളം ജില്ല ചെയര്‍മാന്‍ എം.ഒ. ജോണും ജില്ല കണ്‍വീനര്‍ എം.എം. ഫ്രാന്‍സിസും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.